ബാംഗ്ലൂർ: ഏതിലും എന്തിനും മതം കണ്ടെത്തുന്ന യാഥാസ്ഥിതികവിഭാഗത്തിന്റെ ആക്രമണത്തിനിരയായി ഒരു വനിതകൂടി. മുസ്ലിം സമുദായത്തിൽപ്പെട്ട സുഹാന സയീദ് എന്ന കർണാടക സ്വദേശിനിയാണ് സോഷ്യൽമീഡിയയിൽ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. മുസ്ലിം പെൺകുട്ടി റിയാലിറ്റി ഷോയിൽ ഹിന്ദു ഭക്തിഗാനം പാടിയതാണ് സമുദായസദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്.

46,000 പേർ അംഗങ്ങളായ ഫേസ്‌ബുക് പേജിലാണ് സുഹാനയുടെ ചിത്രം സഹിതം അധിക്ഷേപപരാമർശം നല്കിയിരിക്കുന്നത്. റിയോലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാൾ പുരുഷനായിരുന്നിട്ടും സുഹാന മുഖം മറയ്ക്കാതെ പാട്ടു പാടിയതും വിമർശന വിധേയമാക്കുന്നു. ഹിന്ദു ഭക്തിഗാനം പാടിയതും മുഖം മറയ്ക്കാതിരുന്നതും മഹാ അപരാധമെന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഷോയുടെ ഓഡിഷനിൽ ഹിജാബ് ധരിച്ച് പങ്കെടുത്ത സുഹാന കേവലം ഒന്നര മിനിറ്റ് മാത്രമാണ് പാടിയത്. കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ അടക്കം മൂന്നു വിധികർത്താക്കളാണ് ഉണ്ടായിരുന്നത്. മത്സരാർത്ഥികളുടെ ശബ്ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ വിധികർത്താക്കളുടെ കണ്ണുകൾ കെട്ടിയായിരുന്നു. ഓഡിഷൻ റൗണ്ട് കഴിഞ്ഞപ്പോൾ സുഹാനയുടെ സ്വരത്തെ വിധികർത്താക്കൾ അഭിനന്ദിച്ചു. ഹിന്ദു ഭക്തി ഗാനം പാടുക വഴി യുവതി ഐക്യത്തിന്റെ പ്രതിരൂപമായി. അഭിപ്രായവ്യത്യാസങ്ങളെ ഇല്ലാതാക്കി ജനങ്ങളെ ഒന്നിപ്പിക്കുന്ന മാധ്യമമാണ് സംഗീതമെന്നും വിധികർത്താക്കൾ വിലയിരുത്തി.

ഫേസ്‌ബുക് പേജിലെ സുഹാനയുടെ ചിത്രത്തിനു താഴെ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. 'മഹത്തരമായ നേട്ടമൊന്നും നീ കൈവരിച്ചിട്ടില്ല. മറ്റൊരു പുരുഷന് മുമ്പിൽ നീ മുഖം പ്രദർശിപ്പിച്ചതിനാൽ നിന്റെ മാതാപിതാക്കൾ സ്വർഗത്തിൽ പോകില്ല. ഹിജാബ് ധരിക്കുന്നത് അവസാനിപ്പിക്കൂ. അതിനെ എങ്ങനെ ബഹുമാനിക്കണമെന്ന് നിനയ്ക്ക് അറിയില്ല.- എന്നാണ് ഒരാൾ വിമർശിക്കുന്നത്.

അതേസമയം സുഹാനയ്ക്കു പിന്തുണയുമായി മുസ്ലിം സമുദായത്തിൽനിന്നുതന്നെ പലരും എത്തുന്നുണ്ട്. മത്സരാർത്ഥി ഒരു പുരുഷനായിരുന്നുവെങ്കിൽ സുഹാനയെ പോലെ ചോദ്യം ചെയ്യുമോയെന്ന് ചിലർ ചോദിക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റു മതങ്ങളിൽ നിന്നും ഭക്തിഗാനങ്ങൾ പാടുന്ന ഒത്തിരി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തിനാണ് വെറുതെ തമ്മിലടിക്കുന്നത്. എല്ലാ മതങ്ങളേയും മനുഷ്യരേയും ബഹുമാനിക്കാനാണ് ഇസ്ലാം നമ്മളെ പഠിപ്പിക്കുന്നതെന്നു മറ്റൊരാൾ ചൂണ്ടിക്കാട്ടി.

അധിക്ഷേപ പരാമർശങ്ങൾക്കും ട്രോളുകൾക്കുമെതിരെ കേസ് നൽകാൻ ഒരുങ്ങുകയാണ് സുഹാനയെ പിന്തുണയ്ക്കുന്നവർ. മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്താനാണ് ചിലരുടെ ശ്രമമെന്ന് അവർ ആരോപിക്കുന്നു.