- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കും; തുടർ പഠനത്തിനും ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നും കരിക്കുലം കമ്മിറ്റി; സംസ്ഥാനത്തെ സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന തീരുമാനവുമായി കരിക്കുലം കമ്മറ്റി. പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാൽ അത് വലിയ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മിറ്റിയുടെ നിലപാട്. തുടർ പഠനത്തിനും ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കും എന്നതും സിലബസ് വെട്ടിച്ചുരുക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കൂടുതൽ ക്ലാസുകൾ നടത്തുന്നതിനെക്കുറിച്ചും പാഠ്യസഹായം നൽകുന്നതിനെക്കുറിച്ചും വൽക്ക്ഷീറ്റുകൾ അടക്കമുള്ളവ വീടുകളിൽ എത്തിച്ചു നൽകുന്നതിനെക്കുറിച്ചും വിശദമായ ചർച്ചയാണ് ഇന്നത്തെ യോഗത്തിലുണ്ടായത്.
നിലവിലെ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്.സി.ഇ.ആർ.ടി.യുടെ ഡയക്ടറുടെ നേതൃത്വത്തിൽ സമിതിയെയെ ചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. സിലബസ് കുറയ്ക്കുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടർ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്‌നത്തിന് കാരണമാകും. ഇതിന് പുറമേ പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്കും തടസങ്ങളുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായി. ഇതോടെ പരമാവധി ഓൺലൈൻ ക്ലാസുകളിലൂടെ ഇത് മറികടക്കാനാണ് തീരുമാനം.
സാധാരണ സ്കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അരമണിക്കൂർ മാത്രമാണ് ഒരു സ്റ്റാൻഡേർഡിന് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീർക്കാൻ കഴിയില്ല. ഒന്നാം ടേമിൽ പഠിപ്പിച്ച് തീർക്കേണ്ട പാഠങ്ങളിൽ പകുതി പോലും ഇതുവരെ വിക്ടേഴ്സിലൂടെ പഠിപ്പിച്ച് തീർക്കാനായിട്ടില്ല.
സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് മലയാളം പുസ്കത്തിൽ ആദ്യ ടേമിൽ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ഇപ്പോൾ രണ്ടാമത്തെ പാഠമാണ് ഇപ്പോൾ വിക്ടേഴ്സ് ചാനലിലൂടെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് മൂന്ന് പാഠങ്ങളുള്ളതിൽ ഒന്ന് പോലും ഇതുവരെ പഠിപ്പിച്ച് തീർത്തിട്ടില്ല. ഇവി എസ് ആദ്യ ടേമിൽ ആറ് പാഠങ്ങൾ ഉള്ളതിൽ രണ്ടാമത്തെ പാഠം ആരംഭിച്ചിട്ടേയുള്ളു. കണക്കിന് നാല് പാഠങ്ങളാണ് ആദ്യ ടേമിൽ ഉള്ളത്. അതിൽ ഒന്നുപോലും ഇതുവരെ പഠിപ്പിച്ച് തീർന്നിട്ടില്ല.
പ്ലസ്ടുവിന് ഇംഗ്ലീഷ് ഈ വർഷം ആകെ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ആദ്യത്തെ ചാപ്റ്ററിലെ രണ്ട് ഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. മലയാളം ഈ വർഷം പഠിക്കാനുള്ളത് നാല് ചാപ്റ്ററാണ്. അതിൽ ആദ്യത്തെ പാഠം മാത്രമാണ് പഠിപ്പിച്ചത്. ഫിസിക്സ് ആദ്യ ടേമിൽ എട്ട് പാഠങ്ങളുണ്ട്. ഇതിൽ ആദ്യ പാഠഭാഗം മാത്രമാണ് പഠിപ്പിച്ചത്. കെമിസ്ട്രി ആദ്യ ടേമിൽ എട്ട് ചാപ്റ്ററുകൾ ഉള്ളതിൽ ഒന്ന് മാത്രമാണ് പഠിപ്പിച്ചത്. ബോട്ടണി ആദ്യ ടേമിലുള്ള നാല് ചാപ്റ്ററുള്ളതിൽ ഒരെണ്ണവും സുവേളജിയിൽ ആദ്യ ചാപ്റ്ററിന്റെ പകുതിയും മാത്രമാണ് വിക്ടേഴ്സിൽ ഇതുവരെ പഠിപ്പിച്ചത്. കണക്ക് ആകെ 15 ചാപ്റ്ററാണ് ഉള്ളത് അതിൽ ആദ്യ ചാപ്റ്റർ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. ഹിന്ദി ആകെയുള്ള നാല് യൂണിറ്റുള്ളതിൽ ഒരു യൂണിറ്റ് മാത്രമാണ് പഠിപ്പിച്ചത്. ഇത്തരത്തിൽ സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സിലബസ് വെട്ടിക്കുറയ്ക്കേണ്ടതില്ലെന്ന കരിക്കുലം കമ്മിറ്റിയുടെ തീരുമാനം.
മറുനാടന് ഡെസ്ക്