കോട്ടയം: സൈബർ കുറ്റവാളികളെ വേഗത്തിൽ അഴിക്കുള്ളിലാക്കാൻ ഉറച്ച് സർക്കാർ. ഇതിനായി പ്രത്യേക സൈബർ കോടതി സ്ഥാപിക്കാനാണ് തീരുമാനം. സൈബർ കുറ്റകൃത്യങ്ങൾ പെരുകിയതോടെ കേരളാ ബാർ കൗൺസിലിന്റെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. കോടതി എവിടെ വേണമെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി.  

സൈബർ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്നതിന് കാലതാമസം നേരിടുന്നതോടെയാണ് കോടതി തുടങ്ങണമെന്ന ആവശ്യവുമായി കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ.ജോസഫ് ജോൺ മുഖ്യമന്ത്രിയെ സമീപിച്ചത്. സൈബർ കേസുകൾ ആറുമാസത്തിനകം തീർപ്പാക്കണമെന്നാണ് നിയമമെങ്കിലും കോടതിയിൽ മറ്റു കേസുകൾക്കൊപ്പം പരിഗണിക്കുന്നതിനാൽ കഴിയാറില്ല. ഈ സാഹചര്യത്തിലാണ് സൈബർ കോടതികളുടെ പ്രസക്തി ചർച്ചയാക്കിയത്. 

കേസ് പരിഗണിക്കുന്ന സമയമാകുമ്പോഴേക്കും തെളിവ് നശിപ്പിക്കപ്പെട്ട് ഇരയ്ക്ക് നീതിയും ലഭിക്കാറില്ല. രാജ്യത്ത് ഡൽഹിയിൽ മാത്രമേ സൈബർ കോടതി പ്രവർത്തിക്കുന്നുള്ളൂ. 2000ലെ ഐ.ടി ആക്ട് സെക്ഷൻ 48(1) പ്രകാരം 2006 ഒക്ടോബറിലാണ് ഡൽഹിയിൽ കോടതി നിലവിൽ വന്നത്. സൈബർ കുറ്റകൃത്യങ്ങൾക്ക് 12 വർഷം വരെ തടവു ലഭിക്കാം. ഡൽഹിയിലെ മാതൃക സ്വീകരിച്ച് സൈബർ കുറ്റകൃത്യങ്ങൾ തടയാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

സംസ്ഥാനത്ത് വിജിലൻസ്, കുടംബ കോടതികളുടെ മാതൃകയിൽ സൈബർ കോടതി സ്ഥാപിക്കാനാണ് ആലോചന. സൈബർ കേസുകളിൽ ദേശീയ തലത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളം. 2014-15 വർഷം സംസ്ഥാനത്ത് 1558 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം ഇതുവരെ രണ്ടായിരത്തിന് മുകളിൽ കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇന്റർനെറ്റ്, ഫേസ് ബുക്ക്, മൊബൈൽ ഫോൺ ദുരുപയോഗ കേസുകളിൽ 18നും 30നും ഇടയിൽ പ്രായമുള്ളവരാണ് കുറ്റക്കാരിലേറെയും.

നവമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചരണവം വർഗ്ഗീയ വിഷം ചീറ്റലും കേരളത്തിൽ കൂടുകയാണ്. ഇതും സൈബർ കോടതിയെന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തിച്ചു.