- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ച് കസ്റ്റംസ്; എം. ശിവശങ്കർ ഉൾപ്പടെ 29 പ്രതികൾ; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറിഞ്ഞിട്ടും മറച്ചുവച്ചു; കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സമർപ്പിച്ചത് 3000 പേജുള്ള കുറ്റപത്രം
കൊച്ചി: സംസ്ഥാന സർക്കാരിനെ അടക്കം പിടിച്ചുലച്ച നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഉൾപ്പടെ 29 പ്രതികളാണ് കേസിലുള്ളത്. കേസിൽ ആരെയും മാപ്പു സാക്ഷികളാക്കിയിട്ടില്ല. വിമാനത്താവളത്തിൽ നിന്നു സ്വർണം കടത്തുന്നതിനു മുൻപന്തിയിൽ നിന്ന സരിത്താണ് കേസിലെ ഒന്നാം പ്രതി. എം. ശിവശങ്കർ കേസിലെ 29ാം പ്രതിയാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് തിരുവനന്തപുരം സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. ശിവശങ്കർ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇതിന് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നത്.
നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണെന്ന് കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കോഴിക്കോടും മലപ്പുറത്തുമുള്ളവരാണ് ഇതിനായി പണം മുടക്കിയിരുന്നത്. 2019 ജൂണിലാണ് ഇത്തരത്തിൽ പ്രതികൾ ആദ്യമായി സ്വർണക്കടത്ത് നടത്തിയത്. ഇക്കാര്യം ശിവശങ്കറിന് അറിവുണ്ടായിരുന്നില്ല.
പിന്നീട് 21 തവണയായി 161 കിലോ സ്വർണമാണ് പ്രതികൾ കടത്തിയത്. ഈ സമയങ്ങളിലാണ് ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിയുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. കടത്തിക്കൊണ്ടുവന്നിരുന്ന സ്വർണം ഉരുപ്പടികളാക്കി വിവിധ ജൂവലറികൾക്ക് നൽകിയതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മലപ്പുറത്തെയും കോഴിക്കോട്ടെയും നിക്ഷേപകരെയും കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്.
മംഗലാപുരത്തെയും ഹൈദരാബാദിലെയും ജൂവലറികൾക്കാണ് സ്വർണം കൈമാറിയത്. ജൂവലറികളുടെ ഉടമകളടക്കമുള്ളവരെ കസ്റ്റംസ് കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. ദുബായ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടായിരുന്നതായും കുറ്റപത്രത്തിൽ കസ്റ്റംസ് വ്യക്തമാക്കി. പക്ഷെ അവരെ ഇപ്പോൾ ഈ കേസിൽ പ്രതിചേർത്തിട്ടില്ല. അവർക്ക് നൽകിയിട്ടുള്ള ഷോകോസ് നോട്ടീസിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടർനടപടിയിലേക്ക് കസ്റ്റംസ് കടക്കുക. 29 പേർക്കെതിരെയാണ് കസ്റ്റംസ് ഇപ്പോൾ പ്രോസിക്യൂഷൻ നടപടികൾക്കൊരുങ്ങുന്നത്.
ഇരുപത്തിയൊൻപതു പേരെ പ്രതിചേർത്താണ്, കസ്റ്റംസ് മൂവായിരം പേജുള്ള കുറ്റപത്രം തയാറാക്കിയത്. സരിത്ത് ആണ് കേസിൽ ഒന്നാം പ്രതി. കള്ളക്കടത്തിനെ കുറിച്ച് ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. എമിറൈറ്റ്സ്, കാർഗോ വിഭാഗവും കസ്റ്റംസ് ബ്രോക്കർ ഉൾപ്പെടെയുള്ളവരും പ്രതിപ്പട്ടികയിലുണ്ട്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. പിന്നീട് ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിവാദമായ കേസിൽ പിന്നീട് അന്വേഷണം എങ്ങുമെത്താതെ പോവുകയാണെന്ന് വിമർശനം ഉയർന്നിരുന്നു.
സ്വർണം കള്ളക്കടത്തു നടത്തിയതിന്, കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിന് എതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അതേ സമയം കേസിൽ ഒരു പ്രതിയെക്കൂടി മാപ്പുസാക്ഷിയാക്കാൻ എൻഐഎ നീക്കമാരംഭിച്ചിരുന്നു. ദുബായ്യിൽ നിന്നെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറിനെയാണ് മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായർ അടക്കം അഞ്ച് പേരെ നേരത്തെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു.
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ വിദേശത്ത് നിന്നുള്ള സൂത്രധാരന്മാരിലൊരാളാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂർ എന്ന മൻജു. കേസിലെ മുപ്പത്തിയഞ്ചാം പ്രതിയായ മുഹമ്മദ് മൻസൂർ ജൂണിലാണ് അറസ്റ്റിലാകുന്നത്.
ദുബായിൽ നിന്ന് നാട്ടിലെത്തിയ ഉടൻ വിമാനത്താവളത്തിൽവെച്ച് എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തിന്റെ വിദേശത്തെ ഇടപെടലുകളും നീക്കവും എങ്ങനെയായിരുന്നു എന്നും ആരൊക്കെയാണ് കേരളത്തിലെ കണ്ണികളെന്നുമെല്ലമുള്ള വിവരങ്ങൾ മൻസൂറിന് വ്യക്തമായറിയാമെന്നാണ് എൻഐഎ കണക്ക് കൂട്ടിയത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്കൊപ്പം ഗൂഢാലോചനയിലും മൻസൂർ പങ്കാളിയായിരുന്നു. കോഫെപോസ തടവ് കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ സന്ദീപ് നായരടക്കം അഞ്ച് പേർ സ്വർണ്ണക്കടത്ത് കേസിൽ മാപ്പുസാക്ഷികളായിരുന്നു. ഇരുപത് പേരെ പ്രതികളാക്കി എൻഐഎ ആദ്യഘട്ട കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ