വിദ്യാർത്ഥികളുടെ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സൗദിയിൽ കർശന നടപടികൾ സ്വീകരിക്കുന്നു. വിദ്യാർത്ഥി കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് നേരിട്ട് വിളിച്ചുവരുത്തി വിദ്യാർത്ഥിയെ അവർക്ക് കൈമാറും. മാത്രമല്ല, വിദ്യാർത്ഥിയെ രണ്ടു വർഷത്തേക്ക് സ്‌കൂളിൽ നിന്നും പുറത്താക്കുകയും ചെയ്യും. വിദ്യാർത്ഥികളുടെ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുകൊണ്ടുള്ള ഈ നിയമം സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് തയ്യാറാക്കുന്നത്.

കൃത്യമായ വിവരങ്ങളും തെളിവുകളും ശേഖരിച്ച് പരിശോധിച്ച് വിദ്യാർത്ഥി കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ഉദ്യോഗസ്ഥർക്ക് കൈമാറുക. തെളിവുകളും വിവരങ്ങളും ശേഖരിക്കുന്നതിനായി പ്രത്യേക മാർഗനിർദേശക സമിതി തന്നെ ഉണ്ടാവും. ഇവരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിക്കെതിരെ നടപടികൾ സ്വീകരിക്കുക. സ്‌കൂളിൽ നിന്നും പുറത്താക്കുന്ന വിദ്യാർത്ഥി ശിക്ഷാ നടപടികൾക്കു ശേഷം തിരിച്ചു വരുമ്പോൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്ന രേഖാമൂലമുള്ള ഉറപ്പ് വാങ്ങണമെന്നും നിയമം വ്യക്തമാക്കുന്നു. അടുത്ത വർഷം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുത്താനാണ് വിദ്യഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നത്.

ഇൻഫർമേഷൻ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങൾ ചെയ്യുന്ന വിദ്യാർത്ഥികളെ ഗുരുതരമായ നിയമ ലംഘകരിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കാനാണ് തീരുമാനം. ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നെറ്റ്‌വർക്ക് ശൃംഖലകൾ നിർമ്മിക്കൽ, ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവർത്തനങ്ങൾ, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തികൾ, രാജ്യത്തെ പൊതു സമൂഹം ഇഷ്ടപ്പെടാത്ത വിവരങ്ങളോ ചിത്രങ്ങളോ കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും സൂക്ഷിക്കൽ, മറ്റുള്ളവരുടെ രഹസ്യങ്ങൾ ചോർത്തൽ, അപകീർത്തിപെടുത്തൽ തുടങ്ങിയവയെല്ലാം സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും.