തൃശൂർ: കവിത മോഷണ വിവാദത്തിനുശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ല ദീപാ നിശാന്ത്. ശബരിമലയിലെ യുവതി പ്രവേശനത്തിന് ശേഷം വീണ്ടും സോഷ്യൽ മീഡിയിയിൽ സജീവമാവുകയാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സർക്കാരിനെ തുണച്ച ദീപയുടെ ആദ്യ പോസ്റ്റിൽ തന്നെ പൊങ്കാലയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി പ്രവർത്തകർ.യുവതികൾ ദർശനം നടത്തിയതിന് ശുദ്ധികലശം നടത്തിയതിനെതിരെ ആയിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്.'പെണ്ണുങ്ങൾ കേറിയതിനാണ് നടയടപ്പും ശുദ്ധികലശവും ! കേറിയത് ദളിത് സ്ത്രീകളാകുമ്പോ കുറേക്കൂടി രോഷം കൂടും ! അയിത്തായില്യേ ' എന്ന പോസ്റ്റിനുള്ള എതിരാളികളുടെ ട്രോളാണ് വൈറലായത്.'പെണ്ണുങ്ങൾ കവിത മോഷ്ടിച്ചതിനാണ് ട്രോളും കളിയാക്കലും ! കട്ടത് കമ്മി സ്ത്രീകളാകുമ്പോൾ കുറേക്കൂടി രോഷം കൂടും ! കള്ളത്തിയായില്യേ ' എന്നായിരുന്നു അതേ രീതിയിലുള്ള മറുപടി.


ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


പെണ്ണുങ്ങൾ കേറിയതിനാണ് നടയടപ്പും ശുദ്ധികലശവും! കേറിയത് ദളിത് സ്ത്രീകളാവുമ്പോ കുറേക്കൂടി രോഷം കൂടും!

അയിത്തായില്യേ

ഇരിപ്പിടമിളകുന്നതിന്റെ ഭയമാണ്!

'തൊഴിൽകേന്ദ്രത്തിലേക്ക് ' എന്നൊരു നാടകമുണ്ട്... 1948 ൽ പ്രസിദ്ധീകരിച്ചതാണ്.അതിലൊരു വക്കീലുണ്ട്.അയാളുടെ വലിയൊരാശങ്ക ഇപ്രകാരമാണ്:

'സ്ത്രീകള് പ്രസവൊക്കെ ഉപേക്ഷിച്ച് ഭർത്താക്കന്മാരെ ഒക്കെ വേണ്ടാച്ച് അങ്ങട്ട് പോയാലോ? എങ്ങനെ ഈ ലോകം നടക്കും? കരിവാന്മാര് ഇരുമ്പ് പണിക്കൊന്നും തയ്യാറില്ല! കേമാവില്ല്യേ? വെളുത്തേടന്മാര് അലക്കാൻ ഭാവല്യ! എന്താ കഥ !എത്ര ബുദ്ധിമുട്ടുണ്ടാവും? ഒന്ന്വറിയാണ്ടല്ല പണ്ടുള്ളോര് ഓരോരുത്തർക്കും ഓരോ ജോലീന്ന് വച്ചിട്ടുള്ളത് !'

സംഗതി അതന്നെ! ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ട്ണ്ട്! അതങ്ങ്ട് ചെയ്താ മതി! അനാചാരങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതിത്തന്നെയാണ് ഒരു ജനാധിപത്യമതേതരസമൂഹം അതിന്റെ നവോത്ഥാനനാൾവഴികൾ പിന്നിട്ടത് എന്നും പറഞ്ഞു ഇവിടെ ആരും വരേണ്ടതില്ല ഞങ്ങള് ചെവി പൊത്തിക്കളയും!

'ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കിൽ വെച്ചു കഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങൾക്ക് വിളമ്പിക്കൊടുക്കും . ദേവന്റെ മേൽ ചാർത്തിക്കഴിഞ്ഞ പട്ടുതിരിയുടയാട അർദ്ധനഗ്‌നരായ പാവങ്ങളുടെ അരമറയ്ക്കാൻ ചീന്തിക്കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ -നമ്പൂതിരി, പട്ടർ തുടങ്ങിയ വർഗ്ഗങ്ങളെ - പുറത്തോടിച്ച് കളയാനാണ് ഉപയോഗിക്കുക.' [സമ്പൂർണ കൃതികൾ - വി ടി ഭട്ടതിരിപ്പാട് ]

സവർണ്ണതയുടെ 'സവിശേഷപദവികൾ 'സ്വയം നിരാകരിച്ച് അകത്തും പുറത്തും സമരം നടത്തിയ വി ടി ഭട്ടതിരിപ്പാടും ഒരിക്കൽ ശാന്തിക്കാരനായിരുന്നു.

ഓരോ സമരശരികളും തിരിച്ചറിയപ്പെടുന്നത് അതാത് കാലഘട്ടത്തിലാകണമെന്നില്ല. പിൽക്കാലചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളായിരിക്കും നിലവിലെ പല എടുത്തുചാട്ടങ്ങളും. അതുവരെ നിലവിളികളും ഹർത്താലുകളും തുടരും.