ന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രജ്ഞനും കൗശലക്കാരനുമായ നേതാവാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രമല്ല, പ്രായോഗിക രാഷ്ട്രീയത്തിലും തന്നെക്കഴിഞ്ഞേ ആരുമുള്ളൂ എന്ന് അദ്ദേഹം തെളിയിക്കുകയാണ്. ഗുജറാത്തിലെ ഉനയിൽ ഗോസംരക്ഷകരുടെ ക്രൂരമായ മർദനത്തിന് ഇരയായ നാല് ദളിത് യുവാക്കൾ, സംഘപരിവാർ സംഘടിപ്പിക്കുന്ന ദളിത് റാലിയിൽ പങ്കെടുക്കും.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ദളിത് വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതും ഉനയിൽ ദളിത് യുവാക്കൾ മർദനത്തിന് ഇരയായതും ബിജെപിയെ ദളിത് സമൂഹത്തിൽനിന്ന് അകറ്റിയിരുന്നു. ഇതിനെ മറികടക്കാൻ ബിജെപിക്ക് ഏറ്റവും സഹായകരമായ മാർഗമായി ഈ റാലി മാറുമെന്നുറപ്പാണ്.

റാലി ഉത്തർപ്രദേശിൽ പ്രവേശിക്കുമ്പോഴാണ് നാല് ദളിത് യുവാക്കളും റാലിയിൽ സഹകരിക്കുകയെന്ന് ഭാരതീയ ബൗദ്ധ സംഘിന്റെ അദ്ധ്യക്ഷൻ ഭന്ദേ സംഘ്പ്രിയ രാഹുൽ പറഞ്ഞു. ഹിന്ദു മുഖ്യധാരയിലേക്ക് ദളിതുകളെക്കൂടി കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. സംഘപരിവാറിന്റെ ആക്രമണത്തിന് ഇരയായി എന്ന് പറയുന്നവർതന്നെ റാലിയിൽ പങ്കെടുക്കുമ്പോൾ അത് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നു.

യുപിയിലെ എല്ലാ ഗ്രാമങ്ങളിലൂടെയും യാത്ര കടന്നുപോകും. 10-12 ദിവസം നാല് യുവാക്കളും റാലിയുമായി സഹകരിക്കുമെന്ന് രാഹുൽ പറഞ്ഞു. ഗുജറാത്തിലെ ജുനാഗഢിലാണ് റാലി സമാപിക്കുക. ദളിതുകളെ അവരുടെ വീടുകളിൽച്ചെന്ന് നേരിൽക്കണ്ട് ബിജെപിയിലേക്ക് ആകർഷിക്കുകയാണ് റാലിയുടെ ലക്ഷ്യം.

ഡോ. ബി.ആർ.അംബേദ്കർ ബുദ്ധ മതം സ്വീകരിച്ച ഒക്ടോബർ 14-ന് ഡൽഹിയിലെ അലിപ്പുർ റോഡിൽനിന്നാണ് റാലി തുടങ്ങുന്നത്. എന്നാൽ, ഉനയിൽ മർദനമേറ്റ ദളിത് യുവാക്കളെ റാലിയിൽ പങ്കെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്ന് ദളിത് ആക്ടിവിറ്റ് ജിഗ്നേഷ് മേവാനി പറഞ്ഞു.