ഭാവിയിലെ ബാങ്കിങ് സംവിധാനങ്ങളുടെ മുഖ്യ ആധാര രേഖ സോഷ്യൽ മീഡിയകളാവുമെന്ന് റിപ്പോർട്ട്. ഫിനാൻഷ്യൽ ടെക് വിദഗ്ധൻ ജി ഫെർണാണ്ടോയാണ് അവിശ്വസനീയമെന്ന് തോന്നുന്ന പ്രവചനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ എണ്ണവും സ്വഭാവവുംവച്ച് ക്രെഡിറ്റ് സ്‌കോർ നിർണയിക്കുന്ന കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

വേറെയും അവിശ്വസനീയ മാറ്റങ്ങൾ വരാനുണ്ട്. ഇപ്പോൾ പണമിടപാടുകൾ നടത്തുന്നതിന് ക്രെഡിറ്റ് കാർഡുകളോ ഡെബിറ്റ് കാർഡുകളോ ഉപയോഗിക്കുന്ന സ്ഥാനത്ത്, കണ്ണുകൾ സ്‌കാൻ ചെയ്തും വിരലടയാളത്തിലൂടെയും ഇടപാടുകൾ നടത്തുന്ന കാലം വിദൂരല്ലെന്ന് അദ്ദേഹം പറയുന്നു. സൂപ്പർമാർക്കറ്റുകളും കോഫിഷോപ്പുകളും ബാങ്കിങ് ഇടപാടുകളുടെ ഇടത്താവളങ്ങളായി മാറുമെന്നും അദ്ദേഹം പറയുന്നു.

പണമിടപാടുകളുടെ രൂപവും ഭാവവും മാറുന്ന നിർണായകമായ ദശാസന്ധിയിലാണ് നാം നിൽക്കുന്നതെന്നാണ് ഫെർണാണ്ടോയുടെ അഭിപ്രായം. പണം ചെലവഴിക്കുന്ന രീതിയിലും അടിമുടി മാറും. ഫേസ്‌ബുക്കിലൊക്കെ ഉപയോഗിക്കുന്ന തരത്തിലുള്ള സുരക്ഷാ മുൻകരുതലുകൾ ബാങ്കിങ് മേഖലയിലും നടപ്പിലാവും. ബാങ്കിങ് വെബ്‌സൈറ്റിലേക്ക് കടക്കുന്നതിനു മുമ്പായി, ഫേസ്‌ബുക്ക് സുഹൃത്തിന്റെ മുഖം ഐഡന്റിഫൈ ചെയ്യുന്നത് പോലുള്ള സുരക്ഷാ ചോദ്യങ്ങളും ആസന്നഭാവിയിൽത്തന്നെ നടപ്പിൽ വന്നുതുടങ്ങുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ഫേസ്‌ബുക്ക് ആക്ടിവിറ്റി പരിശോധിച്ച് ഉപഭോക്താവിന്റെ സാമൂഹിക സാഹചര്യം വിലയിരുത്തുന്ന കാലവും വരും. സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലാതെ വായ്പയ്ക്ക് അപേക്ഷിക്കാൻ പറ്റാത്ത സാഹചര്യമാകും വരുന്നത്. സോഷ്യൽ മീഡിയയിലെ പ്രവർത്തനം വിലയിരുത്തി ഇടപാടുകാരെ മനസ്സിലാക്കുകയും അതനുസരിച്ച് ക്രെഡിറ്റ് നൽകുകയും ചെയ്യാനാകും ബാങ്കുകൾ ശ്രമിക്കുക.

കാർഡുകളുടെ ലോകം അടുത്തുതന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം പറയുന്നു. ക്രെഡിറ്റ് കാർഡുകൾക്കും ഡെബിറ്റ് കാർഡുകൾക്കും പകരം കൂടുതൽ സുരക്ഷിതമായ മാർഗങ്ങൾ നിലവിൽ വരും. മൊബൈൽ ഫോണുകൾ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന കാലമാണ് വരാൻ പോകുന്നത്. എന്നാൽ, സാങ്കേതിക വിദ്യ അവിടംകൊണ്ടും അവസാനിക്കില്ലെന്നും ഫെർണാണ്ടോ പറയുന്നു.

വിരലടയാളങ്ങളും റെറ്റിനയും സ്‌കാൻ ചെയ്യലാകും വരാൻ പോകുന്നത്. കാർഡ് സംവിധാനം നിലനിർത്തുന്നതിലെ ചെലവും സുരക്ഷാ പ്രശ്‌നങ്ങളുമൊക്കെ ഒഴിവാക്കാൻ ഇത് സഹായിക്കും. ഇതിന് പകരം സ്മാർട്ട്‌ഫോണുകളും സ്മാർട്ട് വാച്ചുകളും നിലവിൽ വരും. ഫോണോ വാച്ചോ സ്വെയ്‌പ്പ് ചെയ്യുന്നതിലൂടെ പണമിടപാട് നടത്താനാകും. ആപ്പിൾ പുതിയതായി ആവിഷ്‌കരിച്ച ഈസി പേ അത്തരത്തിലുള്ള സംവിധാനത്തിനാണ് തുടക്കം തുടക്കം കുറിച്ചിരിക്കുന്നത്.

പിൻ നമ്പറും പാസ്‌വേഡുകളും ഉപയോഗിക്കുന്നതിന് പകരം വിരലടയാളം ഉപയോഗിക്കുന്ന രീതി അടുത്തിടെ ബാർക്ലെയ്‌സ് ബാങ്ക് ആവിഷ്‌കരിച്ചിരുന്നു. ഇൻഫ്രാറെഡ് സ്‌കാനിങ്ങിലൂടെയാണ് കൈയിലെ ഞെരമ്പുകളാണ് പരിശോധിക്കുക. കാർഡ് സമ്പ്രദായത്തിൽ ഏറെ തട്ടിപ്പുകൾ നടക്കുന്നതുകൊണ്ടാണ് ബാങ്കുകൾ അതിനുപകരം ബയോമെട്രിക് സംവിധാനങ്ങളിലേക്ക് തിരിയുന്നത്.