- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ ഏറ്റവുമധികം സ്‌നേഹിക്കുന്ന ഈ കളിയിൽനിന്ന് വിരമിക്കുന്നു'; സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡെയ്ൽ സ്റ്റെയ്ൻ; ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കളം ഒഴിയുന്നത് പരുക്കുകൾ നിരന്തരം അലട്ടിയതോടെ
ജൊഹാനാസ്ബർഗ്: സജീവ ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ. 16 വർഷം നീണ്ട കരിയറിൽ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി 20-കളും താരം കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിൽ നിന്നുമായി 699 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
2004ൽ ദക്ഷിണാഫ്രിക്കൻ ജഴ്‌സിയിൽ അരങ്ങേറിയ സ്റ്റെയ്ൻ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 439 വിക്കറ്റുകളും ഏകദിനത്തിൽ 196 വിക്കറ്റുകളും ട്വന്റി20യിൽ 64 വിക്കറ്റുകളും സ്വന്തമാക്കി. ഈ വർഷം മാർച്ചിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിലാണ് താരം ഏറ്റവും ഒടുവിൽ കളിച്ചത്.
2008 മുതൽ 2014 വരെ തുടർച്ചയായി 263 ആഴ്ചകൾ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരമാണ് സ്റ്റെയ്ൻ.
തുടർച്ചയായി പരുക്കുകൾ അലട്ടിയതിനെ തുടർന്ന് ടെസ്റ്റിൽനിന്ന് 2019 ഓഗസ്റ്റിൽ വിരമിച്ചിരുന്നു. 2005ൽ സെഞ്ചൂറിയനിൽ ഏഷ്യൻ ഇലവനെതിരെ ദക്ഷിണാഫ്രിക്കൻ ഇലവനായിട്ടാണ് സ്റ്റെയ്ൻ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറിയത്. 2013ൽ പാക്കിസ്ഥാനെതിരെ പോർട്ട് എലിസബത്തിൽ 39 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുതതാണ് ഏറ്റവും മികച്ച ബോളിങ് പ്രകടനം.
Announcement. pic.twitter.com/ZvOoeFkp8w
- Dale Steyn (@DaleSteyn62) August 31, 2021
2007ൽ ന്യൂസീലൻഡിനെതിരെയായിരന്നു രാജ്യാന്തര ട്വന്റി20 അരങ്ങേറ്റം. കരിയറിലെ രണ്ടാമത്തെ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ മൂന്ന് ഓവറിൽ ഒൻപത് റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതതാണ് ഏറ്റവും മികച്ച ബോളിങ് പ്രകടനം. 2019ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ദക്ഷിണാഫ്രിക്കൻ ജഴ്‌സിയിലെ അവസാന ഏകദിനം. 2020 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയ്ക്കെതിരെ അവസാന ട്വന്റി20 മത്സരവും കളിച്ചു.
'പരിശീലനവും കളികളും യാത്രകളും വിജയവും തോൽവിയും പരുക്കും സന്തോഷങ്ങളും സാഹോദര്യവുമെല്ലാമായി 20 വർഷം പിന്നിട്ടിരിക്കുന്നു. ഒട്ടേറെ നല്ല ഓർമകൾ ബാക്കിയാണ്. ഒട്ടേറെപ്പേരോടു നന്ദി പറയാനുണ്ട്' സ്റ്റെയ്ൻ കുറിച്ചു.
'ഞാൻ ഏറ്റവുമധികം സ്‌നേഹിക്കുന്ന ഈ കളിയിൽനിന്ന് ഇന്ന് വിരമിക്കുകയാണ്. എല്ലാവരോടും നന്ദി പറയുന്നു. കുടുംബാംഗങ്ങളോടും സഹതാരങ്ങളോടും മാധ്യമങ്ങളോടും ആരാധകരോടും നന്ദി അറിയിക്കുന്നു. ഒരുമിച്ചുള്ള ഈ യാത്ര അവിസ്മരണീയമായിരുന്നു' സ്റ്റെയ്ൻ കുറിച്ചു.
ലോക വ്യാപകമായി ഇന്ത്യൻ പ്രിമിയർ ലീഗിൽ ഉൾപ്പെടെ വിവിധ ട്വന്റി20 ലീഗുകളിലും സജീവ സാന്നിധ്യമായിരുന്നു സ്റ്റെയ്ൻ. ഡെക്കാൻ ചാർജേഴ്‌സ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, ബ്രിസ്‌ബെയ്ൻ ഹീറ്റ്, സൺറൈസേഴ്‌സ് ഹൈദരബാദ്, ഗുജറാത്ത് ലയൺസ്, ജമൈക്ക് ടാലവാസ്, കേപ്ടൗൺ നൈറ്റ് റൈഡേഴ്‌സ്, കേപ് ടൗൺ ബ്ലിറ്റ്‌സ്, ഗ്ലാസ്‌ഗോ ജയന്റ്‌സ്, മെൽബൺ സ്റ്റാർസ്, ഇസ്‌ലാമാബാദ് യുണൈറ്റഡ്, കാൻഡി ടസ്‌കേഴ്‌സ്, ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് തുടങ്ങി ഒട്ടേറെ ടീമുകൾക്കായി കളിച്ചു.
സ്പോർട്സ് ഡെസ്ക്