തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് വി ടി ബൽറാം. പതിവ് രാഷ്ട്രീയക്കാരെ പോലെ ചാനൽ ചർച്ചകളിൽ മുഖം കാണിക്കാൻ പോകാതെ ബൽറാം തന്റെ അഭിപ്രായം ശക്തമായി പറയുന്നതിന് ഉപയോഗിക്കുന്ന് ഫേസ്‌ബുക്കാണ്. സിപിഎമ്മിനെ ശക്തമായി എതിർക്കുന്ന നേതാവാണ് ബൽറാം. അതുകൊണ്ട് തന്നെ അവരെ ഏറ്റവും അലോസരപ്പെടുത്തുന്നതും ബൽറാമിന്റെ പോസ്റ്റുകളാണ്. പലപ്പുറം സിപിഎം സൈബർ സഖാക്കൾ മുഖമടച്ചുള്ള മറുപടികൾ ബൽറാമിൽ നിന്നും വാങ്ങിയിട്ടുണ്ട്.

ബൽറാമിനെതിരെ ശക്തമായ സൈബർ ആക്രമണം നടത്തിയ ശേഷവും നിശബ്ദനാക്കാൻ സാധിച്ചിട്ടില്ല. എകെജി വിവാദത്തിൽ ബൽറാമിനെ കൊണ്ട് മാപ്പു പറയിക്കും എന്നു പറഞ്ഞിട്ട് അതിന് സാധിക്കുകയുമുണ്ടായില്ല. അവർ പൊക്കിക്കൊണ്ടുവന്ന ആരോപണങ്ങൾ പലതും ബൽറാം ചുട്ട മറുപടികൾ കൊണ്ട് നിശബ്ദരാക്കി. ദേശാഭിമാനിയും കൈരളിയുമാകട്ടെ ബൽറാമിനെ നിശബ്ദനാക്കാൻ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൽ എത്തിക്കുകയും ചെയ്തു. എന്നിട്ടും ബൽറാം തന്റെ നിലപാടിൽ നിന്നും പിന്നോട്ടു പോയിട്ടില്ല. എല്ലാത്തിനും മറുപടി നൽകി.

കേട്ടാൾ ചിരിച്ചു പോകുന്ന ആരോപണങ്ങളാണ് സൈബർ തൊഴിലാളികൾ ഉന്നയിക്കുന്നത്. അതിന് ഉദാഹരണമാണ് മാർക്ക് തിരുത്തൽ ആരോപണം. ഈ മാർക്ക് തിരുത്തലാകട്ടെ ഇന്റേണൽ മാർക്കിനെ കുറിച്ചാണെന്ന കൂടി ഓർക്കണം. എല്ലാ ബിരുദങ്ങളും ഉന്നത മാർക്കോടെ പാസായ വ്യക്തി കൂടിയാണ് ബൽറാം എന്നു കൂടി ഓർക്കണം. അതുകൊണ്ടും പാഠം പഠിക്കാതെ ബൽറാമിന്റെ വീടിനെ കുറിച്ചു ആരോപണം ഉന്നയിച്ച് വന്നത്.

അഴിമതി നടത്തി എംഎൽഎ ആഡംബര വസതി പണിയുന്നു എന്ന വിധത്തിലാണ് ഇവരുടെ പ്രചരിപ്പിച്ചത്. സിപിഎം സൈബർ വിങ്ങുകൾ വഴിതന്നെയാണ് തൃത്താല എംഎൽഎക്കെതിരെ ആരോപണം ഉയർത്തിയത്. ബൽറാമിന്റെ കുടുംബ വീട് പുതുക്കി പണിയുന്ന ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബൽറാമിനെതിരായ പ്രചരണം. ബൽറാമിന് ആഡംബര വസതി പണിയാൻ എവിടെ നിന്നും പണം കിട്ടി എന്ന ചോദ്യം ഉയർത്തിയപ്പോൾ അതിന് ബൽറാം തന്നെ ചുട്ട മറുപടി നൽകി. ബീ വിത്ത് വി ടി ബൽറാം എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ബൽറാം വിവാദത്തിന് മറുപടി നൽകിയിരിക്കുന്നത്.

സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത് താനടക്കം ആറ് മക്കൾക്ക് അവകാശമുള്ള അമ്മയുടെ തറവാട് വീടാണെന്നും അതിന്റെ നവീകരണമാണെന്നും ബൽറാം വ്യക്തമാക്കുന്നു. നേരത്തേ തന്നെ ഏതാണ്ട് 3000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള, 7 കിടപ്പുമുറികൾ ഉണ്ടായിരുന്ന വീടാണത്. ഇപ്പോൾ ഏതാണ്ട് 700 ഓളം സ്‌ക്വയർഫീറ്റ് കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന തൊഴുത്ത് ഒരു ഓഫീസ് മുറിയായി മാറ്റുന്നുണ്ടെന്നും ബൽറാം കുറിക്കുന്നു. ഇതിനുള്ള വരുമാനം എവിടെ നിന്നെന്ന ചോദ്യത്തിനും വായടപ്പിക്കുന്ന മറുപടി അദ്ദേഹം നൽകി.

ഉദ്യോഗസ്ഥരായ തന്റെ സഹോദരങ്ങളുടെ വിവരങ്ങൾ പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി. പ്രശസ്ത ന്യൂറോളജിസ്റ്റായ ഒരു ഡോക്ടർ, സൗദിയിലും ബാംഗ്ലൂരിലും ജോലി ചെയ്യുന്ന രണ്ട് എഞ്ചിനീയർമാർ, സർക്കാർ ശമ്പളം വാങ്ങുന്ന രണ്ട് അദ്ധ്യാപകർ എന്നിവരാണ് ജ്യേഷ്ഠന്മാരെന്നും. എല്ലാവരുടേയും ചേർത്താൽ ഒരു മാസം ഏതാണ്ട് 15 - 20 ലക്ഷം രൂപ വരുമാനമുണ്ട്. ഇപ്പോൾ നടന്നുവരുന്ന നവീകരണ പ്രവൃത്തികൾക്ക് ഏതാണ്ട് 25-30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ബൽറാം മറുപടി നൽകി.

ഒന്നുമില്ലായ്മയിൽ നിന്ന് കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിലേക്ക് കൂടി സമാനമായ ഓഡിറ്റിങ് നടത്തുന്നതും നല്ലതായിരിക്കുമെന്നും പറഞ്ഞ് കോടിയേരിയുടെ മക്കളുടെ കാര്യം കൂടി ഓർമ്മപ്പെടുത്തി വി ടി ബൽറാം. ബൽറാമിന്റെ മറുപടി സൈബർ ലോകത്തെ കോൺഗ്രസുകാർ ആഘോഷമാക്കുമ്പോൾ ജാള്യത മറയ്ക്കാനുള്ള കൂടുതൽ ശ്രമങ്ങളുമായി സൈബർ പോരാളികൾ രംഗത്തെത്തി.

ഇത്് കൂടാതെ എംഎൽഎ ഫണ്ടിൽ നിർമ്മിച്ച കെട്ടിടം ചോരുന്നു എന്ന് വരെ പറഞ്ഞു കൊണ്ടാണ് എംഎൽഎക്കെതിരായ ആരോപണങ്ങൾ. ഇത് തെളിയിക്കുന്നത് ബൽറാമിനെ സിപിഎം സൈബർ തൊഴിലാളികൾ ഭയപ്പെടുന്നു എന്നു തന്നെയാണ്. ഇത്തരം ആരോപണങ്ങൾ ബൽറാമിന്റെ കരുത്തു കൂട്ടുകയാണ് ചെയ്യുന്നത്. ആരോപണങ്ങൾ കൊണ്ട് ബൽറാം വെറുമൊരു എംഎൽഎ എന്ന നിലയിൽ നിന്നും കരുത്തുള്ള നേതാവാക്കി മാറ്റുകയാണ് ചെയ്യുന്നത്.