തിരുവനന്തപുരം: സിപിഎം ഓഫീസുകൾക്കെതിരെ ത്രിപുരയിൽ വ്യാപകമായി അക്രമങ്ങൾ അരങ്ങേറുന്നതായു, ലെനിന്റേതടക്കമുള്ള സിപിഎം നേതാക്കളുടെ പ്രതിമകൾ തകർക്കുന്നതായും വാർത്തകൾ വരുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും ഇതിനകം പ്രചരിച്ചുകഴിഞ്ഞു. എന്നാൽ, അവിടെ മുസ്ലിം,ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുവെന്നും വർഗീയ വികാരം ഇളക്കിവിടാനും ശ്രമിക്കുന്നുവെന്ന വാർത്തകൾ എത്രമാത്രം ശരിയാണ്? പലതും സോഷ്യൽ മീഡിയയുടെ പ്രത്യേകിച്ച് സിപിഎം സൈബർ പോരാളികളുടെ സൃഷ്ടികളാണെന്നും ആരോപണമുണ്ട്.

ശ്രീലങ്കയിലെയും മ്യാന്മറിലെയും കലാപങ്ങളുടെയും ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നതെന്ന് ഒരു വിഭാഗം പറയുന്നു. ശ്രീലങ്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ അക്രമികൾ തീയിട്ട മസ്ജിദിന്റെ ചിത്രം ത്രിപുരയിലേതെന്ന തരത്തിൽ പ്രചരിപ്പിച്ചവർക്ക് കോൺഗ്രസ് എംഎ‍ൽഎ. വി.ടി. ബൽറാം നൽകിയ ചുട്ട മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ: ''ത്രിപുരയിൽ ആക്രമിക്കപ്പെട്ട പള്ളി എന്ന് പറഞ്ഞ് സിപിഎമ്മുകാർ പ്രചരിപ്പിക്കുന്ന ഈ പള്ളി ശ്രീലങ്കയിലേതാണ്. ഒന്നുമില്ലെങ്കിലും മുന്നിലെ ആ നല്ല റോഡ് കണ്ടാലെങ്കിലും അറിയില്ലേ അത് ത്രിപുരയല്ല എന്ന്''.

ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ:

ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകൾക്കെതിരെയും ആർഎസ്എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാർത്തകളിൽ കാണുന്നു. മോബ് വയലൻസിന്റെ ഏത് വകഭേദവും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. ക്രമസമാധാന പാലനം ഉറപ്പുവരുത്താൻ ഗവർണ്ണർക്ക് ഉത്തരവാദിത്തമുണ്ട്.

എന്നാൽ അവിടെ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോർട്ടലുകളിലെ വാർത്തകളും പോരാളി ഷാജി, അശോകൻ ചരുവിൽ തുടങ്ങിയ സൈബർ സഖാക്കളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാർത്തകൾ വല്ലതും വരുന്നുണ്ടോ? ഗൂഗിളിൽ നോക്കിയിട്ട് അത്തരം വാർത്തകളൊന്നും കാണുന്നില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റർ/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ച് കാണുന്നില്ല.

ഇതിന്റെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് സർക്കാരും പൊലീസിലെ സൈബർ ക്രൈം വിഭാഗവും ഗൗരവപൂർവ്വം പരിശോധിക്കണം. ഇവിടത്തെ സമുദായിക സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണം.

ഇവിടെഗോപാലസേന..അവിടെ ഗോൾവാൾക്കർ സേന

അതേസമയം ബൽറാമിന്റെ പോസ്റ്റിനെ വിമർശി്ച്ച് സിപിഎം സൈബർ സഖാക്കൾ രംഗത്തെത്തിയിട്ടുണ്ട്.