സൈബർ ഇടത്തിൽ ഉള്ള ഒരു മുസ്ലിം പെണ്ണിനെ എങ്ങിനെയാണ് അടയാളപ്പെടുത്തുന്നത്? സൈബർ സംരക്ഷക ആങ്ങളമാർ എപ്പോഴാണ് ഉപദേശിയുടെ റോളിൽ നിന്നും ഉപദ്രവകാരിയുടെ റോളിലേക്ക് മാറുന്നത് എന്നത് മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ കുട്ടികളുടെ കേസിലും, ജസ്ലയുടെ കേസിലും നമ്മൾ കണ്ടു. ഒരു ഉത്തമ മുസ്ലിം പെണ്ണ് എങ്ങിനെയായിരിക്കണം എന്ന ദീനി ഫത്വകൾ ആണ് എല്ലാവര്ക്കും പറയാനുള്ളത്.

നമ്മുടെ പൊതു സമൂഹം പ്രകടമായിത്തന്നെ സ്ത്രീ വിരുദ്ധമാണ്. സ്ത്രീ സമൂഹത്തിലെ ഭൂരിപക്ഷം പോലും സ്ത്രീ വിരുദ്ധ നിലപാടുകൾ ഉള്ളവരാണ്. സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്നവർ പലരും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും അപൂർവമല്ല. നമ്മുടെ ഭാഷയും, സംസ്‌കാരവും, മതവും കൃത്യമായി തന്നെ സ്ത്രീ വിരുദ്ധമാണ് എന്നതാണ് ഇതിനു കാരണം. സാങ്കേതിക വിദ്യ സൃഷ്ടിച്ച നമ്മുടെ സൈബർ പൊതു ഇടങ്ങൾ അതിനാൽ തന്നെ സ്ത്രീ വിരുദ്ധ പ്രകടനത്തിന്റെ പുതിയ തെരുവുകളാണ്. സ്ത്രീ അവിടെ ചോദ്യം ചെയ്യപ്പെടുന്നു, ഭേദ്യം ചെയ്യപ്പെടുന്നു, അവളുടെ ചിത്രങ്ങൾ, വാക്കുകൾ എല്ലാം തന്നെ അശ്ലീല അടിക്കുറിപ്പുകൾ ചേർത്തു വിതരണം ചെയ്യുന്നു.

ഭർത്താവിന്റെ കാര്യം നോക്കി ജീവിക്കുന്ന സ്ത്രീ എന്ന ഐഡിയൽ ബിംബത്തെ തകർക്കുക എന്നത് പാട്രിയാർക്കി സമൂഹം ഒരിക്കലും അംഗീകരിക്കുന്ന കാര്യമല്ല. ഇസ്ലാമിൽ ഇത്തരം പാട്രിയാർക്കിക്ക് മതപരമായ ലെജിറ്റിമസിയുണ്ട് എന്നതും സമുദായത്തിലെ ഭൂരിഭാഗം അംഗങ്ങളും ഇതിനെ പിന്തുണയ്ക്കാൻ ബാധ്യസ്ഥരാണ് എന്നതുമാണ് സാമുദായികമായി ഇത്തരം വിഷയങ്ങളിൽ മുസ്ലിം പ്രതികരണം കൂടുതലായി വരുന്നതിനുള്ള കാരണം.

IFFK യിൽ ജസ്ലക്ക് പകരം ഹിന്ദുവായോ ക്രിസ്ത്യൻ ആയോ അടയാളപ്പെടുത്താവുന്ന ഒരു പെൺകുട്ടിയാണ് ഇത് ചെയ്തിരുന്നത് എങ്കിൽ, മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയത് അമുസ്ലിം കുട്ടികളായിരുന്നു എങ്കിൽ ഇതുപോലെയുള്ള വിമർശനം വരിക പോലും ചെയ്യുമായിരുന്നില്ല. ഇതിനർത്ഥം മുസ്ലിം ഇതര സമൂഹം നോൺ പാട്രിയാർക്കിയെ ഫോളോ ചെയ്യുന്നു എന്നതല്ല, പകരം അവർക്ക് കുറെ കൂടെ വ്യക്തിപരമായ അസ്ഥിത്വം സൂക്ഷിക്കാൻ സാധിക്കുന്നു എന്നതാണ്.

മുകളിൽ വിവരിച്ച രണ്ടു സംഭവങ്ങളിലും കേന്ദ്രീകൃതമായി മുസ്ലിം സംഘടനകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല എങ്കിൽ പോലും മുസ്ലിം പ്രതികരണം വളരെ രൂക്ഷമായിരുന്നു എന്നത് തന്നെ സംഘടനകൾക്കും അപ്പുറമായി മുസ്ലിങ്ങളെ ഐക്യപ്പെടുന്ന ആദർശ ബന്ധനം ഉണ്ട് എന്നത് വ്യക്തമാണ്. ഇത്തരം ആദർശ ബന്ധങ്ങനങ്ങളെ ആധുനിക സമൂഹത്തെയും ജീവിത രീതികളെയും, നവ മൂല്യങ്ങളെയും ഉൾകൊള്ളുന്ന രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ മുസ്ലിങ്ങൾക്ക് എപ്പോഴാണ് മാറാൻ സാധിക്കുക?