- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊഴികൾ മാറ്റിപ്പറഞ്ഞ് കുഴപ്പിക്കുന്ന അർജുൻ ആയങ്കിയെ പൂട്ടാൻ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യും; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ അമലക്ക് നിർദ്ദേശം; അർജ്ജുന്റെ മൊബൈൽഫോൺ കണ്ടെടുക്കാൻ സാധിക്കാത്തത് തെളിവു ശേഖരിക്കൽ പ്രതിസന്ധിയിലാക്കുന്നു
കണ്ണുർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയുടെ ഭാര്യ അമലയെയും കസ്റ്റംസ് ചോദ്യം ചെയ്യും. അർജുൻ ആയങ്കിയുമായി നടത്തിയ തെളിവെടുപ്പിൽ നടത്തിയ വിവരങ്ങൾ പരിശോധിക്കുന്നതിനും വ്യക്തതത വരുത്തുന്നതിനുമാണ് അർജുന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഇവർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാൻ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
അതേസമയം സ്വർണക്കടത്തിന് പിന്നിൽ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയുമാണെന്ന് അർജുൻ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നൽകി. സ്വർണം കവർച്ച ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസിനോട് അർജുൻ സമ്മതിച്ചു. ഇതാദ്യമായാണ് സ്വർണക്കടത്തിലെ ബന്ധം സമ്മതിച്ചുള്ള മൊഴി അർജുൻ നൽകുന്നത്. ദുബൈയിൽ നിന്ന് കൊണ്ടുവരുന്ന സ്വർണം ഒരു തവണ കവർച്ച ചെയ്തിട്ടുണ്ട്.
21ാം തിയതി കരിപ്പൂരിൽ എത്തിയത് പൊട്ടിക്കൽ പ്ലാനുമായാണ്. പൊട്ടിക്കലിന് സഹായിക്കുന്നത് ദുബൈയിലെ സുഹൃത്താണെന്നും അർജുൻ മൊഴി നൽകിയിട്ടുണ്ട്. കണ്ണൂരിലെ തെളിവെടുപ്പിന് ശേഷം അർജുനെ ഇന്ന് രാത്രിയോടെ കൊച്ചിയിൽ എത്തിക്കും. ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അർജുനെ വിശദമായി ചോദ്യം ചെയ്യും. ചൊവ്വാഴ്ച വരെയാണ് അർജുൻ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. എൽ.എൽ.ബി ബിരുദ വിദ്യാർത്ഥിനിയായ അമല കൊല്ലം സ്വദേശിനിയാണ്.
അഴീക്കൽ കപ്പക്കടവിൽ അർജുനെടുത്ത പുതിയ വീട്ടിലാണ് താമസിച്ചു വരുന്നത്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് ഇവർ തമ്മിൽ നീണ്ട നാളത്തെ പ്രണയത്തെ തുടർന്ന് വിവാഹിതരായത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. അതേസമയം അർജുനുമായുള്ള തെളിവെടുവിനിടെ ഇയാളുടെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല കാർ തിരിക്കുമ്പോൾ നഷ്ടപ്പെട്ടു പോയെന്നാണ് അർജുൻ മൊഴി നൽകിയതെങ്കിലും പിന്നിട് താൻ പുഴയിലേക്ക് എറിഞ്ഞു കളഞ്ഞെന്ന് മാറ്റിപറയുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ