- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വ്‌ളാദിമിർ പുടിന്റെ അപ്പോയിന്മെന്റ് എടുത്തു നൽകാമോ എന്നായി ചോദ്യം; തിരിച്ചുവരാത്ത യാത്രയ്ക്കായി ബാലാജി വിജയൻ ഒറ്റയ്ക്ക് പോയപ്പോൾ മാധ്യമ പ്രവർത്തകൻ ധനസുമോദ് ഓർക്കുന്നു ആ സഞ്ചാരിയെ
അവിചാരിതമായിട്ടാണ് ബാലാജി വാർത്തയിൽ ആദ്യമായി എത്തുന്നത്.
ഇഡ്ഡലി ചോദിച്ചു എത്തിയ ഒരാൾക്ക് ബാലാജി വിജയേട്ടൻ ഭക്ഷണം നിഷേധിച്ചു. ഒരു ചരുവം നിറയെ ഇഡ്ഡലി, തട്ടിന് താഴെ ഇരിക്കുമ്പോഴാണ് അയാളെ മടക്കി അയക്കുന്നത്. കഴിഞ്ഞ ദിവസം ആഹാരം കഴിച്ചപ്പോൾ 2 ഇഡ്ഡലി പാഴാക്കി കളഞ്ഞതുകൊണ്ട് ഇനിമുതൽ തന്റെ ചായക്കടയിൽ നിന്നും ഇനി മേലിൽ ഒന്നും നൽകില്ലെന്ന് തീരുമാനിച്ചത്രെ. ചില വാശികളും നിറയെ ചിരിയും ഇടയ്ക്ക് യാത്രയും ഭാര്യയുമായി സ്‌നേഹത്തിന്റെ വഴക്കും കുറുമ്പുകളുമുള്ള ആ ചായക്കടക്കാരൻ എറണാകുളം നഗരത്തിൽ വര്ഷങ്ങളായി താമസിക്കുന്നു. ചേർത്തലക്കാരൻ ആണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിലെ സ്‌നേഹത്തിന്റെ ഇഴയടുപ്പം കൂടി.
അങ്ങനെ ആദ്യമായി മംഗളം സൺഡേ സപ്ലിമെന്റിൽ അനുജൻ അഭിജിത്ത് ഉലകം ചുറ്റും ബാലാജി എന്ന തലക്കെട്ടിൽ ഒരു പേജ് നിറയെ ഫീച്ചർ എഴുതി. എന്നോടൊപ്പം വിജയേട്ടന്റെ കസ്റ്റമർ ആയിരുന്ന പി ആർ രാജേഷ് പടവും എടുത്തു. പിന്നെ വിജയേട്ടനും മോഹനേച്ചിക്കും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ചാനലുകളൂം പത്രങ്ങളും അവരുടെ യാത്രാ വിശേഷങ്ങൾ തുടരൻ നിരവധി ലോകരാജ്യങ്ങൾ സന്ദർശിച്ചു .അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള താരങ്ങളുമായി പരിചയമായി.
കൊച്ചിയിൽ നിന്നും ഡൽഹി മംഗളത്തിലേക്കു ഞാൻ ട്രാൻസ്ഫർ ആയതോടെ വിളിയും മുറിഞ്ഞു. ഇന്ത്യാവിഷനിൽ കൊച്ചിയിൽ എത്തിയപ്പോൾ വീണ്ടും വിജയേട്ടന്റെ കടയിൽ എത്തി. ഇരുവരുമായി മണിക്കൂറുകൾ വർത്തമാനം പറഞ്ഞു. സ്വർണം പണയം വച്ചും പലിശയ്ക്ക് എടുത്തും ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന ഈ ഇണക്കുരുവികൾ ഏറെ പ്രിയപ്പെട്ടവനായി മാറിയിരുന്നു.
ഒരിക്കൽ കാണാൻ വിളിച്ചപ്പോൾ എറണാകുളത്ത് ചെന്നു. അദ്ദേഹത്തിന്റെ യാത്രകളെ പറ്റി ഒരു പുസ്തകം എഴുതണം. വിജയേട്ടൻ പോയിന്റുകൾ പറഞ്ഞു തരും. പുസ്തകമാക്കി എഴുതേണ്ട ചുമതല ഞാൻ ഏറ്റെടുക്കണം. കൈകൊടുത്ത് പിരിഞ്ഞു. പിറ്റേ ദിവസം ഡൽഹിക്ക് വീണ്ടും ട്രാൻസ്ഫർ. വിഷമത്തോടെ അങ്ങനെ ഞങ്ങൾ പിരിഞ്ഞു.
വർഷങ്ങൾക്കു ശേഷം എന്റെ നമ്പർ തപ്പിയെടുത്ത് വിജയേട്ടൻ വിളിച്ചു. പുസ്തകം പുറത്തിറങ്ങി. പക്ഷെ ധനസുമോദിന്റെ ഒരു എഴുത്ത് ഇല്ലാത്തത് ഒരു കുറവായി തോന്നുന്നു. അടുത്ത പതിപ്പിൽ ഒരു കുറിപ്പ് എഴുതാമോ എന്നാണ് ചോദ്യം. സ്‌നേഹം കൊണ്ട് മനസ് നിറഞ്ഞു. സഹൃദയനായ പ്രസാധകൻ തോമസേട്ടൻ അടുത്ത പതിപ്പ് ഇറക്കിയത് എന്റെ ആമുഖത്തോടെയായിരുന്നു .
നാട്ടിലുണ്ടായ അഞ്ച് വർഷത്തിൽ ഒരിക്കൽ പോലും പിന്നീട് വിജയേട്ടനെ കാണാൻ കഴിഞ്ഞില്ല. ഒരിക്കൽ വിജയേട്ടൻ വിളിച്ചപ്പോൾ ക്ഷീണിച്ച ശബ്ദം. അർബുദം ആ ശരീരത്തിൽ പിടികൂടിയിരിക്കുന്നു. ഈ രോഗത്തിന് ഒരിക്കലും വിജയേട്ടനെ പിടിക്കാൻ കഴിയില്ലെന്നും വീണ്ടും യാത്ര ചെയ്യണം, ചികിത്സ തേടണമെന്നൊക്കെ ഇൻസ്പിരേഷൻ കൊടുക്കാൻ ശ്രമിച്ചു.
ഒരു മാസം മുൻപ് വീണ്ടും ഉത്സാഹവാനായി വിളിയെത്തി. രോഗത്തെ ആ യാത്രക്കാരൻ തോൽപ്പിച്ചിരിക്കുന്നു. വ്‌ളാദിമിർ പുടിന്റെ അപ്പോയിന്മെന്റ് എടുത്തു നൽകാമോ എന്നായി ചോദ്യം. റഷ്യക്ക് പോകുന്ന വിവരം പറഞ്ഞപ്പോൾ സന്തോഷം ഉതിർന്നു വീണുകൊണ്ടേയിരുന്നു. നിറയെ സന്തോഷത്തോടെ മോഹനേച്ചിയും സംസാരിച്ചു.
അധികം വൈകാതെ ഒരു വിളികൂടി എത്തി ....എന്നെ ഒന്ന് കാണാൻ ആഗ്രഹം. നാട്ടിൽ വരുമ്പോൾ കാണാമെന്നു പറഞ്ഞു വച്ചു ....നീണ്ട യാത്രയ്ക്ക് വിജയേട്ടൻ ഒറ്റയ്ക്ക് പോയതറിഞ്ഞു വിളിച്ചപ്പോൾ മരുമകനാണ് ഫോൺ എടുത്തത് . കടയിൽ കഴിഞ്ഞ ആഴ്ച എത്തിയ വൈപ്പിൻ എം എൽ എ യോടും എന്റെ കാര്യം പറഞ്ഞത്രേ...
ഇത്രമേൽ ആഗ്രഹത്തോടെ കാണാൻ ആഗ്രഹിച്ച വിജയേട്ടനെ ഒരു നോക്ക് കാണാൻ കഴിയാതെ ഞാൻ ഡൽഹിയിലെ തണുപ്പിൽ ശരീരവും മനസും മരവിച്ചിരിക്കുന്നു. Remya S Anand പറഞ്ഞ വാക്കുകളാണ് കാതിൽ മുഴങ്ങുന്നത്. പ്രായമുള്ളവർ കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ കാറെടുത്തു പോകണം. ഇനി ജീവിതത്തിൽ ഒരിക്കൽ കാണാൻ കഴിഞ്ഞില്ലെങ്കിലോ ...
കാർഷിക കരിനിയമങ്ങൾ പിൻവലിച്ച സന്തോഷം ഈ മരണ വാർത്ത എന്നിൽ നിന്നും തട്ടിയെടുത്തു. മോഹനേച്ചിയെ ഒറ്റയ്ക്കാക്കി ആദ്യമായി വിജയേട്ടൻ ,ഞങ്ങളുടെ ബാലാജി ഒറ്റയ്ക്ക് യാത്രപോയി ...
ആദരാഞ്ജലികൾ