ദോഹ: ജീവകാരുണ്യ പ്രവർത്തന രംഗത്തും മാനവ സേവന രംഗത്തും മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി നേതൃപരമായ പങ്ക് വഹിക്കുന്ന അലി ഇന്റർനാഷണൽ ജനറൽ മാനേജർ കെ. മുഹമ്മദ് ഈസയെ അമേരിക്കയിലെ കിങ്സ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. ഗൾഫിലും നാട്ടിലും പരന്ന് കിടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെ. മുഹമ്മദ് ഈസയുടെ പങ്ക് മാതൃകപരമാണെന്നും ഇത്തരം വ്യക്തിത്വങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡിലിറ്റ് നൽകി സംസാരിക്കവേ സർവ്വകലാശാല പ്രസിഡന്റ് ഡോ. സെൽവിൻ കുമാർ പറഞ്ഞു. ഏതെങ്കിലും മേഖലകളിൽ വലിയ സംഭാവനകൾ നൽകിയിടുള്ള ആൾക്കാർക്ക് നൽകുന്ന ഒരു ബഹുമതിയാണ് ഡി ലിറ്റ് ബിരുദം.

മധുരയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇഒ ഡോ. ആർ സീതാരാമൻ, ഇന്റർനാഷണൽ റൈറ്റ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. എസ്‌പി പെരുമാൾജി, ശ്രീ വിഷ്ണു പ്രത്യങ്കര തന്ത്രിക പീഠം സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഇ. അണ്ണസ്വാമി തുടങ്ങിയവർ സംസാരിച്ചു.

ബിസിനസ് രംഗത്ത് സജീവമായി നില നിൽക്കുമ്പോഴും കലാകായിക രംഗത്തും ജനസേവന രംഗത്തും പ്രവർത്തിക്കുവാൻ സമയം കണ്ടെത്തുകയും സമ്പാദ്യത്തിന്റെ ഒരു നിശ്ചിത ശതമാനം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ഉന്നമനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന കെ. മുഹമ്മദ് ഈസ ഇതിനകം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം കമ്പനിയുടെ സിൽവർ ജൂബിലി ആഘോഷവേളയിൽ ഹ്യൂമാനിറ്റി സർവ്വീസ് അവാർഡ് നൽകി മീഡിയ പ്ളസ് അദ്ദേഹത്തെ ആദരിച്ചിരുന്നു.

1976 ൽ ഖത്തറിലെത്തിയ കെ. മുഹമ്മദ് ഈസ കഠിനാദ്ധ്വാനം കൊണ്ട് വിജയഗാഥ രചിച്ച സംരംഭകരുടെ മുൻനിരയിലുള്ള സാമൂഹ്യ പ്രവർത്തകനാണ്. ബിസിനസും, കലയും, കായികരംഗവും ജനസേവനവുമൊക്കെ മാതൃകപരമായി മുന്നോട്ട് കൊണ്ട് പോകുന്ന അദ്ദേഹത്തിനുള്ള രാജ്യന്തര പുരസ്‌കാരമാണ് ഈ അംഗീകാരം.

പാലക്കാട് സ്വദേശി നസീമയാണ് ഭാര്യ. നജ്ല, നൗഫൽ, നാദിർ, നമീർ എന്നിവർ മക്കളും, ദോഹ ബാങ്ക് ഐ.ടി എഞ്ചിനിയർ ആസാദ്, ഷഹനാസ്, ഫഹ്മി എന്നിവർ മരുമക്കളാണ്.