കൊച്ചി: കുടുംബ സദസ്സുകളുടെ പ്രിയനായകനായ ജയറാമിന്റെ ശക്തമായ തിരിച്ച് വരവായിരിക്കും സലിം കുമാർ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' എന്ന ചിത്രമെന്നാണ് ആരാധകർ പറഞ്ഞ് കൊണ്ടിരുന്നത്. ആ പ്രഖ്യാപനം അനർഥമാക്കുന്ന രീതിയിലുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്ത് വന്നത്.

മുമ്പ് കംപാർട്ട്‌മെന്റ്, കറുത്ത യഹൂദൻ എന്നീ കലാമൂല്യമുള്ള ചിത്രങ്ങൾ സലിം കൂമാർ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു പക്ക എന്റർടെയിനിങ് മൂവി സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.അനുശ്രീയാണ് ചിത്രത്തിലെ നായിക.

ശ്രീനിവാസനും നെടുമുടി വേണുവും മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നു.ചിത്രത്തിൽ സലിംകൂമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൂഞ്ഞാർ എംഎൽഎ പിസി ജോർജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

യുണൈറ്റഡ് ഗ്ളോബൽ മീഡിയയുടെ ബാനറിൽ ആൽവിൻ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.സന്താഷ് വർമ്മയുടെ വരികൾക്ക് നാദിർഷാ ആണ് സംഗീതം പകരുന്നത്.