പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന്റെ സേവനങ്ങളിൽ തൃപ്തരാകാതെ മറ്റു സേവനദാതാക്കളെത്തേടി പോകുന്ന നിരവധി ഉപയോക്താക്കളുണ്ട്. എന്നാൽ, പൊതുമേഖല പോലെ ജനങ്ങളുടെ കാര്യത്തിനല്ല, പകരം സ്വന്തം കീശ വീർപ്പിക്കാനുള്ള മാർഗങ്ങളാണ് സ്വകാര്യ സേവനദാതാക്കൾ ചെയ്യുന്നത് എന്നു തിരിച്ചറിയാൻ പലപ്പോഴും ഉപയോക്താക്കൾ മറന്നു പോകും.

ആൻഡ്രോയ്ഡ് ഫോണുകളുടെ അനന്തസാധ്യതകളെ ചൂഷണം ചെയ്ത് ജനങ്ങളെ മനോഹരമായി പറ്റിക്കുന്ന ഉദാഹരണം എന്ന നിലയിലാണ് വാട്‌സാപ്പിൽ ഇക്കാര്യം പ്രചരിക്കുന്നത്. തൃശൂർ സ്വദേശി സന്ദീപ് ഇത്തരമൊരു അനുഭവം ഉണ്ടായതായി മറുനാടൻ മലയാളിയോടു വെളിപ്പെടുത്തുകയും ചെയ്തു.

രണ്ടു സിം ഇടാൻ കഴിയുന്ന സ്മാർട്ട് ഫോണുകളിലെ ഉപയോക്താക്കളെ പറ്റിക്കുവാനാണ് ഐഡിയ ശ്രമിക്കുന്നതെന്നാണു പരാതി. ഇപ്പോൾ രണ്ടു സിം ഇല്ലാത്തവർ വിരളമായിരിക്കും. ഇതിൽ മറ്റൊരു സേവനദാതാവിന്റെ സിമ്മിൽ നിന്നു ബാലൻസ് വിവരമോ മറ്റോ അറിയാനുള്ള നമ്പർ ഡയൽ ചെയ്യുന്നത് അറിയാതെ ഐഡിയ സിമ്മിൽ നിന്ന് ആയിപ്പോയാൽ ഉപയോക്താവിനു നഷ്ടമാകുന്നത് എട്ടു രൂപയാണ്.

ഉദാഹരണത്തിന് വോഡാഫോണിന്റെ നമ്പർ ചെക്ക് ചെയ്യുന്ന *111*2# എന്ന കോഡ് സിം മാറി ഐഡിയയിൽ ആണ് അടിക്കുന്നതെങ്കിൽ 8 രൂപ നഷ്ടപ്പെടും. അതുപോലെ വോഡാഫോണിന്റെ നെറ്റ് ബാലൻസ് ചെക്ക് ചെയ്യുന്ന *111*6*2# ഐഡിയയിൽ അടിച്ചുപോയാലും എട്ടു രൂപ പോയിക്കിട്ടും.

ഇക്കാര്യങ്ങളിൽ പരാതി പറയാനായി കസ്റ്റമർ കെയറിലേക്കു വിളിച്ചാൽ മറുപടി ധിക്കാരപൂർവമാണെന്നും പരാതി ഉയരുന്നുണ്ട്. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവിനോട് ഒരുപാട് നിർബന്ധിച്ചപ്പോൾ സീനിയർക്ക് കൈമാറുകയും ചെയ്തു. സിം പോർട്ട് ചെയ്യുകയാണ് എന്നു പറഞ്ഞപ്പോൾ 'അത് നിങ്ങളുടെ ഇഷ്ടം' എന്നായിരുന്നു മറുപടി എന്നും വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.

ശരിക്കും ഉപയോക്താക്കളെ വെട്ടിലാക്കിയ മറ്റൊരു തട്ടിപ്പിന്റെ കഥയും ഐഡിയയുടെ പേരിൽ വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഡേറ്റ സേവനങ്ങളുടെ കാര്യത്തിൽ ഐഡിയ ഉപയോക്താക്കൾക്കു ശരിക്കും ഒരു പണി കൊടുത്തുവെന്നാണു സോഷ്യൽ മീഡിയ പറയുന്നത്.

സർവർ തകരാർ കാരണം ഐഡിയ മൊബൈലിൽ കുറച്ചു ദിവസങ്ങൾക്കുമുമ്പ് *800# എന്ന നമ്പറിലൂടെ 20 രൂപ 2 ജി ഡേറ്റ റീചാർജ് ചെയ്യുന്നവർക്ക് 3.5 ജിബി വരുന്ന 2 ജി പാക്ക് ലഭിക്കും എന്ന ഓഫർ വന്നിരുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും ഈ വിവരം പ്രചരിച്ചതോടെ ഐഡിയ നെറ്റ്‌വർക്കിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഭൂരിപക്ഷം പേരും ഇത്തരത്തിൽ റീചാർജ് ചെയ്തു.

500 എംബി, 1ജിബി 3 ജി പാക്ക് ഉള്ളവർപോലും ഈ ഓഫർ മുന്നും പിന്നും നോക്കാതെ റീചാർജ് ചെയ്തു. ചിലർ ഫോണിലുണ്ടായിരുന്ന മൈനസ് ബാലൻസ് വരെ തീർത്താണു റീചാർജ് ചെയ്തത്.

നിരവധി പേർ ഇത്തരത്തിൽ പാക്ക് ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് ഐഡിയയുടെ മറ്റൊരു മുഖം പുറത്തുവന്നതെന്നാണു വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം ചൂണ്ടിക്കാട്ടുന്നത്. ഓഫർ ആക്ടിവേറ്റ് ചെയ്തവരിൽ നിന്നു തൊട്ടടുത്ത ദിവസം രാവിലെ ആയപ്പോഴേക്കും ഈ 3.5 ജിബി 2 ജി ഓഫറും മുമ്പ് ബാലൻസുണ്ടായിരുന്ന നെറ്റും ഇവർ തിരിച്ചെടുത്തിരുന്നു.

പകരം അവരുടെ ഔദാര്യംപോലെ 100 എംബി 2 ജി ഡേറ്റ ഉപയോക്താക്കൾക്കു നൽകി. തട്ടിപ്പിന്റെ കഥയറിയാതെ 3.5 ജിബിയും സ്വപ്നം കണ്ട് നെറ്റ് ഉണ്ടല്ലോ എന്ന ധാരണയിൽ ഉപയോഗിക്കുന്നവരെല്ലാം പ്രധാന അക്കൗണ്ടിലെ ബാലൻസ് മുഴുവൻ നഷ്ടമായപ്പോഴാണു വിവരം അറിഞ്ഞതെന്നാണു പരാതി ഉയരുന്നത്.

ഇത്തരത്തിൽ ചതിയിൽപ്പെട്ട ഉപയോക്താവിന്റെ അനുഭവം വാട്‌സ്ആപ്പിലൂടെ അതിവേഗം പ്രചരിക്കുകയാണ്. 'മെയിൻ ബാലൻസ്, പഴയ നെറ്റ് ബാലൻസ്, നെറ്റ് റീചാർജ് എന്നിവ ചെയ്യാനായി നൽകിയ പണം ആവിയായി, നീരാവിയായി അന്തർധാരയിൽ ലയിച്ചു'വെന്നാണ് വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്.

20 രൂപ 2ജി പാക്ക് ചെയ്യണമെങ്കിൽ 30 രൂപയെങ്കിലും റീചാർജ് ചെയ്യേണ്ടതായി വരും. idea യുടെ 30 രൂപ ടോപ് അപ് ഇപ്പോൾ ലഭ്യമല്ലാത്തതുകൊണ്ട് 40 രൂപ റീചാർജ് ചെയ്താണ് എല്ലാവരും ഈ തട്ടിപ്പിന് ഇരയായതെന്നും പരാതി ഉയരുന്നുണ്ട്.

ധിക്കാരപൂർണ്ണമായി പെരുമാറാൻ ഇവരെ പ്രാപ്തരാക്കിയതും വളർത്തിയതും നാം തന്നെയാണെന്ന ആത്മവിമർശനവും ഉയർത്തുന്നുണ്ട്. ഐഡിയയുടെ 198 എന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചു പ്രതിഷേധം രേഖപ്പെടുത്താനാണ് സൈബർ ലോകം ആഹ്വാനം ചെയ്യുന്നത്. ഉപയോക്താക്കളുടെ ശക്തി എന്തെന്ന് ഒരുതവണയെങ്കിലും ബോദ്ധ്യപ്പെടുത്തുക. നമ്മളൊന്നും ആരുടേയും അടിമകളല്ലെന്ന് സ്വയമെങ്കിലും ബോദ്ധ്യപ്പെടുത്തുകയെന്നും ആവശ്യപ്പെടുന്നുണ്ട്.

198ൽ വിളിക്കുമ്പോൾ ഓപ്ഷനിൽ ആദ്യം 3 പ്രസ് ചെയ്യണം. പിന്നീട് പറയുന്ന ഓപ്ഷനിൽ 4 അമർത്തിയാൽ കസ്റ്റമർ കെയർ പ്രതിനിധിയുമായി സംസാരിക്കാമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.