- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി സുനിയുടെയും ഷാഫിയുടെയും വീട്ടിൽ കസ്റ്റംസ് സംഘത്തിന്റെ പരിശോധന; നടപടി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; അർജുൻ ഒളിവിൽ കഴിഞ്ഞത് ഷാഫിക്കൊപ്പമെന്ന് സൂചന; പുറത്താകുന്നത് പരോളിൽ ഇറങ്ങി ടി പി കേസ് പ്രതികൾ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ
കണ്ണൂർ: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ഇപ്പോൾ ശിക്ഷയിൽ കഴിയുന്നതുകൊടി സുനി മാത്രമാണ്. ബാക്കി എല്ലാവരും ജയിലിന് പുറത്താണെന്ന വിവരമാണ് പുറത്തുവന്നത്. ഈ കാലയളവിൽ തന്നെയാണ് സ്വർണ്ണ കവർച്ചാ ക്വട്ടേഷനും നടന്നത്. ഇതിന് പിന്നിൽ കൊടി സുനിയും കൂട്ടരുമായാണെന്ന് കസ്റ്റംസ് അറസ്റ്റു ചെയ്ത അർജുൻ ആയങ്കി തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ പരോളിലുള്ള മുഹമ്മദ് ഷാഫിയിലേക്കാണ് അന്വേഷണം നീളുന്നത്.
ടിപി കേസിൽ പരോളിലുള്ള മുഹമ്മദ് ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് സംഘം തെളിവെടുപ്പിനെത്തിയത് ഷാഫിക്കും കേസിൽ പങ്കുണ്ടെന്ന് ബോധ്യമായ അടിസ്ഥാനത്തിലാണ്. ഷാഫിക്ക് പുറമേ കൊടി സുനിയുടെ വീട്ടലും കസ്റ്റംസ് പരിശോധന നടത്തിയിടുണ്ട്. സ്വർണ്ണ കവർച്ചാകേസിൽ അറസ്റ്റിലായ അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന. കടത്ത് സ്വർണം കവരാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അർജുൻ ആയങ്കിയുടെ മൊഴി. ലാഭവിഹിതം പകരമായി നൽകി. ഒളിവിൽ പോകാൻ സഹായവും കിട്ടി. കരിപ്പൂർ സ്വർണക്കടത്തിൽ പങ്കില്ലെന്നും അർജുൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അർജുനെ കണ്ണൂരിൽ എത്തിച്ച് അഴീക്കോട്ടെ വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഷാഫിയുമടക്കമുള്ളവർ ജയിലിനകത്തും പുറത്തുമായി ആകാശ് തില്ലങ്കേരിയേയും അർജുൻ ആയങ്കിയേയും നിയന്ത്രിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ സംഘങ്ങളുമായി സെൽഫി എടുത്ത ബന്ധം മാത്രമേ ഉള്ളു എന്നായിരുന്നു ഷാഫി പ്രതികരിച്ചത്. ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടില്ല എന്നും ഷാഫി പറഞ്ഞിരുന്നു.
കൊടി സുനിയുടെ സംഘത്തിന്റെ സംരക്ഷണയിലാണ് തങ്ങൾ സ്വർണ കടത്ത് നടത്തിയിരുന്നതെന്നും അർജുൻ ആയങ്കി പറഞ്ഞിരുന്നു.ഇതിനെ തുടർന്നാണ് കസ്റ്റംസ് അന്വേഷണം ഷാഫിയിലേക്ക് തിരിച്ചത്. സ്വർണക്കവർച്ചാ സംഘത്തിന് ടി.പി വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനകൾ നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. സ്വർണക്കടത്തിന് പിന്നിൽ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അർജുൻ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സ്വർണം കവർച്ച ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസിനോട് അർജുൻ സമ്മതിച്ചു. ഇതാദ്യമായാണ് സ്വർണക്കടത്തിലെ ബന്ധം സമ്മതിച്ചുകൊണ്ട് അർജുൻ മൊഴി നൽകുന്നത്.
അതിനിടെ രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസ് നോട്ടീസ് നൽകി. തിങ്കളാഴ്ച കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാൻ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
ചൊവ്വാഴ്ച വരെയാണ് അർജുൻ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. എൽ.എൽ.ബി ബിരുദ വിദ്യാർത്ഥിനിയായ അമല കൊല്ലം സ്വദേശിനിയാണ്. അഴീക്കൽ കപ്പക്കടവിൽ അർജുനെടുത്ത പുതിയ വീട്ടിലാണ് താമസിച്ചു വരുന്നത്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് ഇവർ തമ്മിൽ നീണ്ട നാളത്തെ പ്രണയത്തെ തുടർന്ന് വിവാഹിതരായത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
കരിപ്പൂരിൽ വന്നത് പണം വാങ്ങാനാണെന്നും സ്വർണം കവരാനല്ലെന്നും അർജുൻ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളിൽ തന്റെ പങ്ക് സമ്മതിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് അർജുൻ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം. അർജുൻ മൊഴികളിൽ പരാമർശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പൊട്ടിക്കുന്ന സ്വർണത്തിന്റെ മൂന്നിൽ ഒരു പങ്ക് പാർട്ടിക്ക്(കൊടി സുനി ടീമിനെ വിശേഷിപ്പിച്ചിരുന്നത് പാർട്ടി എന്നാണ്) നൽകുമെന്ന് പറയുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോൾ പരോളിലാണ് മുഹമ്മദ് ഷാഫിയുള്ളത്. ഒളിവിൽ കഴിയാനും ടി.പി കേസ് പ്രതികൾ സഹായിച്ചുവെന്നും അർജ്ജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. കൊടി സുനിയെ മുൻനിർത്തിയാണ് അർജ്ജുൻ ആയങ്കിയും സംഘവും പല ഓപ്പറേഷനുകളും നടത്തിയതെന്ന സൂചനകളാണ് വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ