ഗോൾഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിലെ ചട്ട ലംഘനത്തിന് രണ്ട് മലയാളി താരങ്ങളെ ഗെയിംസ് വില്ലേജിൽ നിന്നും പുറത്താക്കി. നടത്ത താരം കെ.ടി ഇർഫാൻ, ട്രിപ്പിൾ ജമ്പ് താരം രാകേഷ് ബാബു എന്നിവരാണ് പുറത്തായത്. ഇരുവരുടെയും അക്രഡിറ്റേഷൻ റദ്ദാക്കി. കോമൺവെൽത്ത് ഗെയിംസിന്റെ 'നോ നീഡിൽ പോളിസി' ലംഘിച്ചതിനെ തുടർന്നാണ് നടപടി.

ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗിൽനിന്ന് സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. അതേസമയം താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് സി ജി എഫ് അറിയിച്ചിട്ടുണ്ട്.

ഇർഫാന്റെ നടത്തമത്സരം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇരുപതു കിലോ മീറ്റർ നടത്തമത്സരത്തിലായിരുന്നു ഇർഫാൻ പങ്കെടുത്തിരുന്നത്. മത്സരത്തിൽ 13-ാമതായാണ് ഇർഫാൻ ഫിനിഷ് ചെയ്തത്. ഇന്നത്തെ ട്രിപ്പിൾ ജമ്പ് മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് രാകേഷിനെ പുറത്താക്കിയിരിക്കുന്നത്.

അതേസമയം, വിറ്റമിൻ കുത്തിവയ്‌പ്പാണ് എടുത്തതെന്നാണ് ഇരുവരുടെയും വാദം. എന്നാലിത് ആന്റി ഡോപിങ് അഥോറിറ്റി തള്ളിക്കളഞ്ഞു. ഇരുവർക്കുമെതിരെ അച്ചടക്കനടപടി എടുക്കുമെന്ന് ഇന്ത്യൻ അത്ലറ്റിക്‌സ് ഫെഡറേഷനും അറിയിച്ചു.