- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ തമ്മിലും തർക്കം; സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി തങ്ങൾക്കും വേണമെന്ന് ഇഡി; രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് തങ്ങളുടെ അന്വേഷണത്തെ ബാധിക്കുമെന്ന് കസ്റ്റംസും; കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കോടതിയിൽ നിലപാട്
കൊച്ചി: സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ തമ്മിലും തർക്കം മുറുകുന്നു. പ്രതികളുടെ രഹസ്യമൊഴികൾ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകരുതെന്ന നിലപാടാണ് കസ്റ്റംസ് കോടതിയിൽ സ്വീകരിച്ചത്. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴികൾ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിലാണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്. അഡീ. സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഹർജി അടുത്ത മാസം രണ്ടിന് വിധി പറയാൻ മാറ്റി.
ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികൾ കൈമാറരുതെന്നാണ് ആവശ്യം. സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്. ഈ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹർജി അനുവദിക്കരുതെന്നാണ് കസ്റ്റംസിന്റെ ആവശ്യം. രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് കോടതിയോട് അഭ്യർത്ഥിച്ചു.
അതേസമയം, എൻഐഎ രജിസ്റ്റർ ചെയ്ത സ്വർണക്കടത്തുകേസിൽ മുഖ്യപ്രതി സ്വപ്‌ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ തീവ്രവാദ പ്രവർത്തനം തടയൽ നിയമപ്രകാരം ചുമത്തിയ കുറ്റകൃത്യങ്ങൾക്ക് കുറ്റപത്രത്തിൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അഡി. സിജെഎം കോടതി നേരത്തേ ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. കേസിൽ 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. യുഎപിഎ ചോദ്യം ചെയ്ത് കേസിലെ എട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി വാദം കേട്ട് വിധി പറയാൻ മാറ്റിയിട്ടുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറ്റപത്രം തയാറാക്കി കഴിഞ്ഞെന്നും ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയാൽ ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം, ഡോളർ കടത്ത് കേസിൽ മെയ് മാസത്തിനകം മാത്രമേ കുറ്റപത്രമുണ്ടാകു. നിലവിൽ തിരുവനന്തപുരം സ്വർണക്കടത്ത് കേസും ഡോളർ കടത്ത് കേസുമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് കേസിലെ കുറ്റപത്രമാണ് ഈ മാസം സമർപ്പിക്കുക. കേസിൽ ചോദ്യം ചെയ്ത മുഴുവൻ പേരും പ്രതികളാകില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാത്ത ചിലരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കസ്റ്റംസ് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, ഡോളർ കടത്തിൽ മെയ് മാസത്തിനകം മാത്രമേ കുറ്റപത്രം നൽകു. അന്വേഷണം ആവശ്യമാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നും കസ്റ്റംസ് അറിയിച്ചു. അതിനിടെ, ഡോളർ കടത്തു കേസിൽ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. യു എ ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ ഖാലിദാണ് ഡോളർ കടത്തിയത്. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. ഡോളർ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തൽ. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ലൈഫ് മിഷൻ വഴി വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്ന യൂണിടാക്ക് കമ്പനിയുടെ ഉടമയാണ് സന്തോഷ് ഈപ്പൻ. ഡോളർ കടത്തു കേസിൽ അഞ്ചാം പ്രതിയായാണ് സന്തോഷ് ഈപ്പനെ ഉൾപ്പെടുത്തിയിരുന്നത്. മറ്റ് നാലു പ്രതികളിൽ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റു പ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളർ ആക്കി മാറ്റിയത് സന്തോഷ് ഈപ്പൻ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകൾ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.
കേസിലെ മറ്റു പ്രതികൾ സ്വപ്ന, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കർ ഈ കേസിലെ നാലാം പ്രതിയാണ്. കൂടുതൽ പ്രമുഖർ ഈ കേസിൽ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നൽകുന്നുണ്ട്. ഏകദേശം നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷൻ ഇടപാടായി നടന്നിട്ടുണ്ടെന്ന് എൻ.ഐ.എയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനും നൽകിയതായാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ