ജയ്പുർ: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയമേധാവി (ഗ്ലോബൽ ചീഫ് ) രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി അന്തരിച്ചു. 93 വയസ്സായിരുന്നു. ദാദി ഗുൽസാർ എന്ന പേരിലാണ് ഡോ. ദാദി ഹൃദയമോഹിനി അറിയപ്പെട്ടിരുന്നത്. അന്ത്യകർമങ്ങൾ 13ന് അബു റോഡിലെ ബ്രഹ്മാകുമാരിസ് ആസ്ഥാനത്തെ ശാന്തിവൻ ക്യാംപസിൽ (മൗണ്ട് അബു, രാജസ്ഥാൻ) നടത്തും.

എട്ടാം വയസ്സിലാണ് ഡോ. ദാദി ഹൃദയ മോഹിനി വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിൽ അംഗമായത്. 140 രാജ്യങ്ങളിലായി 8000ൽ അധികം രാജയോഗ കേന്ദ്രങ്ങൾ ഇവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു.

122 രാജ്യങ്ങൾ സന്ദർശിച്ച് ബ്രഹ്മകുമാരീസിന്റെ സന്ദേശം പ്രചരിപ്പിച്ചു. ആത്മീയത, സാമൂഹിക സേവനം എന്നിവയിലെ സംഭാവനകൾ മാനിച്ച് ഒഡീഷ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഒട്ടേറെ രാജ്യാന്തര, ദേശീയ കൂട്ടായ്മയുടെ സംഘാടകയായിരുന്നു. 2020 മാർച്ച് 27 ന് രാജയോഗിനി ദാദി ജാനകിയുടെ നിര്യാണത്തിനു ശേഷമാണ് ആത്മീയമേധാവിയായി ചുമതലയേൽക്കുന്നത്.