ഡബ്ലിൻ: യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്കിൽ നിന്നും വ്യത്യസ്തമായൊരു തീർത്ഥാടനം. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷൻ ഡബ്ലിനിൽ നിന്നും നോക്കിലേക്ക് നടത്തപ്പെട്ട സൈക്കിൾ തീർത്ഥയാത്ര അനുഗ്രഹപ്രദവും അയർലന്റിലെ മലയാളി സമൂഹത്തിന്റെ ഇടയിൽ ആത്മീയ തീർത്ഥയാത്രാ
ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതി ചേർക്കപ്പെടുന്നതുമായി. സെപ്റ്റംബർ മാസം 4 ാം തീയതി വെള്ളിയാഴ്ച വെളുപ്പിന് 5 മണിക്ക് റവ. ഫാ. തോമസ് പുതിയാമഠത്തിലിന്റെ കാർമ്മികത്വത്തിൽ  പ്രഭാത പ്രാർത്ഥനയോടെ ആരംഭിച്ച തീർത്ഥയാത്രയിൽ 10 അംഗങ്ങൾ
പങ്കെടുക്കുകയും ലെക്സ്ലിപ്പ് മുള്ളിങ്കാർ റോഡ് റൊസ്‌കോമൺ കാസിൽ റിയ വഴി രാത്രി 11 മണിയോടു കൂടി നോക്കിൽ എത്തിച്ചേരുകയും ചെയ്തു.

വിശുദ്ധ ദൈവമാതാവിന്റെ അദൃശ്യ സാന്നിധ്യമുള്ള ദേവാലയത്തിൽ എത്തിച്ചേർന്ന സംഘം മാതാവിനോടുള്ള പ്രാർത്ഥനയിലും ജാഗരത്തിലും ഏറെ സമയം ചിലവഴിച്ചു. രാത്രി പ്രാർത്ഥനയ്ക്കും ഭക്ഷണത്തിനും ശേഷം മുൻ കൂട്ടി തയ്യാർ ചെയ്തിരുന്ന താമസസ്ഥലത്ത് വിശ്രമിക്കുകയും രാവിലെ 11 ഇടവകകളിൽ നിന്നും എത്തിച്ചേർന്ന മറ്റ് വിശ്വാസികളോടൊപ്പം
വി.സ്ലീബായും സുറിയാനി സഭയുടെ പാത്രിയാർക്കാ പതാകയും വഹിച്ചു കൊണ്ട് കാൽനടയായി നോക്ക് ദൈവാലയ പരിസരത്ത് നടത്തിയ പ്രദക്ഷിണത്തിലും തുടർന്ന് അഭി.മാത്യൂസ് മോർ അപ്രേം തിരുമേനിയുടെ മുഖ്യ കാർമീകതയിൽ നടന്ന വി.കുർബ്ബാനയിലും പങ്ക് ചേർന്നു.

അനുഗ്രഹപ്രദമായി നടത്തുവാൻ സാധിച്ച ഈ തീർത്ഥയാത്ര വരും വർഷങ്ങളിലും പൂർവ്വാധികം ഭംഗിയായി നടത്തുതാണെന്ന് യൂത്ത് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.