കൊച്ചി: വിവാദമായ ലഹരികടത്തു കേസിൽ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്ത വിദേശ ഇനം നായ്ക്കളെ സൂക്ഷിച്ച് തലവേദനയിലായിരിക്കുകയാണ് മരട് സ്വദേശിനിയായ മൃഗ സംരക്ഷണ പ്രവർത്തക. മരട് പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന സചിത്രാ സോമൻ എന്ന മൃഗ സംരക്ഷണ പ്രവർത്തകയാണ് പുലിവാലു പിടിച്ചിരിക്കുന്നത്. ലഹരിക്കടത്ത് സംഘത്തിനൊപ്പമുണ്ടായിരുന്ന കാനേ കോർസ എന്ന ഇനത്തിൽപെട്ട രണ്ട് നായ്ക്കളെ എക്സൈസിന്റെ നിർദ്ദേശ പ്രകാരമാണ് സചിത്ര സൂക്ഷിച്ചത്. പ്രതികളിൽ ഒരാളുമായി അടുത്ത ബന്ധമുള്ള മട്ടാഞ്ചേരി സ്വദേശിനിയായ സുസ്മിത എന്ന യുവതിയാണ് നായ്ക്കളെ ഇവിടെ എത്തിച്ചത്. രണ്ടു ദിവസത്തിനകം കൊണ്ടു പോകും എന്ന് പറഞ്ഞാണ് എത്തിച്ചതെങ്കിലും 17 ദിവസങ്ങൾ പിന്നിട്ടിട്ടും ഇവർ നായ്ക്കളെ തിരികെ കൊണ്ടു പോയിട്ടില്ല.

കഴിഞ്ഞ 19 നാണ് എക്സൈസ് ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തി സചിത്രയെ ഒരാൾ ഫോണിൽ ബന്ധപ്പെടുന്നത്. മൂന്നു നായകളെ രണ്ടു ദിവസത്തേയ്ക്കു നോക്കാമോ എന്നു ചോദിച്ചു. ഓണത്തിന്റെ അവധി ആയിരുന്നതിനാൽ കെയർ ഹോമുകാർ നായയെ സ്വീകരിക്കാൻ തയാറാകുന്നില്ലെന്നും പറഞ്ഞു. ഫോൺ ടീച്ചർ എന്നു പരിചയപ്പെടുത്തിയ മറ്റൊരു സ്ത്രീക്കു കൈമാറി. രണ്ടു ദിവസത്തേയ്ക്ക് എന്നു പറഞ്ഞതിനാൽ എതിർത്തില്ല. പക്ഷെ അപകടകാരിയായ റോട്ട്വീലർ ഇനത്തിൽ പെട്ട നായയെ നോക്കാനാവില്ലെന്നു പറഞ്ഞു. പിന്നാലെ സുസ്മിത രണ്ടു നായകളുമായി എത്തുകയും ഭക്ഷണം നൽകുന്നതിന് ആയിരം രൂപയും ഏൽപിച്ചു.

രണ്ടു ദിവസമെന്ന് പറഞ്ഞ് പോയ സുസ്മിത ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെ വന്നില്ല. ഇതിനിടെ നായയെ മൃഗസംരക്ഷണ വകുപ്പിനെ ഏൽപിക്കണമായിരുന്നെന്നും തൊണ്ടിമുതലായി കണ്ടു കെട്ടണമെന്നെല്ലാം വാർത്ത വന്നു. നായയെ ഏൽപിച്ച സ്ത്രീ ചോദ്യം ചെയ്യലിനു ഹാജരായെന്നും ഇവർക്ക് കേസുമായി ബന്ധമുണ്ടാകാമെന്നുമെല്ലാം പ്രചരിച്ചതോടെ ആശങ്കയിലായി. ഇവരെ വിളിച്ചെങ്കിലും ഫോണെടുക്കാതായതോടെ സചിത്ര ഭയപ്പെട്ടു തുടങ്ങി. ഇതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ വിളിച്ച് എന്തെങ്കിലും പ്രശ്നമാകുമോ എന്നു ചോദിച്ചു. കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കു ശേഷം സുസ്മിത വീണ്ടും വിളിച്ച് ഉടനെ വരാമെന്നു പറഞ്ഞ് കുറച്ചു പണം കൂടി നൽകി.

ഒരു തവണ നായകളെ കൊണ്ടുപോകാനെന്നു പറഞ്ഞു ടാക്സിയുമായി വന്നെങ്കിലും എന്തോ അത്യാവശ്യം വന്നെന്നു പറഞ്ഞു തിരിച്ചു പോയി. പിന്നെ വിളിച്ചിട്ട് ഇന്നലെ വരെയും ഫോണെടുത്തില്ല. ഒടുവിൽ നോക്കുന്നതിനു ഭക്ഷണം കൊടുക്കാനുള്ള പണമെങ്കിലും തന്നില്ലെങ്കിൽ നായയകളെ വിട്ടു തരില്ലെന്നു പറഞ്ഞതോടെ ഇന്നലെ വീണ്ടും വരാമെന്നു പറഞ്ഞു വിളിച്ചു. പക്ഷെ ഇതുവരെയും ഇവർ നായകളെ കൊണ്ടു പോകാനായി വന്നിട്ടില്ല. ഇനിയും നായ്ക്കളെ കൈവശം സൂക്ഷിക്കുന്നത് കേസിലേയ്ക്കു തന്നെക്കൂടി വലിച്ചിഴയ്ക്കുന്നതിന് ഇടയാക്കുമോ എന്നതാണ് ഇവരെ പേടിപ്പെടുത്തുന്നത്.

മരടിൽ സചിത്ര താമസിക്കുന്ന വീട് അപകടത്തിലും മറ്റും പരുക്കേൽക്കുന്ന നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള രക്ഷാ കേന്ദ്രമാണ്. ഇപ്പോൾ 45ൽ ഏറെ പൂച്ചകളും പത്തോളം നായ്ക്കളുമുണ്ട്. എല്ലാവരും പുരയിടത്തിൽ സ്വതന്ത്രർ. പക്ഷെ പുതിയതായി എത്തിയ അതിഥികളെ അഴിച്ചു വിടാൻ സാധിക്കുന്നില്ല. അത്ര പരിചിതമല്ലാത്ത സാഹചര്യത്തിലേയ്ക്കു കൊണ്ടുവന്ന കാനെ കോർസ ഇനത്തിൽ പെട്ട നായ്ക്കൾ പൂച്ചകളെ ഉപദ്രവിക്കുന്നു എന്നതിനാലാണ് കൂട്ടിലാക്കേണ്ടി വന്നിരിക്കുന്നത്. ദിവസവും ആഹാരം കൊടുക്കാൻ നല്ലൊരു തുകയും ചെലവാകുന്നുണ്ട്.

ലക്ഷങ്ങൾ വിലയേറിയ ഇനം നായകളാണ് തന്റെ സംരക്ഷണയിലുള്ളത് എന്ന് അറിയുന്നതു പോലും മാധ്യമങ്ങളിലൂടെയാണ് എന്ന് സചിത്ര പറഞ്ഞു. ഇത്രയും വിലയുള്ള നായ്ക്കളെ ആരെങ്കിലും വന്നു മോഷ്ടിച്ചു കൊണ്ടുപോകുമോ എന്ന ആശങ്ക ഒരു വശത്ത്. കേസിലെ തൊണ്ടി മുതൽ എന്ന നിലയിൽ കോടതി കയറേണ്ടി വരുമോ എന്ന ഭീതി മറുവശത്ത്. പിന്നെ പ്രതിദിനം ഭക്ഷണം നൽകാനുള്ള ചെലവും അതിനെ പൂട്ടിയിടേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകൾ വേറെയും. കൂടുതൽ നാൾ നോക്കേണ്ടി വന്നാൽ വിറ്റുകാശാക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ ഭക്ഷണം വാങ്ങുന്നതിന് കഴിഞ്ഞ ദിവസം അവർ പണമിട്ടു കൊടുത്തു.

എംഡിഎംഎയുമായി പിടിയിലായ പ്രതികളെ എക്സൈസ് ഉദ്യോഗസ്ഥർ കൊണ്ടുപോയെങ്കിലും ലക്ഷങ്ങൾ വിലവരുന്ന നായ്ക്കളെ വാഴക്കാലയിലെ ഇവർ താമസിച്ചിരുന്ന ഓയോ ഹോട്ടലിന് താഴെ ഭക്ഷണമൊ വെള്ളമോ നൽകാതെ കാറിൽ ഉപേക്ഷിച്ചു പോയതു വാർത്തയായിരുന്നു. തൊട്ടു പിന്നാലെയാണ് പ്രതികളുടെ ടീച്ചർ എന്ന് അവകാശപ്പെട്ട് എത്തിയ സുസ്മിത എന്ന സ്ത്രീ നായയെ ഏറ്റെടുക്കുന്നത്. പക്ഷെ ഇവർ നായയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനു പകരം സചിത്രയെ ഏൽപിക്കുകയായിരുന്നു.

നായകൾ പിടിയിലായ ലഹരി സംഘത്തിലെ ദമ്പതികളുടേതാണ് എന്നാണ് എക്സൈസ് പറഞ്ഞത്. ഭർത്താവ് ഭാര്യയ്ക്ക് സമ്മാനമായി നൽകിയതാണ് ഈ വിലയേറിയ ഇനം നായകളെ എന്നാണ് ചോദ്യംചെയ്യലിൽ പ്രതികൾ പറഞ്ഞത്. ഈ നായ്ക്കളെ കാറിൽ കൊണ്ടു നടന്നാണ് ലഹരികടത്തിയിരുന്നത്. നായ്ക്കളുണ്ടായിരുന്നതിനാൽ പല സ്ഥലങ്ങളിലും വാഹന പരിശോധനകളിൽ നിന്നും ഇവർ രക്ഷപെട്ടു പോകുകയായിരുന്നു. റോട്ട് വീലർ ഇനത്തിലെ നായയെ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.