- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് മനോരമയ്ക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് അല്ലെന്ന് പറയാൻ പറഞ്ഞു; അഭിനയിക്കുന്ന ചേച്ചി കോൺഗ്രസുകാരി അല്ലെന്നും പറയാൻ പറഞ്ഞു; സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയ പിഎസ്സി ഉദ്യോഗാർത്ഥികൾക്ക് നേരേ സൈബറാക്രമണവുമായി പോരാളി ഷാജി അടക്കമുള്ള സൈബർ സഖാക്കൾ
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർത്ഥികൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ജനുവരി 26 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ സമരം തുടരുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾ തിങ്കളാഴ്ച സമരവേദിയിലെത്തിയിരുന്നു. ഇതിനിടെ ഉദ്യോഗാർത്ഥികളിൽ രണ്ടുപേർ തിങ്കളാഴ്ച ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. റാങ്ക്ലിസ്റ്റിൽ 954-ാം റാങ്കുകാരനായ പ്രിജു, 354-ാം റാങ്കുകാരനായ പ്രവീൺകുമാർ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. തുടർന്ന് പൊലീസ് മണ്ണെണ്ണ പിടിച്ചുവാങ്ങുകയും ഇരുവരെയും സമരവേദിയിൽ നിന്ന് നീക്കുകയും ചെയ്തു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണെണ്ണയുടെ സാന്നിദ്ധ്യം ഒഴിവാക്കി.സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധത്തിൽ സംസാരിച്ചശേഷം സങ്കടം കൊണ്ട് കരയുന്ന ലയ എന്ന യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈബർ സഖാക്കൾ ഉദ്യോഗാർത്ഥികൾക്കെതിരെ ആക്രമണവുമായി സോഷ്യൽ മീഡിയയിൽ എത്തി.
ജോലി കിട്ടുമെന്ന തങ്ങളുടെ പ്രതീക്ഷയും സ്വപ്നവും പൊലിയുമെന്ന ആശങ്കയാണ് ചില ഉദ്യോഗാർത്ഥികളെ കടുംകൈക്ക് പ്രേരിപ്പിച്ചത്. എന്നാൽ, സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുകവിയുന്ന നാളുകളിൽ, ഇടത് പക്ഷത്തെ പ്രതിരോധിക്കാൻ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് യും കൂട്ടരും. സമരത്തിനിടെ വികാരവിക്ഷോഭത്താൽ കരഞ്ഞുപോയ രണ്ട് വനിതാ ഉദ്യോഗാർത്ഥികളായിരുന്നു ഷാജിയുടെയും സഹപ്രവർത്തകരുടെയും ടാർജറ്റ്.
'ഇത് മനോരമയ്ക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് അല്ലെന്ന് പറയാൻ പറഞ്ഞു എന്നാണ് പോരാളി ഷാജിയുടെ പരിഹാസം. അഭിനയിക്കുന്ന ചേച്ചി കോൺഗ്രസുകാരി അല്ലെന്നും പറയാൻ പറഞ്ഞു. വേറെ ഒരുഅദ്ഭുതം കൂടി അവിടെകാണാം. ഒരുചേച്ചിയുടെ കണ്ണീർ വരുന്നത് നെറ്റിയിൽ നിന്നാണ്. അതാണ് ചേച്ചി നെറ്റി തുടയ്ക്കുന്നത്. ( വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടപ്പോൾ കുറ്റം പറഞ്ഞവരാ...ഇപ്പോൾ പിഎസ്സിയോട് എന്തൊരു സ്നേഹം. ...!) ഉമ്മൻ ചാണ്ടിയുടെ കാലത്ത് 13,000 നിയമനങ്ങൾ പിൻവാതിലിലൂടെ നടത്തിയപ്പോൾ ചേച്ചിമാർക്ക് ജലദോഷമായിരുന്നു അല്ലേ? ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എന്തൊരു ആത്മാർത്ഥത..പിഎസ്സിയോട്..ഇതൊക്കെ കുറെ കണ്ടതാ ചേച്ചിമാരെ'-പോരാളി ഷാജിയുടെ പരിഹാസം ഇങ്ങനെ.
ഷാജിയുടെ പരിഹാസം ഏറ്റുപിടിച്ച് മോഡലും സിപിഎം സൈബർ പോരാളിയുമായ രശ്മി നായരും രംഗത്തെത്തി. ആരും കാണാതെ മാറി നിന്ന് കരയുന്ന കുട്ടി...നാളത്തെ മനോരമയുടെ ഫ്രണ്ട് പേജ് എന്നായിരുന്നു രശ്മി നായർ കുറിച്ചത്.
മുമ്പും പിഎസ്സി ഉദ്യോഗാർ്ത്ഥികളെ അധിക്ഷേപിച്ച് രശ്മി നായർ രംഗത്തെത്തിയിരുന്നു.പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉന്നത വിജയം നേടിയിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാർത്ഥിയെയാണ് കഴിഞ്ഞ വർഷം ക്രൂരമായി രശ്മി ക്രൂരമായി അധിക്ഷേപിച്ചത്. '28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ് വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്'-എന്നായിരുന്നു രശ്മി ആർ നായരുടെ പോസ്റ്റ്. വ്യപകമായി വിമർശനം ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചു.
പിഎസ്സിയുടെ എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും നിയമനം ലഭിക്കാത്തതിൽ മനംനൊന്താണ് തിരുവനന്തപുരം സ്വദേശിയായ അനു ആത്മഹത്യ ചെയ്തത്. അനുവിന്റെ ആത്മഹത്യയോടെ പ്രതിരോധത്തിലായ സർക്കാറിനെ രക്ഷിക്കാൻ അനുവിന്റെ വിമർശിച്ച് ന്യായീകരണവുമായി സഖാക്കൾ രംഗത്ത് വന്നിരുന്നു. അനുവിന് വിഷാദ രോഗമാണെന്നായിരുന്നു ന്യായീകരണം. ഇതിന് പിന്നാലെയാണ് അനുവിനെ വ്യക്തിപരമായും പിഎസ്സി പരീക്ഷക്ക് പരിശീലനം നേടുന്ന മുഴുവൻ ഉദ്യോഗാർത്ഥികളേയും അപമാനിച്ച് രശ്മി നായർ രംഗത്ത് വന്നത്.
അതേസമയം, ഇന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം പതിന്നാലാം ദിവസം പിന്നിടുമ്പോഴായിരുന്നു ഉദ്യോഗാർത്ഥികൾ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ജോലി അല്ലെങ്കിൽ മരണം, ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുള്ളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി എത്തിയ ഉദ്യോഗാർത്ഥികളുടെ നിലപാട്.
ആത്മഹത്യ ശ്രമം ഉണ്ടാകുമെന്നറിഞ്ഞതോടെ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചു. ഉദ്യോഗാർത്ഥികളുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ കവറിൽ സൂക്ഷിച്ച മണ്ണെണ്ണ റിജു എന്ന ഉദ്യോഗാർത്ഥി ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരാളും ആത്മഹത്യാ ശ്രമം നടത്തി. വെള്ളം ചീറ്റിയും പിടിച്ചുമാറ്റിയുമായിരുന്നു പൊലീസ് നടപടി. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സെത്തി റോഡ് അടക്കം കഴുകി.
തൊട്ടുപിന്നാലെ ആംബുലൻസിൽ റിജുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉദ്യോഗാർത്ഥികൾക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. റാങ്ക് പട്ടികയുടെ കാലാവധി ദീർഘിച്ചെന്ന സർക്കാർ പ്രഖ്യാപനം തട്ടിപ്പാണെന്നും റാങ്ക് പട്ടികയിൽ നിന്നുള്ള പകുതിപ്പേർക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.