തിരുവനന്തപുരം: പരീക്ഷയിൽ മികച്ച വിജയം നേടിയ പെൺകുട്ടിക്കു സഹായം അഭ്യർത്ഥിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം നൽകിയ ഫോൺ നമ്പരിലേക്കു നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുന്നയാളെ തെരഞ്ഞു സൈബർ ലോകം. പത്താം ക്ലാസിലും +2വിലും മുഴുവൻ എ പ്ലസ് നേടിയ ദരിദ്ര കുടുംബത്തിലെ പെൺകുട്ടിയുടെ തുടർ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു നമ്പർ നൽകിയിരുന്നത്.

അരുൺ പുനലൂർ എന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണു പെൺകുട്ടിക്കു വിദ്യാഭ്യാസ സഹായം അഭ്യർത്ഥിച്ചു സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നത്. വിശ്വാസ്യതയ്ക്കായി പെൺകുട്ടിയുടെ നമ്പറും നൽകി. മൊബൈൽ ഉപയോഗിക്കാത്ത പെൺകുട്ടിക്ക് താത്കാലികാവശ്യത്തിന് അയൽവാസി നൽകിയതായിരുന്നു മൊബൈൽ. ഈ നമ്പറിലേക്കാണ് നിരന്തരം മെസേജുകൾ വന്നത്.

08904122916, 07406007694 എന്നീ നമ്പറുകളിൽ നിന്നാണു സെക്‌സ് ആവശ്യപ്പെട്ടു നിരന്തരം മെസേജുകൾ വരുന്നത്. മനു എന്ന് പരിചയപ്പെടുത്തിയ ആളുടെ അസഭ്യ ചാറ്റാണു നിർത്താതെ വന്നുകൊണ്ടിരിക്കുന്നത്. ജീവിതത്തിലാദ്യമായി ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടി ഇപ്പോൾ മൊബൈൽ റിങ് ചെയ്താൽ തന്നെ ഭയക്കുന്ന അവസ്ഥയിലായിരിക്കുകയാണ്.

പെൺകുട്ടിക്കു വിദ്യാഭ്യാസ സഹായം ആവശ്യപ്പെട്ടുള്ള അരുണിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് പെൺകുട്ടിയെ സഹായിക്കാൻ നിരവധി പേർ രംഗത്ത് വരികയും പണം നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അസഭ്യ ചാറ്റും എത്തിയത്. ശല്യം സഹിക്കവയ്യാതായതോടെ അരുൺ തന്നെ ഇയാളുടെ നമ്പറും മെസേജിന്റെ സ്‌ക്രീൻ ഷോട്ടും സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയായിരുന്നു.

തുടർന്നു സൈബർ ലോകം ഇയാൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സൈബർ സെല്ലിനു പരാതി നൽകണം എന്നും സോഷ്യൽ മീഡിയയിൽ ആഹ്വാനം ഉയർന്നിട്ടുണ്ട്.