കോഴിക്കോട്: ഇതുകഥയല്ല, ദൈനം ദിനം നാട്ടിലേക്കു തിരിക്കുന്ന ഓരോ പ്രവാസിയും എയർപോർട്ടുകളിൽ അനുഭവിക്കുന്ന ദുരിതയാതനകളുടെ യാഥാർത്ഥ്യങ്ങളാണ്. വിമാനത്താവളങ്ങളിൽ പ്രവാസിമലയാളികൾ വിധേയമാകേണ്ടി വരുന്ന വൻ പിടിച്ചുപറിയുടെയും പകൽകൊള്ളയുടെയും ഒടുവിലത്തെ ഇര മാത്രമാണ് കാസർകോട് ഏരിയാൽ സ്വദേശിയായ ഹകീം റുബ.

ഇരുപത്തിയെട്ടുകാരനായ ഈ ചെറുപ്പക്കാരൻ കഴിഞ്ഞ അഞ്ചു വർഷമായി ദുബായിൽ ഇന്റർനെറ്റ് സിറ്റി എന്ന പ്രൈവറ്റ് ഐ.ടി കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. എയർപോർട്ടുകളിൽ പ്രവാസികളിൽനിന്നുള്ള പിടിച്ചുപറി സ്ഥിരമാണെന്നും കൈക്കൂലി നൽകാത്തതിന്റെ പേരിൽ മർദിക്കുകയും ഇത്രയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്തത് ഇതാദ്യമായാണെന്നും ഹക്കീം റുബ മറുനാടൻ മലയാളിയോടു പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ട ഫ്രാൻസിസ് കോടങ്കണ്ടത്ത് എന്ന കസ്റ്റംസ് ഉദ്യോഗസ്ഥന് പണം നൽകാത്തതിന്റെ പേരിൽ ഹക്കീമിനെ ഒരു പകൽ മുഴുവൻ പട്ടിണിക്കിടുകയും മർദനത്തിനിരയാക്കുകയുമായിരുന്നുവെന്ന് ഹക്കീം റൂബ ആരോപിച്ചു.

ഒരു പ്രവാസി മലയാളിക്കും ഇനി ഈ ഗതി ഉണ്ടാവരുതേ എന്നാണ് ഹക്കീമിന്റെ പ്രാർത്ഥന. തനിക്കു നേരിടേണ്ടി വന്ന അനുഭവം ഓരോ മലയാളിയുടേതുമാണെന്നും ഇതിനാൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും ഹക്കീം വ്യക്തമാക്കി. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പകൽകൊള്ളയെ ചോദ്യം ചെയ്തതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ മറുനാടൻ മലയാളിക്കു മുന്നിൽ ഹക്കീം റുബ പങ്കുവച്ചതിങ്ങനെ:

ദുബായിൽ നിന്നും നാട്ടിലേക്ക് തിരിച്ച ഞാൻ ബുധനാഴ്ച രാവിലെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. എമിഗ്രേഷൻ ക്ലിയറൻസും സ്‌കാനിങും കഴിഞ്ഞ് ലഗേജുകളെല്ലാം ട്രോളിയിൽ വച്ച് എക്‌സിറ്റ് ഗേറ്റിനു മുമ്പുള്ള കസ്റ്റംസ് ഗേറ്റിനടുത്തെത്തിയപ്പോഴാണ് ഫ്രാൻസിസ് കോടങ്കണ്ടത്ത് എന്ന ഉദ്യോഗസ്ഥൻ എന്നെ തടഞ്ഞു നിർത്തി പാസ്‌പോർട്ടും മറ്റു രേഖകളും പരിശോധിച്ച് ഓരോ ചോദ്യങ്ങൾ ചോദിച്ചത്. പാസ്‌പോർട്ട് നോക്കിയ ശേഷം അയാൾ എന്തൊക്കെയോ മുൻവിധികളോടുകൂടി കാസർകോട്ടുകാരനാണല്ലേ, അതുകൊണ്ട് ചെക്ക് ചെയ്യാതെ വിടാൻ പറ്റില്ലെന്ന് പറഞ്ഞു. നിങ്ങൾ കാസർകോട്ടുകാരെല്ലാം എന്തിനാ ഇവിടെ വന്നിറങ്ങുന്നതെന്നുകൂടി ഉദ്യോഗസ്ഥൻ ചോദിച്ചു. എന്റെ നാട്ടിൽ നിന്നും മലപ്പുറത്തുള്ള ഭാര്യ വീട്ടിൽ നിന്നും ഏറ്റവും അടുത്തുള്ള ഒരു എയർപോർട്ട് കരിപ്പൂരാണെന്നും ഇതുകൊണ്ടാണ് ഈ എയർപോർട്ടിൽ ഇറങ്ങിയതെന്നും ഉദ്യോഗസ്ഥനോടു ഞാൻ പറഞ്ഞു. കാസർകോട്ടുകാർക്ക് ഈ എയർപോർട്ടിൽ ഇറങ്ങാൻ പാടില്ലേ, അതിന് എന്താണ് സാറെ തെറ്റ് എന്ന് ഉദ്യോഗസ്ഥനോട് തിരിച്ചുചോദിക്കുകയും ചെയ്തതോടെ ഇയാളിൽ ഈഗോ പൊട്ടിമുളച്ചു. തിരിച്ചു ചോദ്യം ചെയ്യാനായോ എന്ന മട്ടായി അയാൾക്ക്. കാസർകോട് സ്വദേശിയായതിനാൽ പരിശോധിച്ചേ അടങ്ങൂ എന്നും ഇതാണ് ഇവിടത്തെ നിയമമെന്നും പറഞ്ഞ് ഇയാൾ വാശിപിടിച്ചു. എന്റെ ബാഗുകളെല്ലാം ബലം പിടിച്ചു വാങ്ങുമെന്നായപ്പോൾ ഞാൻ പരിശോധിച്ചുകൊള്ളാൻ പറഞ്ഞു.

രണ്ടു ട്രോളി ബാഗുകളും ഒരു ഹാർഡ്‌ബോഡ് പെട്ടിയും അടക്കം മൂന്നു ലഗേജുകളാണ് എന്റെ പക്കൽ ഉണ്ടായിരുന്നത്. ആദ്യത്തെ ബാഗ് തുറന്ന ശേഷം അതിലുണ്ടായിരുന്ന ഓരോ വസ്ത്രവും സാധനങ്ങളുമെല്ലാം അലങ്കോലമാക്കി വലിച്ചിടാൻ തുടങ്ങി. ഓരോ അറകളും തുറന്ന് പ്രത്യേകം പരിശോധിക്കാൻ തുടങ്ങിയതോടെ ഇതിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും ഞാൻ തന്നെ ഈ ടേബിളിലിട്ടു പരിശോധിക്കാൻ പറഞ്ഞു. പിന്നീട് ഇതിൽ കുഴപ്പമൊന്നും കാണുന്നില്ലെന്ന് പറഞ്ഞ ശേഷം രണ്ടാമത്തെ ബാഗ് തുറക്കേണ്ടെന്നും അതിനു പകരം ഹാർഡ്‌ബോർഡ് പെട്ടി തുറന്നാൽ മതിയെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. പ്രത്യേകം പാക്ക് ചെയ്ത ശേഷം ടാപ്പ്‌ചെയ്ത് ഭദ്രമാക്കികൊണ്ടുവന്നതാണ് ഈ പെട്ടി. സ്റ്റിക്കറുകളെല്ലാം നീക്കി ഹാർഡ്‌ബോർഡ് പെട്ടി പരിശോധിക്കുകയാണെങ്കിൽ ഇതിലുള്ള ഓരോ സാധനവും തൂക്കിപ്പിടിച്ചു പോകേണ്ട അവസ്ഥ വരും. പരിശോധിക്കുന്നതിനു പ്രശ്‌നമില്ല, വീണ്ടും പായ്ക്ക് ചെയ്തു തരണമെന്ന് ഞാൻ ഉദ്യോഗസ്ഥനോട് അഭ്യർത്ഥിച്ചു. പക്ഷെ, ഇതു കേൾക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. നീ തന്നെ സ്വന്തമായി തുറക്കണമെന്നും സ്വന്തമായി പായ്ക്ക് ചെയ്തു തിരിച്ചു കൊണ്ടുപോകേണ്ടിവരുമെന്നും ധാർഷ്ട്യത്തോടുകൂടി ഉദ്യോഗസ്ഥൻ പറഞ്ഞു.

പെട്ടി തുറക്കണമെന്ന് ഇയാൾ വാശി പിടിച്ചതോടെ ഇതു ബുദ്ധിമുട്ടാണെന്നും എന്താണ് ഉദ്ദേശ്യമെന്നും ഞാൻ ഉദ്യോഗസ്ഥനോടു ചോദിച്ചു. അപ്പോഴാണ് ഇയാൾ പറയുന്നത്, നീ ഒരു കാര്യം ചെയ്താൽ മതി, ഞാൻ പറയുന്ന ഒരു സംഖ്യ നൽകിയിട്ട് പൊയ്‌ക്കോളൂ, പിന്നീട് ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന്. കൊണ്ടുവന്ന ഒരു ലഗ്വേജ് പൂർണമായും പൊട്ടിച്ച് പരിശോധിച്ച ശേഷമായിരുന്നു ഇയാൾ കൈക്കൂലി നൽകിയാൽ പോകാമെന്നു പറയുന്നത്. ഇത് എന്നെ ക്ഷുഭിതനാക്കി. നിങ്ങൾക്ക് കൈക്കൂലി നൽകണമെങ്കിൽ വേറെ ആളോടു ചോദിച്ചോളൂ ഞാൻ തരില്ലെന്നു തറപ്പിച്ചു പറഞ്ഞു. അതിലൂടെ കടന്നുപോയ യാത്രക്കാരും എന്റെ സംസാരം കേട്ടിരുന്നു. പന്തിയല്ലെന്നു തോന്നിയിട്ടാവണം ഇയാൾ എന്നെ അടുത്തുള്ള കാബിനിലേക്ക് കൊണ്ടു പോയി. കാമറ പതിയാത്ത ഈ കാബിനകത്താക്കി ഏറെ നേരം എന്നെ തെറിപറയുകയും മർദിക്കുകയും ചെയ്തു. എന്നെ നിനക്ക് അറിയില്ലെന്നു പറഞ്ഞ് കേട്ടാൽ അറയ്ക്കുന്ന തരത്തിൽ തെറിയഭിഷേകം നടത്തി. ഇത് എതിർത്തതോടെ വീണ്ടും ഇയാൾ ചവിട്ടാനും മുഖത്ത് ഇടിക്കാനും തുടങ്ങി. ഇവർ എന്തെങ്കിലും കെണി ഒപ്പിക്കുമോ എന്ന് ഭയന്ന് ഞാൻ ഒന്നും പ്രതികരിക്കാതെ അടിയും ഇടിയുമെല്ലാം കൊണ്ടു. വേദനകൊണ്ട് ഞാൻ ഉച്ചത്തിൽ നിലവിളിച്ചതോടെ വേറെയും ഉദ്യോഗസ്ഥർ ഓടിക്കൂടി. ഇത് പ്രശ്‌നമാകുമെന്നും ഇനി മർദിക്കേണ്ടെന്നും അവർ പറഞ്ഞതോടെ ഇയാൾ എന്റെ പാസ്‌പോർട്ട് വാങ്ങി വേഗം സ്ഥലംവിട്ടു.

പിന്നീട് വേറെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാൾ എന്റെ ഹാർഡ്‌ബോർഡ് പെട്ടി പരിശോധിക്കുകയും അതിലുള്ള സാധനങ്ങൾ ഓരോന്നായി പരിശോധിക്കുകയും ചെയ്തു. പക്ഷെ ഇതിൽ കൊണ്ടുവരാൻ പാടില്ലാത്ത യാതൊരു വിധത്തിലുള്ള വസ്തുക്കളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഏറെ നേരം എന്നെ അവിടെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഇടയ്ക്ക് എന്റെ സുഹൃത്തിനെ വിവരം അറിയിക്കുകയും അവൻ പരിചയത്തിലുള്ള ചില മാദ്ധ്യമ സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. പുറത്ത് ചാനലുകാർ എത്തിയിരുന്നെങ്കിലും എന്നെ ഇവർ പുറത്തേക്ക് വിട്ടിരുന്നില്ല. രാവിലെ പത്തരക്ക് വിമാനം ഇറങ്ങിയ എന്നെ വൈകിട്ട് 7.45നായിരുന്നു എയർപോർട്ടിൽ നിന്നും പുറത്തിറക്കിയത്. തലേ ദിവസം വിമാനം കയറിയ എനിക്ക് വൈകുന്നേരം വരെ ഭക്ഷണമൊന്നും നൽകാതെ മർദിച്ചവശനാക്കുകയായിരുന്നു. യാത്ര ഇൻഡിഗോയിലായതിനാൽ വിമാനത്തിൽ ഭക്ഷണമൊന്നും ലഭിച്ചതുമില്ല. എന്നെ ഇനിയും തടഞ്ഞു നിർത്തിയാൽ ഇത് പ്രശ്‌നമാക്കുമെന്ന് പറഞ്ഞപ്പോൾ മാത്രമാണ് വൈകിട്ട് ചായ മാത്രം കൊണ്ടുവന്നു നൽകിയത്.

എന്നെ പുറത്തിറക്കുന്നതിനു മുമ്പായി എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രവൃത്തികൾ കിട്ടുമോയെന്ന് നോക്കാൻ സിസി ടിവികളെല്ലാം പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. ഇതോടെ വൈകിട്ട് അഞ്ചു മണിക്ക് ഫ്രാൻസിസ് വീണ്ടുമെത്തി പറയുന്നതുപ്രകാരം എഴുതാൻ ആവശ്യപ്പെട്ടു. ഇത് എഴുതിയില്ലെങ്കിൽ നേരെ പൊലീസിനു കൈമാറുകയും പിന്നീട് കോടതിയിൽ ഹാജരാക്കി ജയിലിലും പോകേണ്ടി വരുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. പാസ്‌പോർട്ടിൽ ഞങ്ങൾ രേഖപ്പെടുത്തിയാൽ ജോലിയുടെ ഭാവിക്കും തടസമാകുമെന്ന് പറഞ്ഞു. എന്നെ കെണിയിലാക്കി കുടുക്കാൻ ഇവർ വിചാരിച്ചാൽ എളുപ്പമാണ്. ഇതുമനസിലാക്കി ഇവർ പറയുന്നതു പ്രകാരം ഞാൻ എഴുതി. എല്ലാം എന്റെ തെറ്റായിരുന്നെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അവർ പറഞ്ഞതു പ്രകാരം എഴുതിയിരുന്നത്. പരാതിയില്ലെന്നും ഇത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് എഴുതുന്നതെന്നുംകൂടി അതിന്റെ അവസാനത്തിൽ എഴുതിയിരുന്നു. ഇതിൽ നിന്നു തന്നെ മനസിലാക്കാവുന്നതാണ് ഇത് വേറെ ആരോ പറഞ്ഞെഴുതിക്കുന്നതാണെന്ന്. ഇപ്രകാരം എഴുതി വാങ്ങിയ സാക്ഷ്യപത്രങ്ങളുടെ ഒരു കെട്ട് തന്നെ ആ മേശപ്പുറത്തുണ്ടായിരുന്നു. ആ മാതൃകയിൽ എഴുതുന്നതിനായി പലതവണ ആ രേഖകളിൽ നോക്കിയാണ് ഓരോ വാചകങ്ങളും എനിക്ക് പറഞ്ഞു തന്നത്. ഈ കാബിനിൽ ആളുകളെ കയറ്റി മർദനവും ഭീഷണിയും ഇവിടത്തെ പതിവു രീതിയാണ്.

എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം എട്ടു കഴിഞ്ഞു. ആദ്യം കരിപ്പൂർ പൊലീസ് സ്‌റ്റേഷനിലെത്തി ഞാനും എന്റെ ബന്ധുക്കളും പരാതി നൽകി. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മർദനമേറ്റ ഭാഗങ്ങളൊക്കെ ഡോക്ടറെ കാണിച്ച് മരുന്നുകൾ വാങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞാൻ ഏതാനും ആഴ്ചകൾ മാത്രം നാട്ടിൽ നിൽക്കുന്നതിനായി അവധിക്കെത്തിയതാണ്. ഇപ്പോൾ കേസിനും അനുബന്ധകാര്യങ്ങൾക്കു മാത്രമായി നടക്കേണ്ട അവസ്ഥയാണ്. ഇതുകൊണ്ടൊക്കെത്തന്നെയാണ് ചൂഷണത്തിനിരയാകുന്ന പ്രവാസികളാരും ഇതിന്റെ പുറകെ പോകാത്തത്. ഞാൻ നീതി ലഭിക്കും വരെ ഈ കേസുമായി മുന്നോട്ടു പോകും. ഈ സംഭവത്തിനു പിന്നാലെ ഇത്തരം കൊള്ളകൾക്ക് ഇരയാകേണ്ടി വന്ന നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്. മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയകളും പിന്തുണ നൽകുന്നുണ്ട്. വിവരമറിഞ്ഞ ദുബായിലെ കമ്പനി അധികൃതരും കേസുമായി മുന്നോട്ടുപോകാനുള്ള പിന്തുണ നൽകിയത് എനിക്ക് ആത്മവിശ്വാസം പകരുന്നു.