ലണ്ടൻ: സൈബർ ലോകത്തെ ഞെട്ടിച്ചു കൊണ്ടുള്ള വാനാക്രൈ ആക്രമണത്തിൽ സൈബർ സുരക്ഷയിൽ മുന്നിലുള്ള രാജ്യങ്ങളും ഞെട്ടി. യുകെ, യുഎസ്, റഷ്യ എന്നീ ശക്തികള ശരിക്കും ഞെട്ടിച്ചുകൊണ്ടുള്ള റാൻസംവേർ ആക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. റഷ്യയിലും ഉക്രൈയ്‌നിലും അതിശക്തമായ വൈറസ് ആക്രമണം തന്നെയാണ് നേരിട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യയിൽ കാര്യമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല.

റഷ്യയിലെ എണ്ണക്കമ്പനിയിലും യുക്രൈനിലെ അന്താരാഷ്ട്ര വ്യോമതാവളത്തിലുമാണ് കൂടുതൽ ആക്രമണമുണ്ടായത്. ഇരുരാജ്യങ്ങളും കംപ്യൂട്ടർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പും നൽകി. ബ്രിട്ടൻ ആസ്ഥാനമായുള്ള പരസ്യഏജൻസിയായ ഡബ്ല്യു.പി.പി.യും ആക്രമണത്തിനിരയായതായി റിപ്പോർട്ടുണ്ട്. ചെർണോബിൽ ആണവ നിലയത്തിലെ ആണവ റേഡിയേഷൻ നിരീക്ഷണ സംവിധാനവും വാനാക്രൈ ആക്രമണത്തിൽ തകരാറിലായി.

നൂറ് കണക്കിന് സ്വകാര്യ സ്ഥാപനങ്ങളും വാനാക്രൈ ആക്രമണത്തിന് ഇരയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഉക്രൈനിൽ സർക്കാർ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകലും വാനാക്രൈ ആക്രമണത്തിൽ നിശ്ചലമായി. ഉക്രൈനിലെ പവർഗ്രീഡ്, എയർപോർട്ട്, നാഷണൽ ബാങ്ക് എന്നിവിടങ്ങളിലെ സംവിധാനങ്ങളെയും വാനാെൈക്രെ ആക്രമണം നിശ്ചലമാക്കി. നോർവേ, ഡെന്മാർക്ക് ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലും വാനാക്രൈ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. നേരത്തെ യുകെയിലെ എൻഎച്ച്എസ് ആശുപത്രികളെയും വാനാക്രൈ ആക്രമണം ബാധിച്ചിരുന്നു.

മേയിലുണ്ടായ വാനാക്രൈ ആക്രമണത്തിന് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ ഇരയായിരുന്നു. കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാൻസംവേർ വിഭാഗത്തിൽപ്പെടുന്ന മാൽവേറാണ് ആക്രമണത്തിനുപയോഗിച്ചത്. ആക്രമണത്തിനുപിന്നിൽ ആരാണെന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. പിന്നിൽ ഉത്തരകൊറിയ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി രൂപപ്പെടുത്തിയ കോഡ് കൈക്കലാക്കിയവരാണ് ആക്രമണത്തിനുപിന്നിലെന്നും പറയുന്നു.

ആഗോള ഡിജിറ്റൽ ശൃംഖലയെ വിറപ്പിച്ച റാൻസംവെയർ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയ ആണെന്ന സംശയങ്ങൾ ആഗോള മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ആഗോള തലത്തിലുള്ള സൈബർ സുരക്ഷാ വിദഗ്ദരാണ് ഇത്തരത്തിലൊരു സംശയവും അതിനുള്ള സാധ്യതകളും പങ്കുവയ്ക്കുന്നത്.

വാനാക്രൈ വേർഷൻ ഒന്നിനെ കണ്ടെത്തി വിശകലനം ചെയ്യാൻ ലോകത്തെ സൈബർ സെക്യൂരിറ്റി വിദഗ്ദ്ധർക്ക് സാധിച്ചിട്ടുണ്ട്. വൈറസിനെ വിശകലനം ചെയ്തതിൽ നിന്നും നോർത്തുകൊറിയൻ ഹാക്കേഴ്സ് മുൻപ് ഉപയോഗിച്ചിരുന്ന വൈറസുമായി വാനാക്രൈക്ക് സാമ്യമുണ്ടെന്ന് ദക്ഷിണ കൊറിയയിൽ നിന്നുള്ള സൈബർ ലാബായ ഹൗറി ലാബിൽ നിന്നുള്ള വിദഗ്ദ്ധർ പറയുന്നു. സമാനമായ പരിശോധനഫലമാണ് സിമാന്റെക് ലാബിൽ നിന്നും കാസ്പേർസ്‌കി ലാബിൽ നിന്നും ലഭിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടിലും ഉപയോഗിച്ചിരിക്കുന്നത് സമാനമായ കോഡ് ആണെന്നും ഉത്തരകൊറിയയിൽ നിന്നുള്ള പല ഹാക്കർമാരും നേരത്തെ ഈ കോഡ് ഉപയോഗിച്ചിരുന്നതായും ഇവർ കണ്ടെത്തിയിട്ടുണ്ട്.

150 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് വാനാക്രൈ ബാധിച്ചിരിക്കുന്നത്. ലോകത്ത് എക്കാലവും നടന്നതിൽ ഏറ്റവും വലിയ സൈബർ ആക്രമണമെന്നാണ് റാൻസംവെയർ ആക്രമണത്തെ കണക്കുകൂട്ടുന്നത്. കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്ത് ഫയലുകളെ ഓപ്പൺ ചെയ്യാൻ സാധിക്കാത്ത തരത്തിൽ രഹസ്യകോഡാക്കി മാറ്റുകയാണ് ഈ ആക്രമണത്തിലൂടെ നടക്കുന്നത്. ഫയലുകൾ തിരികെ ലഭിക്കാനായി 300 ഡോളർ ബിറ്റ് കോയിൻ ബിഡ് ചെയ്തുകൊണ്ടാണ് ലോകത്താകമാനം ഈ ആക്രമണം വ്യാപിക്കുന്നത്.

ഇന്ത്യൻ ബാങ്കിങ് മേഖലയേയും റാൻസംവെയർ ആക്രമണം സാരമായി ബാധിച്ചേക്കാമെന്നും സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത സൈബർ സുരക്ഷയാണ് ഇന്ത്യൻ ഐടി വിദഗ്ദ്ധർ സജ്ജീകരിച്ചിരിക്കുന്നത്. കമ്പനികൾ സ്വീകരിക്കേണ്ടതിനെ സംബന്ധിച്ച് വലിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദഗ്ദ്ധർ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.