- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടൗട്ടെ എന്ന പേരിനർത്ഥം പല്ലി; കേരളത്തെ വിറപ്പിക്കുന്ന ചുഴലിക്കാറ്റിന് ആ പേര് വന്നതെങ്ങനെ
കോവിഡ് മഹാമാരിയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് അടുത്ത ദുരന്തത്തിന്റെ മുന്നറിയിപ്പ് എത്തുന്നത്. മലയാളികൾക്കൊരു പേടിസ്വപ്‌നം പോലെ ടൗട്ടെ ചുഴലിക്കാറ്റ് വരുന്നു. മധ്യകിഴക്കൻ അറബിക്കടലിൽ 14ആം തീയതി രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് 15ആം തീയതിയോടെ തീവ്ര ന്യൂനമർദമാവുകയായിരുന്നു. 16ആം തീയതി കേരളം, ഗോവ, മുംബൈ തീരങ്ങളിലൂടെ സഞ്ചരിച്ച അതിശക്ത ചുഴലിക്കാറ്റ് 17ന് വൈകിട്ടോടെ ഗുജറാത്ത് തീരത്ത് എത്തുകയും 18-ാം തീയതി ഗുജറാത്തിലെ പോർബന്തർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരതൊടുമെന്നും പ്രതീക്ഷിക്കുന്നു. കേരള തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം 17 വരെ തുടരുമെന്നതിനാൽ, അതിതീവ്രമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചില ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഗോവയിലും കനത്ത മഴ തുടരുകയാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാനും മറ്റുമുള്ള നെട്ടോട്ടത്തിലാണ് അധികൃതർ.
ടൗട്ടെ എന്ന പേര് വന്ന വഴി
അതിതീവ്രന്യൂനമർദത്തിന് പിന്നാലെ രൂപംകൊണ്ട ചുഴലിക്കാറ്റിന് 'ടൗട്ടെ' എന്ന പേര് നൽകിയത് മ്യാന്മറാണ്. പല്ലി എന്നർഥം വരുന്ന പദമാണ് ടൗട്ടെ. മ്യാന്മറുകാർ സംസാരിക്കുന്ന ബർമീസ് ഭാഷയിലുള്ള വാക്കാണ് ടൗട്ടെ.
ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതെന്തിന്? എങ്ങനെ?
ഒഡിഷയിലുണ്ടായ ഒരു ഭീകരമായ ചുഴലിക്കാറ്റിന് പിന്നാലെയാണ് 'പേരിടലിന്' വളരെയേറെ പ്രധാന്യമുണ്ടെന്ന് അധികൃതർക്ക് ബോധോദയമുണ്ടാകുന്നത്. 1999ൽ വീശിയടിച്ച ആ ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ, ഒന്നും തന്നെ പലരുടേയും ഓർമകളിലില്ല. അതിന് കാരണം, ആ ചുഴലിക്കാറ്റിന് പേരില്ല എന്നത് തന്നെ. അതോടെ 2000-ത്തിൽ ഏഷ്യ പസഫിക് റീജിയനിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാനായി ഒരു പാനലിനെ നിശ്ചയിച്ചു.
ലളിതവും ചെറുതും എളുപ്പം മനസിലാക്കാനാവുന്നതും ആയിരിക്കണം ചുഴലിക്കാറ്റിന്റെ പേരുകൾ, ആളുകളെ പ്രകോപിപ്പിക്കുന്നതോ മോശമോ ആയ അർഥം വരുന്നതാവരുത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. വേഗത 55 കിലോമീറ്ററിലധികമായാലേ കാറ്റിനെ ചുഴലിക്കാറ്റായി പരിഗണിക്കുകയുള്ളൂ. ഒരു ചുഴലിക്കാറ്റ് 74 മൈൽ വേഗത മറികടന്നാൽ അതിന് പേരിടും.
ഓർത്തിരിക്കാനുള്ള എളുപ്പത്തിന് പുറമേ, ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിന് മറ്റ് പല കാരണങ്ങളുമുണ്ട്. അധികൃതർക്ക് അവയെ വേർതിരിച്ചറിഞ്ഞ് മുൻകരുതൽ നൽകാനും മാധ്യമങ്ങൾക്ക് ആശയവിനിമയവും വാർത്തകൾ നൽകുന്നതും എളുപ്പമാക്കുന്നതിനും ചുഴലിക്കാറ്റുകൾക്ക് പേരുകൾ വേണ്ടതുണ്ട്. അംഫാൻ, നിസർഗ, ഗതി, നിവാർ, ബുറൈവി എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷം രൂപംകൊണ്ട അഞ്ച് ചുഴലിക്കാറ്റുകൾക്ക് നൽകിയ പേരുകൾ. ഇതിന് മുമ്പ് കേരളതീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് നമുക്ക് ഓർമയുണ്ടല്ലോ.
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ / യുണൈറ്റഡ് നാഷൻസ് എകണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (ഡബ്ല്യു.എം.ഒ / ഇ.എസ്.സി.എ.പി) പാനലിലുള്ള ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മർ, പാക്കിസ്ഥാൻ, മാലിദ്വീപ്, ഒമാൻ, ശ്രീലങ്ക, തായ്‌ലൻഡ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമൻ എന്നിവയടക്കമുള്ള 13 രാജ്യങ്ങളാണ് ഏഷ്യ പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേരു നൽകുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് 13 വീതം പേരുകൾ സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ വർഷമാണ് 169 പേരുകളുള്ള പട്ടിക പുറത്തിറക്കിയത്. ഇത്തവണ മ്യാന്മറിന് പേരിടാൻ അവസരം ലഭിച്ചു. ഇറാൻ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങൾക്കാണ് അടുത്ത ഊഴം.