തിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമയിലേക്ക് എത്തുന്ന ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രം യാത്രയുടെ ചിത്രീകരണം കഴിഞ്ഞദിവസം മുതൽ തുടങ്ങി. മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിലേക്ക് മമ്മൂട്ടിയെ തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ മഹി രാഘവ്.

കഥയുമായി ചെന്നപ്പോൾ എന്തുകൊണ്ട് തന്നെ തിരഞ്ഞെടുത്തു എന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. മമ്മൂട്ടി തകർത്തഭിനയിച്ച ഒരു സിനിമയുടെ രംഗം വിവരിച്ചാണ് താനത് അദ്ദേഹത്തോട് പറഞ്ഞതെന്ന് മഹി പറയുന്നു. ദളപതി എന്ന ചിത്രത്തിൽ സൂപ്പർതാരം രജനീകാന്തും അരവിന്ദ് സാമിയുമൊത്തുള്ള സീനിലെ പ്രകടനമാണ് തന്നെ മമ്മൂട്ടി എന്ന നടനിലേക്ക് ആകർഷിച്ചതെന്ന് സംവിധായകൻ മറുപടി നൽകി.

ദളപതിയിലെ ദേവരാജനേയും(മമ്മൂട്ടി) അയാളുടെ വലംകൈയായ സൂര്യയേയും(രജനികാന്ത്) തന്റെ ഓഫീസിലേക്ക് കളക്ടർ (അരവിന്ദ് സ്വാമി) വിളിച്ച് വരുത്തുന്നു. അവരുടെ സാമൂഹ്യ വിരുദ്ധപവർത്തനങ്ങൾ നിർത്തണമെന്ന് പറയുന്നു. വാക് തർക്കങ്ങൾക്കൊടുവിൽ മമ്മൂട്ടി പറയുന്ന ഒരു വാചകമുണ്ട്. മുടിയാത്(സാധ്യമല്ല.) ഒരൊറ്റ ഡയലോഗിൽ ആ സീൻ മുഴുവൻ തന്റെ അക്കൗണ്ടിലാക്കാൻ മമ്മൂട്ടിക്ക് സാധിച്ചുവെന്ന് മഹി പറയുന്നു.

രജനിക്കും അരവിന്ദ് സാമിക്കുമിടയിൽ അത്രയേറെ ജ്വലിച്ച് നിന്ന കഥാപാത്രമാണത്. എത്രയേറെ ആളുകളുണ്ടെങ്കിലും ഇതുപോലൊരു പ്രഭാവലയം തീർക്കാൻ കഴിവുള്ളയാ ളായിരുന്നു വൈ.എസ്.ആറും. അതുകൊണ്ടു തന്നെയാണ് തിരക്കഥ രചനയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ആന്ധ്രാ മുഖ്യനായി താൻ മമ്മൂട്ടിയെ കണ്ടതെന്ന് മഹി വ്യക്തമാക്കി.

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നയൻതാരയാണ് നായികയാവുന്നത്. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ൽ കോൺഗ്രസിനെ അധികാരത്തി ലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്.ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. 1998 ൽ പുറത്തിറങ്ങിയ റെയിൽവേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.