കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിന്നായി കഴിഞ്ഞ ഓഗസ്റ്റ് രണ്ടു മുതൽവ്യാജ എ ടി എം കാർഡുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്ത മൂന്നു പ്രതികളെ കണ്ണൂർ സൈബർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. കാസർകോട് തളങ്കരയിലെ മിസ്സുയ ഹൗസിൽ അബ്ദുൾ സമദാനി (32) കാസർകോട് പാറക്കട്ടയിലെ നൗഫീറ മൻസിലിൽ മുഹമ്മെദ് നജീബ് ( 28) പാറക്കട്ട, ക്രോസ്സ് റോഡ്, പാറക്കട്ടയിലെ രാംദാസ് നഗറിലെ നൗഫീറ മൻസിലിൽ മുഹമ്മെദ് നുമാൻ, (37) എന്നിവരെയാണ് കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

കേരള ബാങ്കിന്റെ മാങ്ങാട്ടുപറമ്പിലെയും പിലാത്തറയിലെയും എടിഎം കൗണ്ടറുകളിൽ നിന്നും 40,000 ത്തോളം രൂപയാണ് പ്രതികൾ വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിച്ചത്. സ്‌കിമ്മർ പോലുള്ള ഉപകരണങ്ങൾ എടിഎം കൗണ്ടറുകളിൽ സ്ഥാപിച്ച് കാർഡ് ഉടമകളുടെ കാർഡ് വിവരങ്ങൾ ചോർത്തിയെടുത്ത് വ്യാജ എടിഎം കാർഡുകൾ നിർമ്മിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. കണ്ണൂർ ജില്ലയിൽ നാല് എ ടി എം കൗണ്ടറുകളിൽ നിന്നുമാണ് പ്രതികൾ പണം പിൻവലിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ കേസ്സുകൾ രജിസ്റ്റർ ചെയ്യുമെന്നു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.കെ മണി അറിയിച്ചു. പ്രതികൾക്കെതിരെ സമാനമായ കേസ്സുകൾ കേരളത്തിൽ മറ്റ് ജില്ലകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി കെ മണി , സബ്ബ് ഇൻസ്‌പെക്ടർ ഹരിദാസൻ, എ എസ് ഐ പ്രദീപൻ എന്നിവരാണ് കണ്ണൂർ ജില്ലയിൽ നടന്ന എ ടി എം തട്ടിപ്പുകളുടെ അന്വേഷണം നടത്തുന്നത്.