സിഡ്‌നി: കളിക്കളത്തിൽ എതിരാളികൾക്ക് മേൽ മേൽക്കൈ നേടാൻ എല്ലാ അടവുകളും പയറ്റുന്നവരാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാർ. എതിർ ടീമിനെ പ്രകോപിപ്പിക്കുക എന്നതാണ് ഇവരുടെ തന്ത്രങ്ങളിൽ പ്രധാനമായ കാര്യം. നിർണ്ണായകമായ ലോകകപ്പ് സെമി ഫൈനലിന് മുമ്പ് പതിവു പരിപാടി തുടങ്ങിയത് ഓസീസ് പേസർ മിച്ചൽ ജോൺസണാണ്. ഇന്ത്യൻ കളിക്കാരെ പ്രകോപിപ്പിക്കുമെന്ന് പറഞ്ഞ മിച്ചൽ ജോൺസന് മറുപടി പറയാതിരിക്കുകയായിരുന്നു ഇന്ത്യൻ താരങ്ങൾ. എന്നാൽ, ഇന്ത്യൻ ടീമിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് മിച്ചലിനെ തെറിവിളിക്കാൻ തുനിഞ്ഞത് മലയാളികളാണ്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജിൽ പോയി പൊങ്കാലയിട്ട് ശീലമുള്ള മല്ലൂസ് ഇത്തവണ മിച്ചൽ ജോൺസന്റെ മേലാണ് തെറിവിളിച്ചത്.

മത്സരത്തിൽ ഇന്ത്യൻ താരങ്ങളെ ചീത്ത വിളിക്കേണ്ട ചുമതല ഡേവിഡ് വാർണർക്കാണെന്നും അദ്ദേഹം അത് ചെയ്തില്ലെങ്കിൽ താൻ ചെയ്യുമെന്നും ജോൺസൺ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മലയാളിപ്പട ഓസ്‌ട്രേലിയൻ ബൗളറുടെ ഫേസ്‌ബുക്ക് പേജ് കയ്യടക്കിയത്. പ്രധാന മത്സരങ്ങളിലെല്ലാം എതിരാളികളെ വാക്കു കൊണ്ടും നോട്ടം കൊണ്ടും പ്രകോപിപ്പിക്കുക (സ് ലെഡ്ജിങ്) ഓസ്‌ട്രേലിയൻ താരങ്ങളുടെ രീതിയാണ്. ടെസ്റ്റ് പരമ്പരക്കിടയിൽ ഇന്ത്യൻ താരങ്ങളുമായി കൊമ്പു കോർത്ത ഡേവിഡ് വാർണർ ലോകകപ്പിൽ ഇതുവരെ നല്ല കുട്ടിയാണ്.

ചീത്തവിളിയെല്ലാം കളിയുടെ ഭാഗമാണ്, ക്വാർട്ടറിൽ വഹാബ് റിയാസ് ഷെയ്ൻ വാട്‌സൺ പോര് മറ്റെല്ലാ പോരിൽ നിന്നും വിത്യസ്തമാണ്. എല്ലാവരിൽ നിന്നും വിത്യസ്തമായി അത് ഞാൻ ആസ്വദിച്ചു. ഇന്ത്യക്കെതിരായ മത്സരത്തിൽ ഇതിനേക്കാൾ വലിയ പ്രകടനം നിങ്ങൾക്ക് കാണാവുന്നതാണെന്നും ജോൺസൺ വ്യക്തമാക്കിയിരുന്നു. ഫോക്‌സ് ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജോൺസന്റെ പ്രതികരണം.

ഇന്ത്യാ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ രോഹിത് ശർമ്മയുമായി മിച്ചൽ ജോൺസൺ എറ്റുമുട്ടിയിരുന്നു. ഡിസംബറിൽ ഗാബ്ബയിൽ നടന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്‌സിലെ ബൗളിംഗിൽ വിക്കറ്റൊന്നും ലഭിക്കാത്ത ജോൺസൺ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോൾ ഇന്ത്യൻ താരം രോഹിത് ശർമ അദ്ദേഹത്തെ കളിയാക്കിയിരുന്നു. വിക്കറ്റ് കിട്ടാത്തതിന് തന്നെ കളിയാക്കിയ രോഹിതിന് 88 റൺസെടുത്ത് ബാറ്റു കൊണ്ടു ജോൺസൺ മറുപടി നൽകി. എന്തായാലും നാളെ സെമയിൽ ആവേശം പോരാട്ടം പ്രതീക്ഷിച്ചിരിക്കയാണ് മലയാളികൾ.