പത്തനംതിട്ട: ആർത്തവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞ പെൺകുട്ടിയെ അപമാനിക്കാൻ സോഷ്യൽ മീഡിയയിൽ സംഘപരിവാറുകാരുടെ സംഘടിത ശ്രമം. ബാലസംഘം സംസ്ഥാന കമ്മറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന് നേരെയാണ് സൈബർ ആക്രമണം. സംഘപരിവാർ അനുകൂലികളാണ് ഓൺലൈനിൽ നവമിക്കെതിരെ തെറിയഭിഷേകവും അസഭ്യപ്രചരണവും നടത്തുന്നത്. നവമിയുടെ സഹോദരിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിയെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപം ഉയരുന്നു.

ആർത്തവത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുവെന്നതിനാണ് ഈ പെൺകുട്ടിക്കും സഹോദരിക്കുമെതിരെ അപമാനിക്കുന്ന തരത്തിൽ കമന്റുകളും പോസ്റ്റുകളുമായി ഒരു വിഭാഗം എത്തിയിട്ടുള്ളത്. എന്ന പേരിൽ നവമിയുടെ ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചരണങ്ങൾ തുടങ്ങിയത്. നവമിയെ അനാശ്യാസ്യത്തിന്റെ പേരിൽ കോളെജിൽനിന്ന് പുറത്താക്കിയെന്ന് വ്യാജവാർത്ത ഫോട്ടോ സഹിതം നൽകുകയും ചെയ്താണ് ആക്രമണം. ഇതിന് പിന്നാലെ എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി നവമിയുടെ അനുജത്തി ലക്ഷ്മിയെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. നവമിയേയും ലക്ഷ്മിയേയും കൊല്ലുമെന്നായിരുന്നു ഭീഷണി.

ശ്യാമ എന്ന തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിയാണ് ആദ്യം ആർത്തവത്തേക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിനെതിരെ സംഘപരിവാർ തെറിയഭിഷേകവുമായി രംഗത്തുവന്നു. ശ്യാമയെ അനുകൂലിച്ച് നവമി ഫേസ്‌ബുക്ക് കുറിപ്പിട്ടു. ഇതോടെ നവമിക്കെതിരെയും സംഘടിതമായി ആക്രമണം തുടങ്ങുകയായിരുന്നു. വ്യാപകമായ വിമർശനമാണ് ഇതിൽ സോഷ്യൽ മീഡിയയിൽ ഇതോടെ ഉയരുന്നത്. ആർഎസ്എസ് അതിക്രമത്തെ അപലപിച്ച് നിരവധിയാളുകൾ രംഗത്തെത്തി. നവമിയും ആർഎസ്എസ് അതിക്രമത്തെ സൂചിപ്പിച്ച് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

കടുത്ത ഭാഷയിൽ തെറി പറയുന്നവർക്ക് ചുട്ട മറുപടി നൽകിയാണ് നവമിയുടെ പ്രതിരോധവും. ഇടതു സൈബർ പ്രവർത്തകരും നവമിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇതോടെ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഇത്തരത്തിൽ സോഷ്യൽമീഡിയയിലൂടെ സ്ത്രീകൾക്ക് എതിരെ അപമാനപ്രചരണം നടത്തുന്നവർക്ക് എതിരെ പരാതി ഇല്ലാതെ തന്നെ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ ക്മ്മിഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടക്കുന്ന ഈ പ്രചരണത്തിലും കമ്മിഷൻ ഇടപെടൽ ഉണ്ടായേക്കുമന്നാണ് സൂചന.

വിഷയത്തിൽ ശക്തമായി പ്രതികരിച്ച് നവമി നൽകിയ പോസ്റ്റ്:

ഭഗത് സിങ് ദേശിയവാദികൾ വളരെ നല്ല സംഘടന പ്രവർത്തനം നടത്തുന്നുണ്ട്. എന്തായിരുന്നു ഞാനിട്ട പോസ്റ്റ് എന്ന് ഏകദേശം മുഴുവൻ ആളുകളും കണ്ടതാണ്. അതുമായി ബന്ധമില്ലാത്ത കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആർഎസ്എസ് കാരായിട്ടുള്ളവർ ഇട്ട കമന്റ്സും എല്ലാരും വായിച്ചിട്ടുണ്ടാകും.

(ഇങ്ങനെ കമന്റ് ചെയ്തിട്ട് പോയവരെ വീട്ടിൽ താമസിപ്പിക്കുന്നവരെ സമ്മതിക്കണം, ഒരു ആർഎസ്എസ് കാരനാണ് തെറി അഭിഷേകം നടത്തിയതെങ്കിൽ മനസ്സിലാക്കാം ആ ഒരാളിന്റെ മാനസിക വൈകല്യം ആണെന്ന്, എന്നാൽ മുഴുവൻ ആർഎസ്എസ് കാരും ഒരേ രീതിയിൽ തെറി അഭിഷേകം നടത്തുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് ആർഎസ്എസ് എന്നാൽ ആഭാസന്മാരും ആഭാസത്തരം മാത്രം പറയുന്നവരും ആണെന്നോ. എന്റെ അനുഭവം അതാണ് തെളിയിക്കുന്നത് )

എന്റെ പ്രൊഫൈലുംം ഫോട്ടോയും ഒക്കെ വെച്ച് നിരവധി പോസ്റ്റർകളും നല്ല രീതിയിൽ ആർഎസ്എസ് കാര് പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാണ് താഴെ കാണുന്നത്. ആശയങ്ങൾ കൊണ്ട് സംവാദിക്കാമെങ്കിൽ മാത്രം ആരുമായി വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ്. എന്നാൽ ബോധം ഇല്ലാതെ പുലമ്പുന്നവരോട് എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ലാലോ. ചില ആർഎസ്എസ് കാരൊക്കെ കമന്റ് ചെയ്ത കണ്ടു പോസ്റ്റ് മുതലാളി മുങ്ങിയെന്നും മറുപടി കൊടുക്കുന്നില്ല എന്നും. വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും അനിയത്തിയെയും ചേർത്ത് ആഭാസത്തരത്തിൽ ഉള്ള കമന്റ്ന് ഇടുമ്പോൾ ഞാൻ എന്താ മറുപടി കൊടുക്കേണ്ടിയിരുന്നത്, തിരിച്ചു അവരുടെയൊക്കെ വീട്ടിൽ ഉള്ളവരെ തെറി പറയണമായിരുന്നോ, എനിക്ക് എന്തായാലും അതിനു കഴിയില്ല. സ്വന്തമായി ഒരു അച്ഛനും അമ്മയും ഉള്ളവർക്കേ അവരുടെ വില അറിയുള്ളു, അങ്ങനെ ഉള്ളവർക്കേ മാന്യമായി സംസാരിക്കാൻ അറിയുള്ളു.

കമന്റ് ഇട്ടിട്ടുള്ള ആരും അങ്ങനെ ഉള്ളവരാണെന്നു തോന്നുന്നില്ല. ശ്രീകോവിലിൽ ഇരിക്കുന്ന ദേവിയുടെ കൽപ്രതിമയെ മാത്രം സ്ത്രീ ആയി കണ്ടു ബഹുമാനിക്കാതെ യഥാർത്ഥ മനുഷ്യസ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കുക, കുറഞ്ഞ പക്ഷം മാന്യമായി സംസാരിക്കാൻ പഠിക്കുക.