തിരുവനന്തപുരം: ഏത് പ്രമുഖനാണെങ്കിലും ഫേസ്‌ബുക്കിൽ കയറി പൊങ്കാലയിടുന്ന കാര്യത്തിൽ മലയാളികൾക്ക് വല്ലാത്തൊരു മിടുക്കാണ്. സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവ മുതൽ ന്യൂയോർക്ക് ടൈംസ് വരെ സൈബർ മല്ലൂസിന്റെ പൊങ്കാലയുടെ ചൂടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മലയാളികളുടെ പൊങ്കാല എങ്ങനെയാണെന്ന് അറിഞ്ഞിരിക്കുന്നു. മലയാളികളെ പ്രകോപിപ്പിച്ചത് കാരണം ഫിദൽ കാസട്രോ അന്തരിച്ചപ്പോൾ നടത്തിയ പ്രസ്താവനയായാണ്.

ക്രൂരനായ ഏകാതിപധിയായിരുന്നു ഫിദൽ കാസ്‌ട്രോയൊന്നാണ് ഡൊണാൾഡ് ട്രംപ് പ്രസ്താവനയിൽ കുറിച്ചത്. കാസ്‌ട്രോയുടെ മരണ വാർത്ത സ്ഥിരീകരിച്ച ശേഷം 'ഫിഡൽ കാസ്‌ട്രോ മരിച്ചു' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് കാസ്‌ട്രോയോടുള്ള നയം ട്രംപ് വ്യക്തമാക്കി. ഈ കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയുമുണ്ടായി. ഈതിന്റെ താഴെ കമന്റ് ബോക്‌സിലാണ് തനി മലയാളത്തിൽ പൊങ്കാലയിട്ട് സൈബർ മലയാളികൾ അരങ്ങു വാണത്.

തന്റെ ഭരണകാലത്ത് സ്വന്തം ജനതയെ അടിച്ചമർത്തുകയായിരുന്നു കാസ്‌ട്രോ ചെയ്തതെന്നും ഭീതി വിതച്ച കാസ്‌ട്രോ ഭരണത്തിൽ കൊള്ളയും ദുരിതവും ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയിൽ അരങ്ങേറിയതെന്നും ട്രംപ് പറഞ്ഞു. കാസ്‌ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബയ്ക്ക് ഇനി സമ്പൽസമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് പ്രസ്താവനയിൽ പറയുകയുണ്ടായി.

ഈ പ്രസ്താവനക്ക് കീഴിലായി തനി മലയാളത്തിലാണ് പച്ചത്തെറികളുമായി മലായികൾ കളം നിരഞ്ഞത്. രസകരമായ കമന്റുകളും ഇതിനൊപ്പമുണ്ട്. 'നീ തന്തയ്ക്ക് പിറന്ന അമേരിക്കൻ പ്രസിഡന്റാണേ അധികാരം ഏറ്റെടുത്തതിനുശേഷം നീയൊന്നു കേരളത്തിലോട്ട് വാടാ നിന്നെ ഞങ്ങൾക്കൊന്ന് കരിങ്കൊടി കാണിക്കാനാടാ..'' - ഇങ്ങനെ പോകുന്നു കമന്റുകൾ. പച്ചത്തെറികൾ ഗൂഗിളിൽ ട്രാൻസ്ലേറ്റ് ചെയ്ത് നോക്ക് ട്രംപേട്ടാ..എന്നു പറയുന്ന കമന്റുകളും ഇതോടൊപ്പമുണ്ട്.

' ഐസൻഹോവർ മുതൽ ജോർജ് ബുഷ് രണ്ടാമൻവരെ ചുരുങ്ങിയത് പത്ത് അമേരിക്കൻ പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട അനുഭവസമ്പത്തും മറ്റൊരാൾക്കുമുണ്ടാവില്ല. കാസ്‌ട്രോയില്ലാത്ത ഒരു പ്രഭാതം വിടരുന്നതിനെക്കുറിച്ച് ആഗ്രഹിച്ച ജൂനിയർ ബുഷിന് ഇടതുപക്ഷ രാഷ്ട്രീയത്തെ പുൽകിയ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുംവിധം മാറിയ ഫിഡലിനെ കണ്ട് അധികാരത്തിന്റെ പടിയിറങ്ങേണ്ട ഗതികേടാണുണ്ടായത്. കാസ്‌ട്രോയുടെ നിഴലിനെ പോലും പേടിക്കുന്ന നീയോക്കെ ഒരു ആണാണോടാ കോപ്പെ''- ഇങ്ങനെയാണ് ഒരു കമന്റ്.

ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ടും ബിജെപി അനുഭാവികളായവരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ അമേരിക്കൻ പ്രസിഡന്റിന്റെ വാളിൽ മല്ലൂസിന്റെ തമ്മിലടിയായിട്ടുണ്ട്. അതേസമയം ട്രംപിന്റെ പ്രസ്താവനയെ പ്രതിരോധിച്ചും അനുകൂലിച്ചും ക്യൂബക്കാരും അമേരിക്കക്കാരും തമ്മിലും ഫേസ്‌ബുക്കിൽ തമ്മിലടിയാണ്. ഇതിനെടയാണ് മലയാളികളുടെ വക പൊങ്കാലയും.