- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മഴ പോലെ പെയ്തിറങ്ങി കറൻസി നോട്ടുകൾ'; ട്രക്കിൽനിന്നും റോഡിൽ ചിതറി വീണു; വാരിയെടുത്ത് യാത്രക്കാർ; വീഡിയോ വൈറൽ; ഗതാഗതം തടസപ്പെട്ടത് രണ്ട് മണിക്കൂറോളം
കാലിഫോർണിയ: യാത്രയ്ക്കിടെ ട്രക്കിൽ നിന്നും റോഡിൽ ചിതറി വീണ കറൻസി നോട്ടുകൾ കണ്ട് അമ്പരന്ന് യാത്രക്കാർ. പലരും വാഹനം നിർത്തി ഇറങ്ങി നോട്ടുകൾ ശേഖരിച്ചു. മറ്റുപലരും നോട്ടുകൾ വാരിയെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു. തെക്കൻ കാലിഫോർണിയയിലെ കാൾസ്ബാഡിലാണ് സംഭവം.
ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കിൽനിന്നാണ് നോട്ടുകൾ നിറച്ച ബാഗുകൾ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയിൽനിന്ന് കറൻസി നോട്ടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
ഓട്ടത്തിനിടയിൽ ട്രക്കിന്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നപോകുകയും നോട്ടുകൾ സൂക്ഷിച്ചിരുന്ന ബാഗുകൾ റോഡിൽ വീഴുകയായിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ നോട്ടുകൾ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ട്രക്കിൽനിന്ന് കറൻസി നോട്ടുകൾ ചിതറിവീണതിനെത്തുടർന്ന് ഫ്രീവേയിലെ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു.
എല്ലാവരും വാഹനം നിർത്തുകയും നോട്ടുകൾ വാരിയെടുക്കുകയും ചെയ്തുവെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തവർ പറഞ്ഞു. ഇതേത്തുടർന്ന് ഫ്രീവേയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പണം തിരികെ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേർ കറൻസി നോട്ടുകൾ തിരികെ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ജനങ്ങൾക്ക് ഒരുപാട് നോട്ടുകൾ ലഭിച്ചുവെന്നും പലരും അത് തിരിച്ചേൽപ്പിക്കുന്നുണ്ടെന്നും കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ പറഞ്ഞു.