തിരുവനന്തപുരം: കേരളം സാമൂഹികമായും സാക്ഷരതയുടെ കാര്യത്തിലായാലും വികസന കാര്യത്തിലാണെങ്കിലും മുൻപന്തിയാലാണ്. ഇക്കാര്യത്തിൽ തർക്കിക്കാൻ അധികമാരും ഉണ്ടാകില്ല. എന്നാൽ, അടുത്തകാലത്തായ കേരളത്തിൽ നിന്നും പുറത്തുവന്ന പീഡന വാർത്തകൾ മലയാളികളെ നാണം കെടുത്തുന്നത് കുറച്ചൊന്നുമല്ല. ജിഷ കൊലപാതകം മുതൽ ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ ഇടംപിടിച്ച പീഡന വാർത്തകളുടെ എണ്ണം കുറവല്ല.

അതേസമയം ഇപ്പോൾ ഡെയ്‌ലി മെയിൽ അടക്കമുള്ള ലോക മാധ്യമങ്ങളിൽ കേരളത്തെ നാണംകെടുത്തുന്ന വാർത്തയായി വന്നത് എടപ്പാളിലെ ബാലപീഡനവാർത്തയായിരുന്നു. അമ്മയെയും പത്തുവയസുകാരിയ മകളെയും തീയറ്ററിൽ വെച്ച് പീഡിപ്പിച്ച പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സഹിതം വാർത്ത അന്തർദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അത്് കേരളത്തിനാകെ നാണക്കേടായി മാറി. ഈ സംഭവത്തിന്റെ പിന്നാലെ കേരളത്തിന്റെ വിവിധ കോണുകളിൽ നിന്നും പീഡന വാർത്തകൾ നിരന്തരം പ്രവഹിച്ചു. ഇത് എല്ലാ മാധ്യമങ്ങളിലും പുറത്തുവരികയും ചെയ്തു.

ഇതോടെ ഏതാനും ദിവസങ്ങളായി പത്രങ്ങളും ചാനലുകളും ഓൺലൈൻ പത്രങ്ങളും പീഡന വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇന്ന് പുറത്തിറങ്ങിയ മാനോരമ പത്രത്തിൽ ഒരു പേജ് മുഴുവൻ പീഡന വാർത്തകളാണ് ഉൾക്കൊള്ളിച്ചിരുന്നത്. എടപ്പാൾ പീഡന കേസ് അടക്കം വിവിധ ബാലപീഡന വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് വാർത്തകൾ. അതേസമയം മുൻ ദിവസങ്ങളിൽ മാതൃഭൂമി അടക്കം ഇത്തരത്തിൽ പീഡന വാർത്തകൾ ഒരുമിപ്പിച്ച് കൊടുത്തിരുന്നു.

എന്തായാലും ചരമ പേജ് പോലെ പുതിയൊരു പേജ് മനോരമപ്പത്രത്തിൽ ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സൈബർ ലോകത്തും വിമർശനം ഉയർന്നിട്ടുണ്ട്. 'പീഡനപ്പേജ്' തുടങ്ങിയെന്ന വിധത്തിലാണ് വിമർശനം കൊഴുക്കുന്നത്. എന്നാൽ, പീഡന വാർത്തകളുടെ എണ്ണം കൂടുമ്പോൾ അത് ഒരുമിച്ച് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവും ഉയരുന്നുണ്ട്.