കൊച്ചി : നൃത്തലഹരിയുടെ ആഘോഷവേദിയായി മഴവിൽ മനോരമ ഒരുക്കിയ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോ മൂന്നാം സീസണിൽ വ്യക്തിഗത വിഭാഗത്തിൽ നാസിഫ് അപ്പു ജേതാവായി.

പെയർ വിഭാഗത്തിൽ ഇ.വി.വിനീഷ് ആൻ മേരി സഖ്യവും ഗ്രൂപ്പ് വിഭാഗത്തിൽ 'അളിയൻസു'മാണു ജേതാക്കൾ. അന്ന പ്രസാദ്, ജൂഹിഭവിക്, 'ആർസി ബോയ്‌സ്' എന്നിവരാണു യഥാക്രമം മൂന്നു വിഭാഗങ്ങളിലും രണ്ടാം സ്ഥാനക്കാർ. മൂന്നു വിഭാഗങ്ങളിലായി 36 പേർ മൽസരിച്ച ആവേശകരമായ ഫിനാലെയ്ക്ക് ഒടുവിൽ സിനിമാതാരം സുരേഷ് ഗോപിയാണു വിജയികളെ പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടിയവർക്ക് 25 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് അഞ്ചു ലക്ഷവും സമ്മാനമായി ലഭിച്ചു.

കൊച്ചി കലൂർ ദേശാഭിമാനി റോഡ് നാസ് മൻസിലിൽ എ.എം.ആസാദ് വാഹിദ ദമ്പതികളുടെ മകനാണു നാസിഫ് അപ്പു. ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് വിദ്യാർത്ഥി. കടവന്ത്ര ചെറുപുഷ്പം ലെയ്ൻ പുതുവാൽ വീട്ടിൽ പ്രസാദ് പി. ചെറിയാന്റെയും ആനിമോളുടെയും മകളാണ് അന്ന പ്രസാദ്. തേവര സേക്രഡ് ഹാർട്ട് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്. ഇ.വി.വിനീഷ് കാക്കനാട് തുതിയൂർ ഇടത്തിലപറമ്പിൽ പരേതനായ വേലായുധന്റെയും മനോരമയുടെയും മകനാണ്. കുമ്പളങ്ങി പടിഞ്ഞാറ്റേമുറി ജോളി പീറ്റർ ബീന ദമ്പതികളുടെ മകളാണ് ആൻ മേരി ജെ. അക്വിന. ഫോർട്ട്‌കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നോയിഡ സ്വദേശികളായ ബൽദേവ് അറോറ സുനൈന ദമ്പതികളുടെ മകളാണു ജൂഹി അറോറ. ഭവിക് ശർമ നോയിഡ സ്വദേശി അനിൽകുമാർ ശർമ ഉഷ ദമ്പതികളുടെ മകനാണ്.

കൊറിയോഗ്രഫർ പ്രദീഷ് പി. ലാൽ നയിക്കുന്ന തിരുവനന്തപുരം കരമന 'ഡി റേഞ്ച്' നൃത്തസംഘത്തിലെ അംഗങ്ങളാണ് 'അളിയൻസ്'. 'ആർസി ബോയ്‌സ്' ഗോപാൽ ഖില്ലാരെയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ പാൽഗഡ് നല്ലസൊപറ ഈസ്റ്റ് ഗാല നഗറിൽനിന്നുള്ള സംഘമാണ്.