- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീരേന്ദ്രകുമാർ യുഡിഎഫിലേക്ക് പോയപ്പോൾ ഒപ്പം നിന്നതിന് പിണറായി നൽകിയത് മികച്ച പ്രതിഫലം; മടങ്ങിയെത്തി ഒന്നായപ്പോൾ രണ്ട് കൂട്ടർക്കും വീതിക്കാൻ സീറ്റില്ല; അതിനിടെയിൽ ഒരു വിഭാഗം പാർട്ടി വിട്ടു; കേരളത്തിലെ ജനതാദൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
കോട്ടയം: കേരളത്തിലെ സോഷ്യലിസ്റ്റ് കൂട്ടായ്മയിലേക്ക് ഒരു പേരു കൂടി. ജനതാദൾ (എസ്) സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതോടെ പാർട്ടി പിളർന്നു. ഇന്നലെ കോട്ടയത്തു ചേർന്ന സംസ്ഥാന നേതൃയോഗം ജോർജ് തോമസിനെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. വീരേന്ദ്രകുമാറിന്റെ എൽജെഡി ഇടതു മുന്നണിയിൽ എത്തിയതിന്റെ തുടർച്ചയാണ് ഈ പിളർപ്പ്. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇടതുപക്ഷത്തെ രണ്ട് ദള്ളുകളും നേരിടുന്നത്.
വീരേന്ദ്രകുമാർ യുഡിഎഫിലേക്ക് പോയപ്പോൾ ഒപ്പം നിന്നതിന് പിണറായി നൽകിയത് മികച്ച പ്രതിഫലമാണ്. മാത്യു ടി തോമസ് അടക്കമുള്ളവർക്ക് നല്ല പരിഗണന കിട്ടി. എന്നാൽ വീരേന്ദ്രകുമാറിന്റെ പാർട്ടി മടങ്ങിയെത്തി ഒന്നായപ്പോൾ രണ്ട് കൂട്ടർക്കും വീതിക്കാൻ സിപിഎമ്മിന്റെ കൈയിൽ സീറ്റില്ല. യുഡിഎഫിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് മത്സരിക്കാൻ ഏഴ് സീറ്റു കിട്ടി. ആരും ജയിച്ചില്ല. എങ്കിലും അവർക്ക് മലബാറിലെ ചില പോക്കറ്റുകളിൽ ശക്തിയുണ്ട്. ജനതാദൾ എസിന് മൂന്ന് എംഎൽഎമാരുണ്ട്. എല്ലാവർക്കും കൂടി എട്ട് സീറ്റ് കൊടുക്കാനാണ് സിപിഎം തീരുമാനം. ഇത് പാർട്ടിക്കൾക്ക് കടുത്ത വെല്ലുവിളിയാണ്. അതിനിടെയിൽ ഒരു വിഭാഗം പാർട്ടി വിടുന്നു.
സി.കെ. നാണുവിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു കേന്ദ്ര നേതൃത്വം മാറ്റിയതു മുതൽ ഇടഞ്ഞു നിൽക്കുന്നവരാണു പുതിയ വിഭാഗമായി മാറിയത്. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട വർക്കിങ് പ്രസിഡന്റായ എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് യുഡിഎഫിലേക്കില്ല. ഈ വിഭാഗവുമായി എൽജെഡി നേതാക്കൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എൽജെഡിയുടെ അധ്യക്ഷൻ എംവി ശ്രേയംസ് കുമാർ നേരിട്ടാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. രണ്ട് ദള്ളുകളും ലയിക്കണമെന്നാണ് സിപിഎം നിർദ്ദേശം. അതിനിടെയാണ് ഒരു വിഭാഗം യുഡിഎഫിലേക്ക് പോകുന്നത്.
സംസ്ഥാന കൗൺസിലിൽ സജീവമായി ഇപ്പോഴുള്ള 92 പേരിൽ 61 പേർ പങ്കെടുത്ത കൗൺസിൽ യോഗം തിരഞ്ഞെടുത്ത 50 അംഗ കമ്മിറ്റിയുടെ യോഗമാണ് ചേർന്നതെന്ന് ജോർജ് തോമസ് അവകാശപ്പെട്ടു. 50 അംഗ കമ്മിറ്റിയിൽ 42 പേർ യോഗത്തിന് എത്തിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്താൽ 10 ജില്ലകളിൽ തങ്ങൾക്കു ഭൂരിപക്ഷമുണ്ടെന്നും ഇവർ അവകാശപ്പെട്ടു. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ ബിജെപി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണു പുതിയ തീരുമാനമെന്നു ജോർജ് തോമസ് പറഞ്ഞു. ബിജെപിക്ക് എതിരെ കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിക്കും. വനവികസന കോർപറേഷൻ ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്നും ജോർജ് തോമസ് പറഞ്ഞു.
മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു ഒപ്പമുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നതെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടയിൽ ഔദ്യോഗിക വിഭാഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ നാണു പങ്കെടുക്കുകയും ചെയ്തിരുന്നു. പുറത്താക്കപ്പെട്ടവരുടെ നീക്കം മാത്രമാണെന്നും പാർട്ടി പിളർന്നിട്ടില്ലെന്നുമാണ് ഔദ്യോഗിക നേതൃത്വത്തിന്റെ പ്രതികരണം. അതിനിടെ പാർട്ടിയിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും എന്നാൽ അതിന്റെ ചിലർ പാർട്ടി വിട്ടതിനു തന്റെ പിന്തുണയില്ലെന്നും സി.കെ. നാണു എംഎൽഎ പ്രതികരിച്ചു. പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിലാണു പരിഹരിക്കേണ്ടത്. ഒപ്പമുണ്ടായിരുന്ന ചിലർ വിട്ടുപോകുന്നതിൽ വിഷമമുണ്ട്. അവർ പാർട്ടിയിലേക്കു മടങ്ങിവരണം. എന്തു പ്രശ്‌നമുണ്ടായാലും താൻ ജനതാദൾ എസ്സിൽ ഉറച്ചു നിൽക്കും നാണു പറഞ്ഞു.
ജനതാദൾ (എസ്) പിളർന്നെന്ന രൂപത്തിൽ പ്രചരിക്കുന്ന വാർത്ത വലിയ രാഷ്ട്രീയ തമാശയാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എംഎൽഎ പ്രതികരിച്ചു. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിൽ അഖിലേന്ത്യാ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ആളാണ് സെക്രട്ടറി ജനറൽ എന്നു പറഞ്ഞു മാധ്യമങ്ങളെ കണ്ടത്. വിമത പ്രവർത്തനങ്ങളെ പാർട്ടിയുടെ എല്ലാ സംസ്ഥാന ഭാരവാഹികളും എംഎൽഎമാരും ജില്ലാ പ്രസിഡന്റുമാരും പാർട്ടി ചിഹ്നത്തിൽ വിജയിച്ച മുഴുവൻ ജനപ്രതിനിധികളും യോഗം ചേർന്നു തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. വിഘടിച്ചു നിന്നവരിലെ ചിലർ യുഡിഎഫിലേക്ക് നീങ്ങുന്നതായാണ് മനസ്സിലാകുന്നത്.
അവരുടെയിടയിലെ ഭിന്നതയെ പാർട്ടിയിലെ പിളർപ്പായി ചിത്രീകരിക്കാനുള്ള പരിശ്രമം വൃഥാ വ്യായാമം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കങ്ങളെ എൽജെഡിയും വീക്ഷിക്കുന്നുണ്ട്. ജനതാദള്ളുമായുള്ള ലയനത്തിനുള്ള സാധ്യത ഇല്ലെന്ന് ശ്രേയംസ് കുമാർ തിരിച്ചറിയുന്നുണ്ട്.