ചില കൊടിയ ക്രിമിനലുകളുടെയും മറ്റും ചരിത്രം പഠിക്കുന്ന മനഃശാസ്ത്രജ്ഞർ, കുട്ടിക്കാലത്തോ മറ്റോ ആയി അവർക്ക് ഇങ്ങനെയൊരു പ്രവണതയിലേക്ക് നയിക്കാനിടയായ ഒരു 'ട്രിഗർ ഇഷ്യൂ' കണ്ടത്തൊറുണ്ട്.(എല്ലായിപ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നുമില്ല) വ്യക്തി ജീവതത്തിലെ കൊടിയ അവഗണനകൾ,പരിഹാസങ്ങൾ, ഒറ്റപ്പെടലുകൾ തുടങ്ങി ലൈംഗിക ചൂഷണവരെയുള്ള വിവിധ കാരണങ്ങൾ കാണാം അതിൽ.വേണ്ടരീതിയിൽ അംഗീകരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ പല ചീത്തമനുഷ്യരും,അങ്ങനെ അല്ലാതാവുയരുന്നെന്നാണ് ക്രിമിനോളജിസ്റ്റുകൾ പറയുന്നത്.

കറുത്ത യഹൂദൻ എന്ന സമീപകാല മലയാള സിനിമയിലെ, കരളുലക്കുന്ന അനുഭവമായ ചിത്രമെടുത്ത സലിംകുമാർ എന്ന ബഹുമുഖ പ്രതിഭയുടെ പുതിയ പടമായ 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' കണ്ടപ്പോൾ ആദ്യം ഓർത്തുപോയത് ഈ ക്രിമിനോളജിസ്റ്റുകളുടെ നിഗമനമാണ്.കറുത്ത യഹൂദൻ എന്ന ക്‌ളാസിക്ക് പടത്തിന് പ്രേക്ഷകരിൽനിന്ന് കിട്ടാതെപോയ അംഗീകാരത്തിന്റെ സർഗാത്മക പ്രതികാരമാണോ ഈ പടം എന്ന് ന്യായമായും സംശയിച്ചുപോവും.നല്ല പടമെടുത്തിട്ട് ഇവനൊന്നും വേണ്ട.. എന്നാൽ കുറച്ച് കൂതറ ഇട്ടുകൊടുക്കാം എന്ന് കരുതിയാണെന്ന് അറിയില്ല, കറുത്ത യഹൂദന്റെ സംവിധായകന് തീർത്തും അപമാനകരമായിപ്പോയ വിലക്ഷണമായ ഒരു സൃഷ്ടിയാണ് കെ.കുമാർ.