തുടർപരാജയങ്ങളുടെ നിഴലിലാണ് ബോളിവുഡ്.സുപ്പർ താരങ്ങൾക്ക് പോലും അടിപതറുന്ന കാഴ്‌ച്ച.തിയേറ്ററിൽ പരാജയം തുടർക്കഥയാകുമ്പോൾ ഒടിടി പരീക്ഷണത്തിന് ഒരുങ്ങുകയാണ് അക്ഷയ്കുമാർ. അദ്ദേഹം നായകനാവുന്ന പുതിയ ചിത്രം കട്പുട്‌ലി' ഡയറക്ട് ഒടിടി റിലീസ് ആണ്.പുതിയ ചിത്രത്തിലൂടെ ആരാധകർ തൃപ്തരാകുമെന്ന പ്രതീക്ഷയിലാണ് അക്ഷയ്.

അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരിയാണ് കട്പുട്‌ലി സംവിധാനം ചെയ്യുന്നത്.പൂജ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ വഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്ശിഖ ദേശ്മുഖ് എന്നിവർ നിർമ്മിച്ചിരിക്കുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആണ്.

ഹിമാചൽ പ്രദേശിലെ കസൗളി കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങൾ നടത്തിയ ഒരു സീരിയൽ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസർ നടത്തുന്ന അന്വേഷണമാണ്. അക്ഷയ് കുമാർ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളികളെ സംബന്ധിച്ച് ഒരു സർപ്രൈസ് കാസ്റ്റിംഗും ഉണ്ട്. ഞാൻ സ്റ്റീവ് ലോപ്പസിലെ ഹരിയെയും മഹേഷിന്റെ പ്രതികാരത്തിലെ ജിംസണെയുമൊക്കെ ഗംഭീരമാക്കിയ മലയാളി നടൻ സുജിത്ത് ശങ്കർ ആണ് ചിത്രത്തിൽ പരമ്പര കൊലപാതകിയെ അവതരിപ്പിക്കുന്നത്.

ഇതിനകം തമിഴിലും അഭിനയിച്ചിട്ടുള്ള സുജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റമാണ് കട്പുട്‌ലി. അസീം അറോറ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. സംഗീതം ഡോ. സിയൂസ് തനിഷ്‌ക് ബാഗ്ചി, സൗണ്ട് ഡിസൈനർ ദിലീപ് സുബ്രഹ്‌മണ്യൻ, ആക്ഷൻ ഡയറക്ടർ പർവേസ് ഷെയ്ഖ്. ചിത്രം സെപ്റ്റംബർ 2 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.