അബുദാബി: രാജ്യത്തെ വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയിടുവാൻ ലക്ഷ്യമിട്ട് യുഎഇയിൽ നിയമങ്ങൾ കർശനമാക്കുന്നു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സൈബർ കുറ്റകരൃത്യങ്ങൾക്ക് കനത്ത ശിക്ഷയാണ് ഇനി ലഭിക്കുക. ഇത്തരം കുറ്റങ്ങൾക്ക് 20 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കുമെന്നാണ് പുതിയ ഫെഡറൽ നിയമം വ്യക്തമാക്കുന്നത്.

കുറ്റകൃത്യം നടത്താനും, കുറ്റാന്വേഷണം തടയാനും വ്യാജ ഇന്റർനെറ്റ് വിലാസം ഉപയോഗിക്കുന്നതും അനുമതി കൂടാതെ മറ്റൊരാളുടെ ഐപി അഡ്രസ് ഉപയോഗിക്കുന്നതും ഫെഡറൽ നിയമ പ്രകാരം അഞ്ചു ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയോ താൽക്കാലിക തടവോ ഇത് രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽനഹ്‌യാൻ പ്രഖ്യാപിച്ച പുതിയ ഫെഡറൽ നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഔദ്യോഗിക ഗസറ്റിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പിറ്റേ ദിവസം മുതലായിരിക്കും നിയമം നിലവിൽ വരിക.

നാഷണൽ മീഡിയ കൗൺസിലിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും നിർണയിക്കുന്ന നിയമവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ മാദ്ധ്യമ കൗൺസിലിനെ കൂടുതൽ ശക്തിപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ളതാണിത്. രാജ്യത്തെ മുഴുവൻ മാദ്ധ്യമ സ്ഥാപനങ്ങളുടെയും മേൽനോട്ട ചുമതല നാഷണൽ മീഡിയ കൗൺസിലിനായിരിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. മന്ത്രിസഭാ തീരുമാനിക്കുന്ന ഡയറക്ടർ ബോർഡിനായിരിക്കും കൗൺസിലിന്റെ പരമാധികാരം ഉണ്ടായിരിക്കുക. ബോർഡ് ചെയർമാനെ തെരഞ്ഞെടുക്കും. ഇവർ നിശ്ചയിക്കുന്ന ഡയറക്ടർ ജനറലായിരിക്കും കൗൺസിലിന്റെ ഔദ്യോഗിക പ്രതിനിധി. യു എ ഇയിലെ മാദ്ധ്യമങ്ങൾക്ക് ലൈസൻസ് നൽകുന്നതും, മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുന്നതുമെല്ലാം ഈ കൗൺസിലിന്റെ ചുമതലയാണ്. രാജ്യത്തെ മാദ്ധ്യമങ്ങളും മീഡിയാ ഫ്രീസോണുകളും നാഷണൽ മീഡിയ കൗൺസിലിന്റെ നിർദേശങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഫെഡറൽ നിയമം വ്യക്തമാക്കുന്നു.

രാജ്യത്തെ മാദ്ധ്യമങ്ങൾ ദേശീയ മാദ്ധ്യമ സമിതി പുറപ്പെടുവിക്കുന്ന നിയമങ്ങളും ചട്ടങ്ങളും നിർബന്ധമായും പാലിക്കണമെന്നും ഫെഡറൽ നിയമത്തിൽ പറയുന്നു. സമിതി ആവശ്യപ്പെടുന്ന വിവരങ്ങളും സ്ഥിതിവിവര കണക്കുകളും മാദ്ധ്യമങ്ങൾ സമർപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.