- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയതിന് പിന്നാലെ പി കെ ജയലക്ഷ്മിക്കെതിരെ അപവാദ പ്രചരണം; വർഷങ്ങൾക്ക് മുമ്പ് ഒരു ചാനൽ നൽകിയ തെറ്റായ വാർത്തയുടെ സ്ക്രീൻഷോട്ടുമായി സൈബർ ലോകത്ത് വ്യക്തിഹത്യാ പ്രചരണം; വ്യാജപ്രചരണം കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് ജയലക്ഷ്മിയുടെ പരാതി
കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി കെ ജയലക്ഷ്മി വീണ്ടും മത്സരിക്കുന്നതിനിടെ അവർക്കെതിരെ വീണ്ടും സൈബർ ആക്രണം. മുമ്പ് ഒരു ചാനൽ നൽകിയ വ്യാജവാർത്തയുടെ സ്ക്രീൻഷോട്ടുായാണ് വീണ്ടും പ്രചരണം ശക്തമായിരിക്കുന്നത്. ഈ പ്രചരണത്തിനെതിരെ പി കെ ജയലക്ഷ്മി പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടർക്കും ജയലക്ഷ്മി പരാതി നൽകി. വാട്സ് ഗ്രൂപ്പ് അഡ്മിന്മാർ, വാട്സ് ആപ്പ് നമ്പറുകൾ, ഫേസ് ബുക്ക് ഗ്രൂപ്പുകൾ, പേജുകൾ, അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് ഡിജിറ്റൽ തെളിവുകൾ സഹിതം ജയലക്ഷ്മി പരാതി നൽകിയത്.
വ്യക്തിഹത്യ ചെയ്യുന്ന രീതിയിലും കുടുംബത്തെയും സമുദായത്തെയും അപമാനിക്കുന്ന തരത്തിലും സൈബർ ആക്രമണം നടക്കുകയാണന്നും സ്ത്രീയെന്ന പരിഗണനയോ പട്ടികവർഗക്കാരി എന്ന പരിഗണനയോ നൽകുന്നില്ലന്നും താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലാണന്നും പരാതിയിൽ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു ചാനലിൽ തനിക്കെതിരേ വന്ന വാർത്തയാണ് സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നും ഈ വാർത്തക്കെതിരേ താൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ സമഗ്രാന്വേഷണം നടത്തി തെളിവില്ലന്ന് കണ്ട് വിജിലൻസ് അവസാനിപ്പിച്ചതാണന്നും ജയലക്ഷ്മി പറഞ്ഞു.
താൻ മന്ത്രിയായിരിക്കെ കുടംബത്തിൽ ഒരാൾക്കും അനർഹമായ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. എന്നാൽ മന്ത്രിയായിരുന്നപ്പോൾ ബന്ധുക്കളായതിന്റെ പേരിൽ മുന്നൂറിലധികം അംഗങ്ങളുള്ള തന്റെ തറവാട്ടിലെ അർഹതപ്പെട്ട പലർക്കും പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തുന്നതിന് എതിർചേരിയിൽ നിന്നുള്ളവർ വീണ്ടും അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാണ് ജയലക്ഷ്മിയെ തളർത്തിത്. ഏഷ്യാനെറ്റ് ന്യൂസ് തനിക്കെതിരെ മാധ്യമ വേട്ട നടത്തുകയാണെന്നും അഴിമതി ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. കേസ് വിജിലൻസിന് മുമ്പിലെത്തി. പിണറായിയുടെ വിജിലൻസ് എല്ലാം പരിശോധിച്ചു. പക്ഷേ അഴിമതിക്ക് മാത്രം തെളിവു കിട്ടിയില്ല. അങ്ങനെ ജയലക്ഷ്മി കുറ്റ വിമുക്തയാക്കുകയും ചെയ്തു.
ജയലക്ഷ്മിക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിച്ചു. വിവരാവകാശരേഖ പ്രകാരം നിലവിൽ ജയലക്ഷ്മിക്കെതിരെ യാതൊരു കേസും നിലവിലില്ലെന്നും മറുപടിയിലുണ്ട്. പട്ടിക വർഗ വികസന വകുപ്പിന്റെ പദ്ധതികളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. ക്രമക്കേടുകളൊന്നും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ജയലക്ഷ്മിക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിച്ചത്. മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ക്രമക്കേടുകൾ കണ്ടെത്താൻ സാധിക്കാതെ കേസ് അവസാനിപ്പിച്ചതെന്ന് പടിഞ്ഞാറത്തറ സ്വദേശിക്ക് നൽകിയ വിവരാവാകാശ രേഖയിൽ വ്യക്തമാക്കുന്നു. വിവരാവകാശരേഖ പ്രകാരം നിലവിൽ ജയലക്ഷ്മിക്കെതിരെ യാതൊരു കേസും നിലവിലില്ലെന്നും മറുപടിയിലുണ്ട്.
തന്നെയും കുടുംബത്തെയും മാനസികമായി തളർത്തുതിനും, പീഡിപ്പിക്കുതിനും, ആക്ഷേപിക്കുന്നതിനും ഒരു വർഷം മുമ്പ് ആരംഭിച്ച ഈ ക്വട്ടേഷൻ ജോലിയാണ് ഏഷ്യാനെറ്റ് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കു രീതിയിൽ അടിസ്ഥാന രഹിതമായ ദൃശ്യങ്ങളും രേഖകളും കാണിച്ചാണ് വാർത്ത സംപ്രേഷണം ചെയ്തത്. ഒരു സ്ത്രീ എന്ന പരിഗണനയോ, പട്ടിക വർഗ്ഗക്കാരി എന്ന പരിഗണനയോ ഒരിക്കൽ പോലും നൽകിയില്ല. എന്നെ പോലെ മറ്റൊരു പൊതു പ്രവർത്തകയ്ക്കും മാധ്യമങ്ങളിൽ നിന്നു ഇത്തരം ഒരു പീഡനം ഇനി ഉണ്ടാകാൻ പാടില്ല-ഇതായിരുന്നു അഞ്ചു കൊല്ലം മുമ്പ് മന്ത്രിയായിരുന്ന ജയലക്ഷ്മിയുടെ വാക്കുകൾ. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ വിജലിൻസിന്റെ അന്വേഷണ റിപ്പോർട്ടും.
പട്ടികവർഗ വിഭാഗക്കാരുടെ വായ്പ എഴുതി തള്ളുന്ന പദ്ധതിയിൽ വഴിവിട്ട് സ്വന്തം കുടുംബാംഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തി കോടികൾ എഴുതി തള്ളിയെന്നായിരുന്നു വാർത്ത. വാർത്ത ജയലക്ഷ്മി നിഷേധിച്ചു. അർഹതപ്പെട്ട ഒരാളെപ്പോലും അവഗണിക്കുകയോ, ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നിട്ടില്ല. എന്റെ സമുദായത്തിൽ ഒരാൾക്കു പോലും മറ്റൊരാൾക്ക് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് ജയലക്ഷ്മി പറഞ്ഞത്. പാലോട്ട് എന്ന അഡ്രസ്സിൽ അവർക്ക് വീട്ടുപേരുണ്ടെങ്കിലും അവർ വെവ്വേറെ കുടുംബങ്ങളാണ്. 56 കുറിച്ച്യ തറവാടുകളാണ് ഞങ്ങൾക്കുള്ളത്. വിദ്യാഭ്യാസ കാര്യത്തിലും, ജീവിത രീതിയിലും, ഭൂസ്വത്തിലും മുന്നിലാണെങ്കിലും, സാമ്പത്തികമായി പലരും വളരെ പിന്നോക്കമാണ്. വിവാഹം കഴിഞ്ഞാൽ വീട്ടു പേര് തറവാടിന്റെ പേരിൽ അറിയപ്പെടുന്നമെങ്കിലും, വെവ്വേറെ കുടുംബങ്ങളായാണ് താമസിക്കുന്നതെന്ന് ജയലക്ഷ്മി വിശദീകരിച്ചിരുന്നു. മന്ത്രിയായ ശേഷം ഇവരിലൊരാൾക്കു പോലും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് ജയലക്ഷ്മി വിശദീകരിച്ചിരുന്നു.
വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിക്കുന്ന തരത്തിൽ ചാനലിൽ നൽകിയ വാർത്തക്കെതിരെ ജയലക്ഷ്മി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതേസമയം, വിവിധ പദ്ധതികളിലെ അഴിമതി ആരോപിച്ച് മറ്റൊരു വ്യക്തിയും വിജിലൻസിൽ പരാതി നൽകിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കെ പ്രസ്തുത കേസുകൾ അന്വേഷിക്കുന്നതിന് ജില്ലയിൽ നേരിട്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ക്രമക്കേടുകൾ കണ്ടെത്താനാകാതെ വിജിലൻസിന് സമയനഷ്ടം വരുത്തുന്നതിനാൽ കേസ് അവസാനിപ്പിക്കാൻ ഡയറക്ടർ നിർദ്ദേശം നൽകുകയായിരുന്നു.
ജയലക്ഷ്മിയുടെ ഭാഗം പോലും കേൾക്കാതെ ഏകപക്ഷീയമായാണ് ചാനൽ വാർത്ത നൽകിയത്. മാത്രമല്ല, വലിയ അഴിമതിക്കാരിയായി ജയലക്ഷ്മിയെ ചിത്രീകരിക്കുകയും ജയലക്ഷ്മിയുടെ പാലോട് തറവാടിനെയും കുറിച്യസമുദായത്തെയും അധിക്ഷേപിക്കുന്ന തരത്തിലുമായിരുന്നു വാർത്ത നൽകിയതെന്നും പറയുന്നു. ഈ വാർത്തക്കെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ കമ്മീഷനും ജയലക്ഷ്മി നൽകിയ പരാതിയിൽ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്. വാർത്തക്കും ഇപ്പോഴും തുടരുന്ന സൈബർ ആക്രമണത്തിനും എതിരെ പോക്സോ നിയമം, പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം ജയലക്ഷ്മി നൽകിയ മറ്റൊരു പരാതിയിലും കേസ് നിലനിൽക്കുന്നുണ്ട്.
മാനന്തവാടി നിയമസഭ മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമ്പത്തിനാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു പക്ഷെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 3516 വോട്ടിന്റെ ആധിപത്യമുണ്ടാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അത്ര നേട്ടമുണ്ടാക്കിയില്ലെങ്കിലും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതുകൊണ്ടാണ് പി കെ ജയലക്ഷ്മിയെ തന്നെ വീണ്ടും യുഡിഎഫ് കളത്തിലിറക്കുന്നത്. സിറ്റിങ് എംഎൽഎയായ ഒ ആർ കേളുവിനെതിരെ മുൻ മന്ത്രി പി കെ ജയലക്ഷ്മിയാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിസ്സാര ഭൂരിപക്ഷത്തിന് വിജയം നഷ്ടപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി പി കെ ജയലക്ഷ്മി ഇത്തവണ മണ്ഡലം പിടിക്കുക എന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോകുന്നത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷം വർധിപ്പിക്കാനും നില വർധിപ്പിക്കാനുമാണ് എൽഡിഎഫിന്റെ നേട്ടം.
2001ലെ വിജയം ആവർത്തിക്കാൻ പി കെ ജയലക്ഷ്മി ശ്രമിക്കുമ്പോൾ തുടർഭരണം ലക്ഷ്യമിട്ടുള്ള പ്രചാരണവുമായി മുന്നോട്ടു പോകുകയാണ് എൽഡിഎഫ്. കടകളിലും വീടുകളിലും കയറിയിറങ്ങി ഒ ആർ കേളു പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇടയ്ക്ക് മാത്രം കൈവിട്ടു പോകുന്ന കുത്തക മണ്ഡലം തിരിച്ചു പിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അതേസമയം, ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബിജെപി പ്രാദേശിക നേതൃത്വം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ എന്ന മണിക്കുട്ടൻ താൻ പിന്മാറുന്നതായി പ്രഖ്യാപിച്ച് രംഗത്തെത്തി. താൻ അറിയാതെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതെന്നും ബിജെപി അനുഭാവിയല്ലാത്ത തനിക്ക് മത്സരിക്കാൻ താത്പര്യമില്ലെന്നും മണിക്കുട്ടൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ