തിരുവനന്തപുരം: കെ എം മാണിയും യുഡിഎഫിലെ പ്രശ്‌നങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. യുഡിഎഫ് വിട്ട മാണിയെയും മാണിയെ സ്വീകരിക്കാൻ കാത്തിരിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും കണക്കറ്റു പരിഹസിച്ചിട്ടുണ്ട് സൈബർ ലോകം.

മംഗ്ലീഷിൽ എഴുതിയ കമന്റ് ഒരു വിരുതൻ വായിച്ചത് ഇങ്ങനെ: 'കെ എം മാണി യു ഡി എഫ് വിറ്റു'. യുഡിഎഫ് വിട്ടു എന്ന് എഴുതിയത് മംഗ്ലീഷിന്റെ തമാശയാലാണു വിറ്റു എന്ന് വായിച്ചത്. 'അയാൾ അതും വിൽക്കും ചാൻസ് കിട്ടിയാൽ അതിലപ്പുറവും വിൽക്കും' എന്നായിരുന്നു മറുപടി.

കഴിഞ്ഞ ദിവസം വരെ യുഡിഎഫിന്റെ ചങ്ക് ബ്രോ ആയിരുന്ന കെ എം മാണിസാർ ഇന്ന് യു ഡി എഫിന് പുറത്താണ്. നാളെ ആർക്കൊപ്പമായിരിക്കും എന്ന് പറയാനും പറ്റില്ല. പോരുന്നോ എന്റെ കൂടെ എന്ന് ചോദിച്ച് പാലായിലെ സുന്ദരിക്കുട്ടിക്ക് പിന്നാലെ കുമ്മനമുണ്ട്. എൽ ഡി എഫും ഉണ്ട് എന്നാണ് കേൾക്കുന്ന വാർത്തകൾ. ഇതൊക്കെ ട്രോളുകളിലൂടെ പൊളിച്ചടുക്കിയിരിക്കുകയാണ്.

മാണി കൂടി എൽ ഡി എഫിന്റെ കൂടെയുണ്ടെങ്കിൽ യു ഡി എഫ് ഇനി കേരളം ഭരിക്കാമെന്ന് അടുത്ത കാലത്തൊന്നും സ്വപ്നം കാണേണ്ട കാര്യമില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 'മെക്സിറ്റ്' എന്നാണ് കെ എം മാണിയുടെ യു ഡി എഫ് വിടലിനു സൈബർ ലോകം നൽകിയിരിക്കുന്ന ഓമനപ്പേര്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യുഡിഎഫ് ബന്ധം ഉപേക്ഷിച്ചാണു മാണി പോകുന്നത്. സൗഹൃദ ദിനത്തിലെ കേരള കോൺഗ്രസ്സ് എമ്മിന്റെ വേർപിരിയലിനെ ആ പേരിലും പരിഹസിക്കുന്നുണ്ട്. ബാർ കോഴയും നോട്ടെണ്ണൽ മെഷീനും എൻഡിഎ മുന്നണി പ്രവേശന വാർത്തകളും പരാമർശിച്ചാണ് മുനവച്ചുള്ള പരിഹാസങ്ങൾ.

യുഡിഎഫ് വിടാനുള്ള മാണിയുടെ തീരുമാനത്തെ പരിഹസിച്ച് കഴിഞ്ഞദിവസം കോൺഗ്രസ് എംഎൽഎ വിടി ബൽറാമും രംഗത്തെത്തിയിരുന്നു. മാണിയുടെ അവസാനത്തെ ബജറ്റിനൊടുവിലെ ലഡു വിതരണത്തെ പരാമർശിച്ച് ലഡു എന്റെ തൊണ്ടയിൽ ബ്ലോക്കാവില്ലെന്നായിരുന്നു ബൽറാമിന്റെ ട്രോൾ.

ചരൽക്കുന്നിലെ രണ്ട് ദിവസം നീണ്ടുനിന്ന പാർട്ടി നേതൃയോഗത്തിന് ശേഷമാണ് മാണി യുഡിഎഫ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയിട്ടാണ് ഇനിമുതൽ കേരള കോൺഗ്രസ്(എം) എംഎൽഎമാർ ഇരിക്കുക. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും മുൻകരാർ പ്രകാരമുള്ള സഹകരണം തുടരും. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകും. ഇടതുപക്ഷത്തേക്കോ ബിജെപിക്കോ ഒപ്പം പോകില്ല. ഭാവി പരിപാടികൾ ഓഗസ്റ്റ് പതിനാലിന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുമെന്നാണ് മാണി അറിയിച്ചത്.

ഈ വിഷയത്തിൽ പുറത്തുവന്ന രസകരമായ ട്രോളുകൾ: