തിരുവനന്തപുരം: സൈബർ ലോകത്ത് ഇപ്പോഴത്തെ ഇര ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. ആവേശം മൂത്ത് അണികൾ ഇറക്കിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണു കുമ്മനത്തിനു വിനയായത്.

പൊതുവെ ഫോട്ടോഷോപ്പുകാരാണു സംഘപരിവാർ സംഘടനകൾ എന്ന ആരോപണം സൈബർ ലോകത്തു വ്യാപകമാണ്. നരേന്ദ്ര മോദിയുടെ പേരിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഇതെല്ലാം സൈബർ ലോകത്ത് എതിരാളികൾ പൊളിച്ചടുക്കുകയും ചെയ്തു.

എന്നാൽ കേരളത്തിലെ ബിജെപി നേതാക്കൾക്കു കാര്യമായി ഫോട്ടോഷോപ്പു പണി കിട്ടിയിട്ടില്ല. എന്നാൽ കുമ്മനത്തെ പ്രശംസിക്കാൻ അണികൾ ഇറക്കിയ പോസ്റ്റിലൂടെ കനത്ത തിരിച്ചടിയാണു സൈബർ ലോകം കൊടുത്തത്.

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷമാണു കുമ്മനത്തിന്റെ ജനനം. എന്നാൽ, 1952 ൽ ജനിച്ച കുമ്മനം രാജശേഖരനെ സ്വാതന്ത്ര്യ സമരസേനാനിയാക്കിയായിരുന്നു ഒരു വിഭാഗം പോസ്റ്റുകളിറക്കിയത്. സംഗതി പുറത്തുവന്നതിനു തൊട്ടുപിന്നാലെ തന്നെ ഇതു കണ്ടുപിടിച്ച സോഷ്യൽ മീഡിയയിലെ വിരുതർ ട്രോളുകളും പുറത്തിറക്കി.

'സ്വാതന്ത്ര്യസമര സേനാനികൂടിയായ സംഘപുത്രൻ' എന്നായിരുന്നു കുമ്മനത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ചിരുന്നത്. ഇതോടെ, കിട്ടിയ അവസരം മുതലാക്കി സൈബർ ലോകത്തെ ട്രോളേഴ്സ് രംഗത്തെത്തുകയും ചെയ്തു.