- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി കെ ടി ജലീനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; മാധ്യമ പ്രവർത്തകരുമായി ഒളിച്ചു കളിക്കു നിൽക്കാതെ മന്ത്രി ഇക്കുറി കൊച്ചിയിൽ എത്തിയത് ഔദ്യോഗിക വാഹനത്തിൽ പൊലീസ് അകമ്പടിയോടെ; യുഎഇ കോൺസുലേറ്റിലേക്കു നയതന്ത്ര ബാഗേജ് ആയി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങൾ നിയമവിരുദ്ധമായി പുറത്തു വിതരണം ചെയ്ത കേസിൽ അറസ്റ്റു ചെയ്യുമെന്ന ആശങ്ക ശക്തം
കൊച്ചി: യുഎഇ കോൺസുലേറ്റിലേക്കു നയതന്ത്ര ബാഗേജ് ആയി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങൾ നിയമവിരുദ്ധമായി പുറത്തു വിതരണം ചെയ്തതു സംബന്ധിച്ച കേസിൽ മന്ത്രി കെ.ടി. ജലീലിനെ ഇന്ന് അറസ്റ്റു ചെയ്യുമോ? ഇടതു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ മുറുകവേ മന്ത്രി ഇന്ന് ചോദ്യം ചെയ്യലിനായ കൊച്ചിയിലെ ഓഫീസിലെത്തി. കസ്റ്റംസ് ഓഫീസിൽ മന്ത്രിയെ ചോദ്യം ചെയ്യൽ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം പതിവിന് വ്യത്യസ്തമായി മന്ത്രി ഇക്കുറി മാധ്യമങ്ങളെ ഒളിച്ചു കടക്കാനോ രഹസ്യമായി പോകാനോ ശ്രമിച്ചില്ല. മറിച്ച് അദ്ദേഹം ഇക്കുറി തന്റെ ഔദ്യോഗിക വാഹനത്തിലാണ് കൊച്ചിയിൽ എത്തിയത്. പൊലീസും ജലീലിനെ അകമ്പടിയായി എത്തി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഹാജരാകാനാണു മന്ത്രിയോട് ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നത്. എൻഐഎയും എൻഫോഴ്സ്മെന്റും കെ.ടി.ജലീലിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കസ്റ്റംസിന് കിട്ടുന്ന മൊഴികളിൽ അവ്യക്തതയുണ്ടെങ്കിൽ ഇന്നു തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലെ നടപടിയുണ്ടായാൽ അത് ഇടത് സർക്കാരിനേയും പ്രതിസന്ധിയിലാക്കും.
ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഈന്തപ്പഴവും മതഗ്രന്ഥവും ഇറക്കുമതിചെയ്തതെന്നാണ് ആരോപണം. അതേസമയം താൻ മന്ത്രിയെന്ന നിലയിൽ തന്റെ കടമയാണ് ചെയ്തത് എന്നാകും ജലീലിന്റെ വാദം. ജലീലിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി കസ്റ്റംസ് തയാറാക്കിയിട്ടുണ്ട്. ചോദ്യംചെയ്തശേഷമേ കേസിൽ ആരെയെങ്കിലും പ്രതിയാകക്കാൻ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ചോദ്യംചെയ്യലിനുശേഷം ജലീലിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതിനു മുമ്പു ഗവർണറുടെ അനുമതിയും കസ്റ്റംസ് തേടാനും സാധ്യത കൂടതലാണ്.
മുമ്പ് രണ്ടുതവണ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്കു മുന്നിൽ ജലീൽ ഹാജരായിരുന്നു. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, ഇന്ന് കസ്റ്റംസിൽ ഹാജരാകുമ്പോൾ ഒട്ടേറെ ചോദ്യങ്ങൾക്കു ജലീൽ മറുപടി പറയേണ്ടിവരും. മറുപടികളിൽ വ്യക്തയുണ്ടായില്ലെങ്കിൽ തിരിച്ചടിയാകും. മന്ത്രിയെ വിളിപ്പിക്കുന്നതിനു മുന്നോടിയായി അദ്ദേഹത്തിന്റെ ഗൺമാനെ വെള്ളിയാഴ്ച കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൺമാന്റെ ഫോണിലൂടെ ജലീൽ പലരേയും വിളിച്ചിരുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. നയതന്ത്രചാനൽ വഴി നികുതിവെട്ടിച്ചാണ് ഖുറാൻ ഇറക്കുമതിചെയ്തതെന്നും സംസ്ഥാനത്ത് വിതരണം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് നാലിനായിരുന്നു നയതന്ത്ര ചാനൽ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ ഖുറാൻ എത്തിച്ചത്. ജലീൽ മന്ത്രിയായ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റിന്റെ വാഹനത്തിലാണ് ഖുറാൻ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി വിതരണം ചെയ്തത്. ഇതു ചട്ടലംഘനമാണെന്നു നിയമവൃത്തങ്ങൾ ചുണ്ടിക്കാട്ടുന്നു. മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. മറ്റൊരു രാജ്യത്തിന്റെ വിദേശകാര്യവിഭാഗവുമായി സംസ്ഥാനമന്ത്രിക്ക് നേരിട്ട് ബന്ധപ്പെടാൻ നിയമം അനുവദിക്കുന്നില്ല. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ.
യു.എ.ഇ. കോൺസുലേറ്റിൽ കെ.ടി. ജലീലിൽ നേരിട്ട് ചെന്നതു ചട്ടലംഘനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വിദേശസംഭാവന സ്വീകരിക്കുന്നതുമായുള്ള നിയമങ്ങളും ജലീൽ ലംഘിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഖുറാനു പുറമേ യു.എ.ഇയിൽനിന്ന് ഈന്തപ്പഴം കൊണ്ടുവന്നതിനും ചട്ടലംഘനമുണ്ടായിരുന്നു. ഇതിനെല്ലാം ജലീലിൽ നിന്ന് കൃത്യമായ മറുപടികളാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്. ഖുർആൻ മന്ത്രി കെ ടി ജലീൽ വിതരണം ചെയ്തതിൽ നിരവധി ചട്ടലംഘനങ്ങൾ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. കോൺസുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുർആൻ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അർഹത നഷ്ടപ്പെട്ടു.
നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാർ നേരിട്ട് ബന്ധപ്പെടാൻ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയിൽ ഹാജരാകാൻ ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകിയത്. അതേ സമയം ഡോളർ കടത്തുകേസിൽ യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ സാന്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. സ്വർണക്കള്ളക്കടക്കുകേസിലും ലൈഫ് മിഷൻ ഇടപാടിലും ലഭിച്ച കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ.
കോൺസുലേറ്റ് ജീവനക്കാരനായതിനാൽ ഇയാൾക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ കസ്റ്റംസ് ഇന്ന് മറുപടി നൽകും. ഖാലിദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇന്റർപോൾ വഴി രാജ്യത്തെത്തിക്കണമെന്നാണ് കസ്റ്റംസിന്റ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ