തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഗവേഷണ വിദ്യാർത്ഥി ബി അരുന്ധതിക്കെതിരെ സൈബർ ആക്രമണം വീണ്ടും. യാക്കൂബ് മേമന്റെയും അഫ്‌സൽ ഗുരുവിന്റെയും വധശിക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യം വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികരിച്ചതിനു രാജ്യദ്രോഹിയായി ചിത്രീകരിച്ചാണ് സൈബർ ലോകത്ത് ഒരു വിഭാഗം അരുന്ധതിക്കെതിരെ ആക്രമണം നടത്തുന്നത്. രാജ്യദ്രോഹികളാകാൻ അരുന്ധതി ആഹ്വാനം ചെയ്തുവെന്ന തരത്തിലാണു പ്രചാരണം.

പോസ്റ്റ് വൈറലായതോടെ അരുന്ധതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിയും നൽകി. പോസ്റ്റിൽ പറയുന്നത് രാജ്യദ്രോഹികളാകാം എന്നാണെന്നും അതിനാൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അരുന്ധതിക്കെതിരെ കേസെടുക്കണമെന്നുമാണ് ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തിന്റെ പേരിൽ കൊച്ചി പൊലീസ് കമ്മീഷണർക്കു നൽകിയിരിക്കുന്ന പരാതിയിലെ ആവശ്യം. രാജ്യവിരുദ്ധശക്തികളുമായി അരുന്ധതിക്കു ബന്ധമുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

''അനീതികൾക്കെതിരെ, മനുഷ്യത്വനിരാസങ്ങൾക്കെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെങ്കിൽ ഈ മർദക ഭരണകൂടത്തിന് കീഴിൽ നമുക്ക് രാജ്യദ്രോഹികളാവാം''- എന്ന അരുന്ധതിയുടെ വാചകം മുൻനിർത്തിയാണു പരാതി നൽകിയിരിക്കുന്നത്. തെളിവുകളില്ലാതിരുന്നിട്ടും അഫ്‌സൽ ഗുരുവിന്റെ കൊലപാതകത്തിലൂടെ രാജ്യം തന്നെ അതിന്റെ വികൃത മുഖം കാട്ടിയ ദിവസത്തിന്റെ ഓർമ പുതുക്കലാണ് ഇന്നെന്നും പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കു നേരെ എബിവിപി അക്രമം നടത്തിയെന്നും ജെഎൻയു ക്യാമ്പസിൽ പൊലീസ് കയറിയെന്നും സൂചിപ്പിച്ചുള്ള പോസ്റ്റിനെതിരായാണു പരാതി നൽകിയിരിക്കുന്നത്.

യാക്കൂബ് മേമന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചതുകൊണ്ടാണ് രോഹിത് രാജ്യദ്രോഹി ആക്കപ്പെട്ടതെന്നും അരുന്ധതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പോസ്റ്റിന്റെ ചുവടുപിടിച്ചാണ് അരുന്ധതിയെ രാജ്യദ്രോഹിയാണെന്നാരോപിച്ച് ഒരു വിഭാഗം സൈബർ ആക്രമണവും പരാതിയും നൽകിയിരിക്കുന്നത്. യുഎപിഎ ചുമത്തി ഈ രാജ്യദ്രോഹിയെ അറസ്റ്റു ചെയ്യണമെന്നും ''കിട്ടുന്നിടത്ത് വച്ച് തല്ലിക്കൊന്നേക്കണം ഇവളെ പോലുള്ളതിനെ'' എന്നുമൊക്കെയുള്ള പരാമർശങ്ങളാണ് അരുന്ധതിക്കെതിരെ സൈബർലോകത്ത് ഒരു വിഭാഗം ഉന്നയിക്കുന്നത്.

ചുംബനസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കോടതി പരാമർശത്തിൽ അഭിപ്രായം രേഖപ്പെടുത്തിയും നേരത്തെ അരുന്ധതി രംഗത്തു വന്നിരുന്നു.