- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീരാമകൃഷ്ണനെ വെട്ടിലാക്കുന്നത് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിയ ഡോളർ ഗൾഫിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്ന മൊഴി; പണമടങ്ങിയ ബാഗ് നൽകിയിട്ടില്ല; എസ്.ആർ.കെ എന്നെഴുതിയ ബാഗ് നിരവധി പേർക്ക് നൽകിയിട്ടുണ്ടെന്നും കസ്റ്റംസിനോട് സ്പീക്കർ; സ്ഥിരമായി ഉപയോഗിച്ച രഹസ്യ സിമ്മും ശ്രീരാമകൃഷ്ണന് വിനയാകും
തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയത് അദ്ദേഹം തുടർച്ചയായി മൊഴി നൽകാൻ ഹാജരാകാത്തതിനെ തുടർന്നായിരുന്നു. ഇന്നലെ സ്പീക്കറെ വിളിച്ച് അനുവാദം ചോദിച്ചശേഷമാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ചശേഷം ഉദ്യോഗസ്ഥർ മടങ്ങുകയാണ് ഉണ്ടായത്. തുടർച്ചയായി മൂന്നു തവണ ഹാജരാകാത്തതിനാൽ കോടതിയെ സമീപിക്കേണ്ടി വരുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു.
പൊന്നാനിയിലെ സ്ഥാനാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ന് സ്പീക്കർക്ക് കോവിഡ് ടെസ്റ്റ് നടത്തും. കടുത്ത പനിയുമായാണ് സ്പീക്കർ തിരുവനന്തപുരത്തെത്തിയത്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ മൊഴിയെടുത്തത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളർ കടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്നുമാണ് ഇരുവരുടേയും മൊഴി. ഈ മൊഴികളാണ് സ്പീക്കർക്ക് വിനയായത്. എസ്ആർകെ എന്ന പേരുള്ള ബാഗാണ് പ്രതികൾ ഉപയോഗിച്ചതെന്നുമാണ് മൊഴിയുള്ളത്.
ഡോളർ അടങ്ങിയ ബാഗ് പി. ശ്രീരാമകൃഷ്ണൻ കൈമാറിയതായി സ്വപ്ന സുരേഷും സരിത്തും മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ പണമടങ്ങിയ ബാഗ് നൽകിയിട്ടില്ലെന്ന് ശ്രീരാമകൃഷ്ണൻ കസ്റ്റംസിനെ അറിയിച്ചു. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റിൽ മസ്കത്ത് വഴി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന കേസിലാണു സ്പീക്കറോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പാർപ്പിട പദ്ധതി കരാറിനായി യൂണിടാക് ബിൽഡേഴ്സ് നൽകിയ 3.8 കോടി രൂപയുടെ കോഴപ്പണത്തിലെ ഒരു ഭാഗം യുഎസ് ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കേസ്.
അതേസമയം വിദേശത്ത് വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്ന കാര്യം അടിസ്ഥാന രഹിതമാണെന്നതാണ് സ്പീക്കറുടെ നിലപാട്. വിദേശത്തു വിദ്യാഭ്യാസസ്ഥാപനം തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടെന്നും ഇതിനായി സൗജന്യഭൂമി ലഭിക്കാൻ ഷാർജാ ഭരണാധികാരിയുമായി അദ്ദേഹം കേരളത്തിൽവച്ചു ചർച്ച നടത്തിയെന്നുമാണു സ്വപ്നയുടെ മൊഴി. യു.എ.ഇ. കോൺസുൽ ജനറലിനു കൈമാറാനായി സ്പീക്കർ തനിക്കു പണമടങ്ങിയ ബാഗ് നൽകിയെന്നാണു സരിത്തിന്റെ മൊഴി. ഇതിലെ സത്യം തെളിയാൻ ഷാർജാ ഭരണാധികാരിയേയും യുഎഇ കോൺസുൽ ജനറലിനേയും കേന്ദ്ര ഏജൻസികൾക്ക് ചോദ്യം ചെയ്യണം. അതിന് എളുപ്പം സാധിക്കാത്തതു കൊണ്ട് കേസ് എത്രത്തോളം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം.
പി. ശ്രീരാമകൃഷ്ണൻ വിദേശത്ത് ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാൻ ശ്രമിച്ചിരുന്നതായാണ് സ്വപ്നയുടെ മൊഴി. ആവശ്യമായ ഭൂമി സൗജന്യമായി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തിയെന്നും തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ പറയുന്നു. ക്രൈംബ്രാഞ്ചിനെതിരെ നൽകിയ ഹർജിയിലായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഡോളർ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇ.ഡി. ഉന്നയിക്കുന്നത്. അതിനാൽ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാകുമോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.
യു.എ.ഇ. കോൺസുൽ ജനറലിനു കൈമാറാനായി പത്ത് നോട്ടുകെട്ടുകളടങ്ങിയ ബാഗ് സ്പീക്കർ തന്റെയും സ്വപ്നയുടെയും കൈയിൽ തന്നുവിട്ടെന്നാണ് പി.എസ്. സരിത്തിന്റെ മൊഴി. മറുതചം റോയൽ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ഇരുവരെയും കണ്ടതെന്നുമായിരുന്നു മൊഴി. അതിനിടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാർഡിനെ കുറിച്ചും വിശദമായി പരിശോധിക്കേണ്ടതുണ്ട്. സ്പീക്കർ രഹസ്യമായി ഉപയോഗിച്ചിരുന്ന സിം സ്വർണ്ണക്കടത്തു വിവരങ്ങൾ പുറത്തുവന്നോടെയാണ് നിശബ്ദമായത്.
മറുനാടന് മലയാളി ബ്യൂറോ