ഡബ്ലിൻ: യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ ദൈവമാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലേതു പോലെ നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് തീർത്ഥയാത്രയും വിശുദ്ധ കുർബാനയും മൂന്നിന് രാവിലെ പതിനൊന്നിന് അയർലണ്ട് പാത്രിയർക്കൽ വികാരി യൂഹാന്നോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തും.

അതിന്റെ ഭാഗമായി  ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. 2015-ൽ അനുഗ്രഹകരമായി നടത്തിയ സൈക്കിൾ തീർത്ഥയാത്ര ഈ വർഷവും പൂർവാധികം ഭംഗിയായി നടത്താൻ ഇടവകയിലെ യുവജന സംഘടന തയ്യാറെടുക്കുന്നു. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ നിന്ന് നാളെ രാവിലെ അഞ്ചിന് വികാരി ഫാ. ബിജു പാറേക്കാട്ടിലും സഹവികാരി ഫാ. ജിനോ ജോസഫും ചേർന്ന് ധൂപപ്രാർത്ഥനയ്ക്കു ശേഷം വിശുദ്ധ സ്ലീബായും വഹിച്ചുകൊണ്ട് പുറപ്പെടുന്ന സൈക്കിൾ തീർത്ഥയാത്ര ലെക്സ്ലിപ്, മുള്ളിങ്കാർ, റോസ്‌കോമൺ വഴി യാത്ര ചെയ്ത് ശനിയാഴ്ച രാവിലെ മറ്റ് 11 ഇടവകകളിൽ നിന്നുള്ള തീർത്ഥാടകരോടൊന്നിച്ച് കാൽനടയായി നോക്ക് പള്ളിയങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് യൂഹാന്നോൻ മോർ മിലിത്തിയോസിന്റെ മുഖ്യകാർമികത്വത്തിലുള്ള കുർബാനയിലും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയിലും പങ്കെടുത്ത് തീർത്ഥയാത്ര പര്യവസാനിക്കുന്നു.