മലയാള സിനിമയിൽ ഇത് വിവാദത്തിന്റെ കാലമാണ്. മമ്മൂട്ടി അഭിനയിച്ച കസബയെ കുറിച്ച് പരാമർശിച്ച് കഴിഞ്ഞ വർഷ അവസാനം നടി പാർവതിയാണ് വിവാദത്തിന് തുടക്കമിട്ടതെങ്കിൽ പുതുവർഷ പുലരിയിൽ നടി റിമാ കല്ലിങ്കലാണ് പുത്തൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയും പ്രതിഫലത്തിലുള്ള അസമത്വവും ചൂണ്ടിക്കാണിച്ചതിനാണ് നടി റിമാ കല്ലിങ്കലിന് നേരെ സൈബർ ആക്രമണം ശക്തമായിരിക്കുന്നത്.

നേരത്തെ ടെഡ് എക്സ് ടോക്സിൽ പങ്കെടുക്കവേ റിമ മലയാള സിനിമയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെയും മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ പുലിമുരുകനിലെ ആകെയുള്ള സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും റിമ സംസാരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് മോഹൻലാൽ ഫാൻസിന്റെ അസഭ്യവർഷം. റിമയുടെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഫാൻസിന്റെ തെറിവിളികളുമായി എത്തിയിരിക്കുന്നത്. റിമയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സൈബർ ആക്രമികൾ. ഫെമിനിച്ചി എന്ന് വിളിച്ചു കൊണ്ടാണ് റിമയ്‌ക്കെതിരെയുള്ള ആക്രമണം സോഷ്യൽ മീഡിയയിൽ തുടരുന്നത്.

'ഹാപ്പി ഹസ്ബൻസ് എന്ന സിനിമയിൽ ചേച്ചി ചെയ്ത റോൾ എന്തായിരുന്നു... ശ്യോ ഓർമ കിട്ടുന്നില്ലല്ലോ....' എന്നാണ് ഒരാളുടെ കമന്റ്.

ചേച്ചി ഫീൽഡ് ഔട്ട് ആയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് നാട്ടുകാരെ അറിയിക്കണം അതിനാണ് ഇതൊക്കെ കാട്ടി കൂട്ടുന്നതെന്നാണ് മറ്റൊരു കമന്റ്.

ലാലേട്ടന്റേം മമ്മൂക്കടേം മെക്കിട്ട് കേറാൻ ചങ്കൂറ്റമുള്ള ഏത് ഫെമിനിച്ചിയാടാ ഇവിടെ ഉള്ളത്... ഇങ്ങനെ പോകുന്നു റിമയ്‌ക്കെതിരെയുള്ള കമന്റുകൾ.