വിയന്ന: രാത്രിയിൽ ജനാലയിൽ പിടിച്ചുകയറുന്ന ആളെ കണ്ടപ്പോൾ ഈ പിതാവിന് ഒന്നും ആലോചിക്കേണ്ടി വന്നില്ല. തലയണയ്ക്കടിയിൽ വച്ചിരുന്ന തോക്കെടുത്ത് രണ്ടു തവണ നിറയൊഴിച്ചു. എന്നാൽ സ്വന്തം മകനു നേരെയാണ് നിറയൊഴിച്ചതെന്ന് പിന്നീടാണ് ഈ പിതാവിന് മനസിലായത്.

ലോവൽ ഓസ്ട്രിയയിലാണ് സംഭവം. പുറത്തു കറങ്ങാൻ പോയ നാല്പതുകാരൻ രാത്രി വൈകിയാണ് തിരികെ വീട്ടിലെത്തുന്നത്. താക്കോൽ കൈവശം ഇല്ലാതിരുന്നതിനാൽ ആരേയും ഉണർത്താതെ ജനാല വഴി വീട്ടിൽ കയറാമെന്നും ഇയാൾ കരുതി. അർധ രാത്രിയിൽ ജനാല വഴി കയറുന്നത് കള്ളൻ ആണെന്നു ധരിച്ചാണ് എഴുപതുകാരനായ പിതാവ് വെടിവയ്ക്കുന്നത്.

അയൽവീടുകളിൽ അടുത്ത ദിവസങ്ങളിൽ മോഷ്ടാക്കളുടെ ശല്യം ഉണ്ടെന്ന് അറിഞ്ഞതോടെ ഇയാൾ റിവോൾവറും തലയിണയ്ക്കടിയിൽ വച്ചാണ് ഉറക്കം. ജനാലയിൽ ശബ്ദം കേട്ട് എഴുന്നേറ്റ് ആരെന്നു നോക്കാതെ നിറയൊഴിക്കുകയായിരുന്നു. ഒരു ബുള്ളറ്റ് മകന്റെ കവിളത്തു തന്നെ പതിക്കുകയും ചെയ്തു. യുവാവിന്റെ നിലവിളി കേട്ട് എത്തിയ അയൽവാസി പെട്ടെന്ന് ആംബുലൻസ് വിളിച്ച് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വെടിയുണ്ട നീക്കം ചെയ്ത് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ് യുവാവ്. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ കുടുംബം തയാറായില്ല. സ്വന്തം മകനു നേരെ നിറയൊഴിച്ച പിതാവ് ഷോക്കിൽ നിന്നും വിമുക്തനായിട്ടില്ല എന്നാണ് റിപ്പോർട്ട്. അബദ്ധത്തിൽ വെടിവച്ചതാണെങ്കിലും പിതാവിന് നിയമനടപടികൾ നേരിടേണ്ടി വരുമെന്നു തന്നെയാണ് പറയുന്നത്.