കൊച്ചി: മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് നൃത്ത റിയാലിറ്റി ഷോയായ ഡി4ന്റെ പുതിയ രൂപത്തിലുള്ള മത്സരത്തിൽ വിജയികളായി. മുൻ സീസണുകളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് ചാനൽ സംഘടിപ്പിച്ച മത്സരത്തിൽ വിജയികളായവരെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ 'ഡി4 ഡാൻസ് റീലോഡഡ് സൂപ്പർ ഫിനാലെ'യിൽ ദിൽഷ പ്രസന്നൻ-പി.എസ്. റിനോഷ് സഖ്യം ഒന്നാം സ്ഥാനം നേടി. തെരഞ്ഞെടുത്ത് 10 ജോടികൾ തമ്മിൽ മാറ്റുരച്ച തീപാറുന്ന മൽസരത്തിന് ഒടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

അഞ്ചു ജോടികളാണ് അവസാനഘട്ട പോരാട്ടവേദിയിലെത്തി. പ്രശസ്ത ചലച്ചിത്രതാരം റഹ്മാൻ വിജയികളെ പ്രഖ്യാപിച്ചു. എഫ് 2 കാഷ്വൽ ഷർട്‌സ് പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസിൽ പ്രസന്നൻ-ബീന ദമ്പതികളുടെ മകളാണ് ദിൽഷ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.എ.സോഷ്യോളജി വിദ്യാർത്ഥിനി. തൃശൂർ അഞ്ചൂർ മുണ്ടൂർ പുറ്റേക്കര പാലിയംപറമ്പിൽ സുരേന്ദ്രൻ-ശാർമിള ദമ്പതികളുടെ മകനാണ് റിനോഷ്. നർത്തകനാണ്.

ജെറി-വിശാഖ് സഖ്യത്തിനാണ് രണ്ടാം സമ്മാനം. അന്ന-വിഷ്ണു, ഷമാസ്-ഭവിക്, സാനിയ-നകുൽ ജോടികൾ യഥാക്രമം 3, 4, 5 സ്ഥാനങ്ങൾ കരസ്ഥമാക്കി. റീലോഡഡ് വേദിയിലെ 'മോസ്റ്റ് എക്സ്‌പ്രസീവ് കപ്പിൾ' പുരസ്‌കാരം നേടിയ സാനിയ-നകുൽ ജോടിക്ക് സ്ലീപ് വെൽ മൈ മാട്രസ് കേരള റീജനൽ സെയിൽസ് ഹെഡ് ശിവാനന്ദ് പുരസ്‌കാരം നൽകി. എവർലാസ്റ്റ് റോളിങ് മിൽസ്, ഭാരതി ടിഎംടി പ്രൈവറ്റ് ലിമിറ്റഡ് സിഇഒ മുജീബ് കൊടിയത്തൂർ, ക്യു സെവൻ തിന്നർ മാനേജിങ് ഡയറക്ടർ പോൾ ഏബ്രഹാം, ആൽഫ ഫാഷൻസ് മാനേജിങ് ഡയറക്ടർ നിർമൽ രാജ്, എഫ് 2 കാഷ്വൽ ഷർട്‌സ് മാനേജിങ് ഡയറക്ടർ കം ഡിസൈനർ ഷറൂഫ് ജലാൽ എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെമെന്റോകളും സമ്മാനിച്ചു.

ചലച്ചിത്രതാരം മംമ്ത മോഹൻദാസും നൃത്തസംവിധായകൻ നീരവ് ബവ് ലെചയുമായിരുന്നു വിധികർത്താക്കൾ. ആദിൽ ഇബ്രാഹിമും പേളി മാണിയും അവതാരകരായി.